കാസർക്കോട് കണ്ണൂരുകാരനായ സർപ്രൈസ് സ്ഥാനാർത്ഥിയുമായി സി.പി.എം, സപ്തഭാഷാ ഭൂമിയിൽ പോരാട്ടം പൊടിപാറും

 

റോഷിത്ത് ഗോപാൽ 

കാസർക്കോട് : ഇക്കുറിയും പൊരിഞ്ഞ പോരാട്ടം നടക്കുമെന്നു പ്രതീക്ഷിക്കുന്ന കാസർകോട് പാർലമെൻ്റ് മണ്ഡലത്തിൽ പുതുമുഖത്തെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാൻ സി.പി.എം. കോൺഗ്രസിനായി മുതിർന്ന നേതാവും സിറ്റിങ് എം.പിയുമായ  രാജ്മോഹൻ ഉണ്ണിത്താൻ തന്നെ വീണ്ടും ഇറങ്ങുമെന്ന് ഉറപ്പായ കാസർകോട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.എൽഎയുമായി ടി.വി. രാജേഷിനെ മത്സരിപ്പിക്കാനാണ് സാധ്യത. കല്യാശേരി മുൻ എം.എൽ.എയായിരുന്ന ടി.വി രാജേഷിന് കാസർകോട് വിപുലമായ ബന്ധങ്ങളുണ്ട്. 

നേരത്തെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചതിനാൽ ന്യൂജനറേഷൻ വോട്ടർമാരിലും ടി.വി രാജേഷിന് സ്വാധീനമുണ്ട്. ഇതൊക്കെ തങ്ങൾക്കനുകൂലമായ വോട്ടായി മാറുമെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.വി രാജേഷ് പാർട്ടി ഔദ്യോഗിക പക്ഷത്തെ നേതാക്കളിലൊരാളാണ്. 

പയ്യന്നൂർ, തൃക്കരിപ്പൂർ, ഉദുമ , ചെറുവത്തൂർ, നീലേശ്വരം എന്നിവിടങ്ങളിലെ ലീഡു കൊണ്ടു മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീഡിനെ മറി കടക്കാമെന്നാണ് എൽ.ഡി.എഫിൻ്റെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് തന്നെ സി.പി.എമ്മിൻ്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ കാസർകോട് കഴിഞ്ഞ തവണ യു.ഡി.എഫ് തരംഗത്തിൽ വമ്പൻ തോൽവിയുണ്ടായത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഇക്കുറി എങ്ങനെയെങ്കിലും മണ്ഡലം തിരിച്ചു പിടിക്കാനുള്ള അതി തീവ്രശ്രമത്തിലുണ് സി.പി.എം.. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ അടർത്തി മാറ്റുന്നതിന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഡോ. വി.പി പി മുസ്തഫയെ മത്സരിപ്പിക്കണമെന്ന ആവശ്യം മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ സി.പി.എം പ്രവർത്തകർ ഉയർത്തുന്നുണ്ട്. 

കഴിഞ്ഞ തവണയും മുസ്തഫയുടെ സ്ഥാനാർത്ഥിത്വം പരിഗണിച്ചിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ കെ.പി സതീഷ് ചന്ദ്രനെ നിയോഗിക്കുകയായിരിന്നു. എന്നാൽ ജനകീയ നേതാവായിട്ടും യു.ഡി.എഫ് തരംഗത്തിന് മുൻപിൽ കെ.പി സതീഷ് ചന്ദ്രന് അടിയറവ് പറയേണ്ടിവന്നു.