വയനാട്ടെ ദയനീയ തോൽവിക്ക് കാരണം സി.പി.എം കാലുവാരിയതാണെന്ന് സി.പി.ഐ നേതാക്കൾ; സ്ഥാനാത്ഥിയുടെ ലഘുലേഖ വിതരണം ചെയ്തില്ലെന്ന ആരോപണം ശക്തമാകുന്നു
വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോൽവിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു.
കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോൽവിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിതല ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളിൽ എൽ.ഡി.എഫിൽ ഇതു പൊട്ടിത്തെറിക്കിടയാക്കുമെന്നാണ് സൂചന.
നേരത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ചു കോൺഗ്രസുമായി കൂട്ടു ചേരണമെന്ന് ആവശ്യപ്പെട്ടവരാണ് കണ്ണുരിലെ സി.പി.ഐ നേതാക്കൾ. കെ.ജയപ്രകാശ് ബാബു വോട് അനുഭാവം പുലർത്തുന്ന ഇവരിൽ പലരും സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം അമിതമായ സി.പി.എം വിധേയത്വം കാണിക്കുന്നുവെന്ന് ആരോപിക്കുന്നവരാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നും സിപിഐ നേതാക്കൾ വിലയിരുത്തുന്നു.
സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് വോട്ടെണ്ണൽ തുടങ്ങി ഒരു മണികൂറിനുള്ളിൽ കാറ്റ് പ്രതികൂലമാണെന്ന് കണ്ട് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്.
വയനാട്ടിലെ പോരാട്ടത്തിന് സത്യൻ മൊകെരിക്കായി സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗിച്ചില്ലെന്നും പ്രവർത്തകർ വീടുകളിൽ ലഘുലേഖ വിതരണം ചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. സി.പി.എം ഓഫിസുകളിൽ സ്ഥാനാർത്ഥിയുടെ ലഘുലേഖകൾ കെട്ടിക്കിടയ്ക്കുകയാണെന്ന ആരോപണം ഉയരുമ്പോൾ മൗനം പാലിക്കുകയാണ് സി.പി.എം നേതൃത്വം.