ദരിദ്രരായി അഭിനയം, സൗജന്യ ബസ്സില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു, അധിക്ഷേപ പരാമര്‍ശവുമായി ഗതാഗത മന്ത്രി സിപി ജോണ്‍, സൗജന്യം നല്‍കിയത് പിന്നെ എന്തിനാണെന്ന് സോഷ്യല്‍ മീഡിയ

പ്രിയദര്‍ശിനി ബസ്സില്‍ സൗജന്യ യാത്രയ്ക്കായി ഓരോ ദിവസവും സ്ത്രീകളുടെ തിരക്കേറുമ്പോള്‍ യാത്രക്കാരെ പരിഹസിച്ച് ഗതാഗത മന്ത്രി സിപി ജോണ്‍.

 

ബസില്‍ സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകള്‍ കുട്ടികളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിവുകിടക്കുമ്പോഴും ഫീസ് നല്‍കി പ്രൈവറ്റ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നു.

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസ്സില്‍ സൗജന്യ യാത്രയ്ക്കായി ഓരോ ദിവസവും സ്ത്രീകളുടെ തിരക്കേറുമ്പോള്‍ യാത്രക്കാരെ പരിഹസിച്ച് ഗതാഗത മന്ത്രി സിപി ജോണ്‍. പണമുണ്ടായിട്ടും സൗജന്യത്തിനായി തിരക്കുകൂട്ടുന്നു എന്ന തരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

ബസില്‍ സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകള്‍ കുട്ടികളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിവുകിടക്കുമ്പോഴും ഫീസ് നല്‍കി പ്രൈവറ്റ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇതേ സ്ത്രീ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പോകില്ല. സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു. ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറുമെന്നും മന്ത്രി പറയുകയുണ്ടായി.

ആളുകള്‍ ദരിദ്രരായി അഭിനയിക്കുന്നു. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്, സി.പി. ജോണ്‍ പറഞ്ഞു.

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സൗജന്യ പദ്ധതി നല്‍കുകയും അത് ഉപയോഗപ്പെടുത്തുന്നവരെ പരിഹസിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് പലരും പ്രതികരിച്ചു. സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത് ഔദാര്യമാണെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചതെന്നും സ്ത്രീവിരുദ്ധത നിറഞ്ഞ ഇത്തരം പരാമര്‍ശങ്ങള്‍ ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.