കാപ്പ ചുമത്തപ്പെട്ടയാള്‍ ജനപ്രതിനിധിയായി തുടരുന്നത് ജനാധിപത്യത്തിന് നാണക്കേട്, സുഗതനെ സംരക്ഷിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും

ബിജെപി നേതാവ് ആര്‍ സുഗതന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആയി തുടരുന്നത് നാണക്കേടാണെന്ന് വിമര്‍ശനം.

 

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുന്നതും, പിന്നീട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജനങ്ങളോടുള്ള വഞ്ചനയാണ്.

തിരുവനന്തപുരം: ബിജെപി നേതാവ് ആര്‍ സുഗതന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആയി തുടരുന്നത് നാണക്കേടാണെന്ന് വിമര്‍ശനം. കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാള്‍ ജനപ്രതിനിധിയായി തുടരുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് തന്നെ വെല്ലുവിളിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സംരക്ഷിക്കാനുള്ള ബിജെപിയുടെ നീക്കം പാര്‍ട്ടിക്ക് തന്നെ വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും.

വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതന്‍ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തപ്പെട്ടത്. എട്ട് വര്‍ഷത്തിനിടെ വധശ്രമം, വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പലതവണ പേര് കേട്ടയാളാണ് സുഗതന്‍. മുമ്പ് 2023, 2025 വര്‍ഷങ്ങളിലും കാപ്പ ചുമത്തിയിരുന്നു.

ബിജെപി ഭരണത്തിലുള്ള കോര്‍പ്പറേഷനില്‍ സുഗതനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം ഗൗരവമുള്ളതാണ്. റിയല്‍ എസ്റ്റേറ്റ്-മണ്ണ് മാഫിയ ബന്ധങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയെല്ലാം സുഗതനുണ്ടെന്നാണ് ആരോപണം. സുഗതന്‍ ജയിലില്‍ ആയതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തത് മൂലം അയോഗ്യതാ വ്യവസ്ഥകള്‍ പ്രകാരം സീറ്റ് ഒഴിയേണ്ടി വരുമെന്ന ആവശ്യവും ശക്തമാണ്.

പ്രതപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്കേറ്റം കഴിഞ്ഞദിവസം കോര്‍പ്പറേഷന്‍ ഹാളിനുള്ളിലും പുറത്തും സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് ബിജെപി അംഗങ്ങള്‍ തമ്മില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനിടെ കൈയ്യാങ്കളി ഉണ്ടാവുകയായിരുന്നു.

ഒരു ജനപ്രതിനിധി ജനങ്ങളുടെ സേവകനായിരിക്കണം. കാപ്പ പോലുള്ള പ്രതിരോധ നിയമം ചുമത്തപ്പെട്ട ഒരാള്‍ സഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് കരിനിഴല്‍ വീഴ്ത്തുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുന്നതും, പിന്നീട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജനങ്ങളോടുള്ള വഞ്ചനയാണ്.

ബിജെപി നേതൃത്വം സുഗതനെതിരെയുള്ള നടപടികളെ രാഷ്ട്രീയ പകപോക്ക് എന്ന് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മുഖം തിരിച്ചുവയ്ക്കലാണ്. ക്രിമിനല്‍ കേസുകള്‍ രാഷ്ട്രീയമായി കാണുന്നത് ജനവിശ്വാസം ഇല്ലാതാക്കും.

ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് സുഗതന്‍ ഉടന്‍ രാജിവെക്കുകയോ, അയോഗ്യനാക്കപ്പെടുകയോ വേണം. ക്രിമിനല്‍ മുഖങ്ങള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് ഏത് പാര്‍ട്ടിക്കും ദീര്‍ഘകാലത്തേക്ക് ഗുണകരമല്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു സ്ഥാപനമാകണം, ക്രിമിനല്‍ വിവാദങ്ങളുടെ കേന്ദ്രമല്ല.