അഴിമതി ആരോപണം ബൂമറാങ് പോലെ ദിവ്യയ്ക്ക് തന്നെ തിരിച്ചടിക്കുന്നു; ജില്ലാ പഞ്ചായത്ത് കരാറുകൾ മുഴുവൻ നൽകിയത് ധർമ്മശാലയിലെ സ്വകാര്യ കമ്പിനിക്ക്
ക്ഷണിക്കാത്ത യാത്രയയപ്പു ചടങ്ങിലെത്തി എ.ഡി.എം നവീന്‍ബാബുവിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെയും അഴിമതി ആരോപണങ്ങൾ ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്നു.
കണ്ണൂര്‍: ക്ഷണിക്കാത്ത യാത്രയയപ്പു ചടങ്ങിലെത്തി എ.ഡി.എം നവീന്‍ബാബുവിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെയും അഴിമതി ആരോപണങ്ങൾ ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്നു. വ്യാജ ആരോപണത്തില്‍ മനംനൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെങ്കില്‍ ദിവ്യയ്‌ക്കെതിരേയുള്ളത് ആരോപണം സാധൂകരിക്കുന്ന തെളിവുകളാണ്.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയ 2021 മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നടന്ന നിര്‍മാണപ്രവൃത്തികളുടെ കരാറിലാണ് അഴിമതി ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്. 2021 മുതല്‍ 24 വരെ ജില്ലാ പഞ്ചായത്തിനുകീഴിൽ നടന്ന പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണങ്ങൾക്കുള്ള കരാര്‍ ലഭിച്ചത് ഒറ്റക്കമ്പനിക്കുമാത്രമാണ് .12 കോടിയിലേറെ രൂപയാണ് വിവിധ നിര്‍മാണപ്രവൃത്തികള്‍ക്കായി മൂന്നുവര്‍ഷത്തിനിടെ ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു പിന്നാലെയാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എം.ഡിയാകട്ടെ ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ഇരിണാവ് ബ്രാഞ്ച് അംഗം മുഹമ്മദ് ആസിഫും. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടുന്ന ഏരിയയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന്റെ ആശീർവാദവും കമ്പനിക്കുണ്ടെന്നറിയുന്നു.
2021 ഓഗസ്റ്റ് ഒന്നിനാണ് കമ്പനി രൂപീകരിച്ചത്. കമ്പനി രൂപീകരിച്ച ശേഷമുള്ള ആദ്യ കരാർ ലഭിച്ചത് ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു. 2022-23 വര്‍ഷത്തില്‍ 46 സ്‌കൂളുകളുടെ പ്രവൃത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വഴി ഈ കമ്പനിക്ക് ലഭിച്ചത്. 2023-24 വര്‍ഷത്തില്‍ 30 സ്‌കൂളുകളുടെ നിർമാണ കരാറുകളും ലഭിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൻ്റെ നിർമാണവും ഈ കമ്പനിക്കു തന്നെയാണ് ലഭിച്ചത്.
കെട്ടിടനിർമാണ സാമഗ്രികൾക്കു പുറമേ മോഡുലാര്‍ ടോയ്ലറ്റും ഇവരുടെ സേവനങ്ങളിൽ പെടുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡി(സിൽക്ക്)നാണ് സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാറുകൾ ലഭിക്കുക.
സിൽക്ക് ഉപകരാറിന് ടെൻഡർ വിളിക്കും. മൂന്നുവർഷമായി ദിവ്യയുടെ സുഹൃത്തിന്റെ കമ്പനിക്കുമാത്രമാണ് ഈ ടെൻഡർ ലഭിക്കുന്നത്. ടെൻഡറിൽ പ്രശസ്തമായ നിരവധി കമ്പനികൾ പങ്കെടുത്തിരുന്നെങ്കിലും ആർക്കും കിട്ടാറില്ലെന്നാണ് സ്ഥിതിവിവര കണക്കുകൾ തെളിയിക്കുന്നത്.