വിവാദം ഒഴിയാതെ കൊട്ടിയൂർ ; ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന സ്ഥലം നികത്തിയതിനെതിരെ പ്രതിഷേധം
ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂർ ക്ഷേത്ര ഭൂമിയിൽ ആചാര ലംഘനം തുടർക്കഥയാവുന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന മണത്തണ വാകയാട് പൊടിക്കളത്തിലെ പവിത്രമായ ദേവസ്ഥാനം മണ്ണിട്ട് നികത്തിയതായ ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
എന്നാൽ, ഇപ്പോൾ ഈ പ്രദേശത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുകയും, സ്ഥലം നികത്തി വാഹന കയറ്റി ദുരുപയോഗം ചെയ്യുകയുമാണെന്നാണ് സ്ഥാനികരായ ഒറ്റപ്പിലാൻ സമുദായം ആരോപിക്കുന്നത്. .
ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂർ ക്ഷേത്ര ഭൂമിയിൽ ആചാര ലംഘനം തുടർക്കഥയാവുന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന മണത്തണ വാകയാട് പൊടിക്കളത്തിലെ പവിത്രമായ ദേവസ്ഥാനം മണ്ണിട്ട് നികത്തിയതായ ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. വാഹനങ്ങൾ കയറ്റുന്നതിനായാണ് ദേവസ്ഥാനത്തിന്റെ ഭാഗത്ത് മണ്ണിട്ട് നികത്തിയതെന്നാണ് ആരോപണം. ഇതോടെ കൊട്ടിയൂരിലെ ആചാരപരമായ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ആചാരലംഘനവും കൈയേറ്റവും നടന്നതായാണ് വിശ്വാസികൾ പറയുന്നത്. കൊട്ടിയൂരിന്റെ ആചാരപാരമ്പര്യവുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ ഭൂമിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.
കൊട്ടിയൂർ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ വിശ്വാസ പ്രാധാന്യമുള്ള പ്രദേശമാണ് വാകയാട് പൊടിക്കളം. ഇവിടെ നടത്താറുള്ള പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങിന് ശേഷമാണ് വൈശാഖ മഹോത്സവത്തിന്റെ പ്രധാന കർമ്മങ്ങളിലേക്ക് കടക്കാറുള്ളത്. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടക്കാറുള്ളത്. അവിലും ശർക്കരയും തേങ്ങയും ഉൾപ്പെടുന്ന പൂജാ സംവിധാനമാണ് ദൈവത്തെ കാണൽ ദിവസം വകയാട്ട് പൊടിക്കളത്തിൽ നടക്കുന്നത്.
കൊട്ടിയൂരിന്റെ നാല് ഊരാളൻമാരെയും സാക്ഷിയാക്കി കുറിച്യസ്ഥാനീകൻ തന്റെ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ഈ ചടങ്ങ്. ഗോത്രാചാരത്തിൽ തുടങ്ങി 'ശൈവ- വൈഷ്ണവ- ശാക്തേയ' ആരാധന രീതികൾ സമന്വയിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ദൈവത്തെ കാണൽ ചടങ്ങോടെയാണ് തുടക്കമാവുന്നത്. കൊട്ടിയൂരിന്റെ അധീനതയിൽ പതിനെട്ടര പൊടിക്കളങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രാമീണരായ കർഷകർ വൈശാഖ മഹോത്സവത്തിന് സമർപ്പിക്കുന്ന നെല്ല് ശേഖരിച്ച് വയ്ക്കുക, വയൽ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പൊടിക്കളങ്ങളിലായിരുന്നു.
ഇങ്ങനെ ശേഖരിക്കുന്ന നെല്ല് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് 'ദൈവത്തെ കാണൽ' ചടങ്ങോടുകൂടിയായിരുന്നു. ഇങ്ങനെ സ്വീകരിക്കുന്ന നെല്ല് പത്തായപ്പുരകളിൽ എത്തേണ്ടതുണ്ട്. പത്തായപ്പുരകളിൽ നിന്നും ഇക്കരെ ക്ഷേത്രത്തിലെത്തുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി വിവിധ ആവശ്യങ്ങളിലേക്ക് തരം തിരിക്കുന്നത് 'പ്രക്കൂഴം' ദിവസമാണ്. പതിനെട്ടര പൊടിക്കളങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മണത്തണയിലെ വാകയാട്ട് പൊടിക്കളം. പത്തായപ്പുരകളും, പൊടിക്കളങ്ങളിൽ പലതും ഇന്ന് ഇല്ലാതായെങ്കിലും വാകയാട്ടെ പൊടിക്കളത്തിൽ നടക്കുന്ന ഗോത്രാചാര ചടങ്ങിന് പ്രാധാന്യം ഏറെയാണ്.
എന്നാൽ, ഇപ്പോൾ ഈ പ്രദേശത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുകയും, സ്ഥലം നികത്തി വാഹന കയറ്റി ദുരുപയോഗം ചെയ്യുകയുമാണെന്നാണ് സ്ഥാനികരായ ഒറ്റപ്പിലാൻ സമുദായം ആരോപിക്കുന്നത്. ദേവസ്ഥാനത്തിന്റെ വിശുദ്ധി തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, മണ്ണ് മാറ്റി സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്നും ബൈയന്തരവൻ ദാരപ്പൻ , ജയൻ,സജി, ശ്രീജിത്ത്,ബിനീഷ് എന്നിവർ ആവശ്യപ്പെട്ടു.
കാലങ്ങളായി ആചരിച്ചും നിലനിർത്തിപ്പോരുന്നതുമായ പൗരാണിക ആചാരാനുഷ്ഠാനങ്ങളിൽ ഓരോന്നായി മാറ്റം വരുത്തുന്നത് ഭക്തരിൽ വലിയ ആശങ്കയാണ് സൃഷ്ട്ടിക്കുന്നത്. അടുത്തിടെ ഇക്കരെ കൊട്ടിയൂരിലെ ആയില്യാർകാവ് വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച് മരങ്ങൾ വെട്ടി നശിപ്പിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
വിശ്വാസികൾ വിശുദ്ധ ഭൂമിയായി കാണുന്ന കൊട്ടിയൂരിൽ അതിന് കളങ്കം വരുത്തുന്ന വാർത്തകളാണ് നിരന്തരമായി പുറത്ത് വരുന്നത്. ഈ ഭൂമിയുടെ പരിപാവനതയും വിശുദ്ധിയും കാത്തു സൂക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ കാട്ടുന്ന ഉദ്ദാസീനത വിശ്വാസികളിൽ ആശങ്ക ഉയർത്തുകയാണ്. പ്രകൃതിയോട് ചേർന്ന ഒരു ആരാധനാ ക്രമവും ആചാരങ്ങളും നിലനിൽക്കുന്ന കൊട്ടിയൂരിനെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കൊട്ടിയൂർ വൈശാഖോത്സവം , ഇതു കൊണ്ട് തന്നെയാണ് വർഷം തോറും അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം ലക്ഷക്കമക്കിന് ഭക്തർ ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഈ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാവാൻ പാടില്ലെന്ന അഭ്യർത്ഥനയാണ് ഭക്തർക്കുള്ളത്.