കുട്ടികളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കില്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കാതിരിക്കുക; പിന്നാമ്പുറത്ത് ചതിക്കുഴികള്‍; നിയന്ത്രണം മാഫിയയുടെ കൈയ്യില്‍

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വിലയിരുത്തപ്പെടുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാപ്രതിഭയാല്‍ സമ്പന്നമാക്കുന്ന കലോത്സവം ഇന്ന് നിയന്ത്രിക്കുന്നത് മാഫിയകളാണ്.

 

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വിലയിരുത്തപ്പെടുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാപ്രതിഭയാല്‍ സമ്പന്നമാക്കുന്ന കലോത്സവം ഇന്ന് നിയന്ത്രിക്കുന്നത് മാഫിയകളാണ്. ഒട്ടേറെ കലാകാരന്മാരെ നമുക്ക് ലഭിച്ചയിടമാണ് സ്‌കൂള്‍ കലോത്സവങ്ങള്‍. എന്നാല്‍, അതിനേക്കാള്‍ എത്രയോ ഉപരി കലാപ്രതിഭകള്‍ കൗമാരത്തില്‍ തന്നെ കൊഴിഞ്ഞുപോകുന്നതിന് ഈ കലോത്സവം കാരണമാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

കലാപ്രകടനങ്ങള്‍ മാറ്റുരയ്ക്കുന്ന വേദികളിലേക്ക് ജയവും ഗ്രേസ്മാര്‍ക്കും ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികളെത്തിത്തുടങ്ങിയതോടെ കലോത്സവങ്ങളുടെ നിയന്ത്രണം മാഫിയകളുടെ കൈകളിലാണ്. ജഡ്ജസും പരിശീലകരും ഏജന്റുമാരുമെല്ലാം കൈകോര്‍ക്കുന്ന വലിയൊരു ശൃംഘലയാണ് ആരു ജയിക്കണം ആരു തോല്‍ക്കണമെന്ന് തീരുമാനിക്കുന്നത്. എല്ലാ മത്സര ഇനങ്ങളിലും ഇതല്ല സ്ഥിതിയെങ്കിലും ഭൂരിഭാഗം ഇനങ്ങളിലും മത്സരഫലം തീരുമാനിക്കപ്പെടുന്നത് നീതിപൂര്‍വമല്ലതെന്നതാണ് യാഥാര്‍ത്ഥ്യം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞ ചില വര്‍ഷങ്ങളിലായി വിവാദമില്ലാതെ കടന്നുപോകാറില്ല. വിജയിയെ തീരുമാനിക്കുന്ന മാനദണ്ഡം പൂര്‍ണമായും ജഡ്ജസിന്റെ അധീനതയിലാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്തുന്നവരെ പിന്തള്ളുന്നത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നു. കലയെക്കുറിച്ച് പൂര്‍ണമായി അറിവില്ലാത്ത ജഡ്ജസ് മാര്‍ക്കിടാന്‍ എത്തുന്നത് മാത്രമല്ല, ഈ രംഗത്ത് നടക്കുന്ന അഴിമതി ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സബ്ജില്ലാതലം മുതല്‍ ജഡ്ജസുമാരുടെ വിചിത്രമായ തീരുമാനങ്ങള്‍ കാണാം. കാണികളും പരിശീലകരും അധ്യാപകരുമെല്ലാം ഒരേസ്വരത്തില്‍ ഒന്നാമതെത്തുമെന്ന് ഉറപ്പിക്കുന്ന വിദ്യാര്‍ത്ഥി അഞ്ചാംസ്ഥാനത്തിനും പിറകിലെത്തുന്ന മായാജാലം അമ്പരപ്പിക്കുന്നതാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശംപോലും നിഷേധിക്കുന്ന രീതിയിലാണ് പുറന്തള്ളുക. ആ വിദ്യാര്‍ത്ഥി ഒരു കാരണവശാലും ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ അപ്പീലുമായി എത്തരുതെന്ന് ജഡ്ജസ് ഉറപ്പിക്കും.

സബ്ജില്ലാ തലത്തില്‍ അപ്പീല്‍ നല്‍കണമെങ്കില്‍ നല്ലൊരു തുക ഫീസടക്കണം. എത്ര മികച്ച പ്രകടനം നടത്തിയാലും ആദ്യ മൂന്നു സ്ഥാനക്കാരല്ലെങ്കില്‍ അപ്പീല്‍ അനുവദിക്കില്ല. കൂടാതെ, അപ്പീല്‍ വേളയില്‍ ജഡ്ജസിന്റെ തീരുമാനത്തെ വിമര്‍ശിച്ചാല്‍ ആ കുട്ടിക്കെതിരെ പിന്നീടുള്ള വര്‍ഷങ്ങളില്‍ പോലും പകപോക്കലുണ്ടായ സംഭവങ്ങളുണ്ട്. 

കലോത്സവത്തിന് ജയം ഉറപ്പിക്കണമെങ്കില്‍ ഏജന്റുമാരുടെ സഹായം വേണമെന്ന സ്ഥിതിയാണ് ഇപ്പോള്‍. വന്‍ തുകയാണ് ഓരോ മത്സരത്തിനുമുള്ള തയ്യാറെടുപ്പിനായി വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത്. ചില മത്സരയിനങ്ങള്‍ക്ക് ഒന്നരലക്ഷത്തോളം രൂപയാണ് വേദിയിലെത്താന്‍ ചെലവാകുന്നത്. ഇതുകൂടാതെ മത്സരഫലം അനുകൂലമാകണമെങ്കില്‍ ഏജന്റുമാര്‍ മുഖാന്തിരം പതിനായിരങ്ങള്‍ കോഴകൊടുക്കേണ്ട സ്ഥിതിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

കലോത്സവങ്ങളിലെ കോഴക്കഥകള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. എല്ലാ വര്‍ഷവും പരാതി ഉയരാറുമുണ്ട്. എന്നാല്‍, കോഴ നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനമില്ല. നേരത്തെ കോഴ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മുഴുവന്‍ വിധികര്‍ത്താക്കളുടെയും ഫോണ്‍ നമ്പറുകളും വിവരങ്ങളും വിജിലന്‍സ് ശേഖരിച്ച് നിരീക്ഷിച്ചിരുന്നു.

ഇടവേളകളിലെ ഫോണ്‍ വിളിവഴിയാണ് ഫലം ഉറപ്പിക്കലെന്ന ഏജന്റുമാരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നീക്കം നടത്തിയത്. കലോത്സവുമായി ബന്ധപ്പെട്ട സംഘാടകര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു. ഇഷ്ടക്കാര്‍ക്ക് സമ്മാനം നല്‍കുന്ന രീതി ഒഴിവാക്കാന്‍ ഈ സംവിധാനം വഴിയും സാധിച്ചില്ല. 

സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പോലും ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് കോഴ ആവശ്യപ്പെട്ടതായി അടുത്തിടെ ഒരു നൃത്ത അധ്യാപിക പരാതിപ്പെട്ടിരുന്നു. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടുവെന്നും അധ്യാപിക പറയുന്നു. ജഡ്ജസായി നിയമിക്കാന്‍ ലക്ഷങ്ങള്‍ നല്‍കുന്നവരുമുണ്ട്. വിധികര്‍ത്താവായിക്കഴിഞ്ഞാല്‍ ഏജന്റുമാര്‍ മുഖാന്തിരം മത്സരാര്‍ത്ഥികളുടെ പരിശീലകരേയും മറ്റും ബന്ധപ്പെട്ട് കോഴയുറപ്പിക്കുകയാണ് ഇവരുടെ രീതി.

നിലവാരമില്ലാത്തവരാണ് ജഡ്ജസുമാരായി എത്തുന്നതെന്ന പരാതിയും വ്യാപകമാണ്. മോഹിനിയാട്ടത്തിനും കഥകളിക്കും കുച്ചുപ്പുടിക്കുമെല്ലാം ഒരേ ജഡ്ജസുമാരാണ് മാര്‍ക്കിടുന്നതെന്നും ആരോപണമുണ്ട്. കൂടാതെ, സബ്ജില്ലാ തലത്തിലും മറ്റും ചില ഇനങ്ങളില്‍ വര്‍ഷങ്ങളോളം ഒരേ ജഡ്ജസുമാര്‍ എത്തുന്നത് കോഴക്കളിക്ക് അവസരമൊരുക്കുന്നു. ഏതെങ്കിലും ഒരു വര്‍ഷം പിറകിലായ കുട്ടികളെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പിന്നിലാക്കുന്നതും ഇതേ ജഡ്ജസുമാര്‍തന്നെ.

സര്‍ക്കാരിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് കോഴ മാഫിയയുടെ കലോത്സവത്തിലെ ഇടപെടലുകള്‍. പണമുള്ള രക്ഷിതാക്കള്‍ ഏതുവിധത്തിലും കുട്ടികള്‍ക്ക് ഒന്നാം സ്ഥാനമുറപ്പിക്കാന്‍ തയ്യാറാണ്. സിനിമയും മറ്റും ലക്ഷ്യമാക്കിയിറങ്ങുന്നവര്‍ക്കും കോഴകൊടുക്കാന്‍ മടിയില്ല. ലക്ഷങ്ങള്‍ മുടക്കി വേദിയിലെത്തുമ്പോല്‍ അതിലൊരു തുക കോഴയ്ക്കായി നല്‍കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരുമുണ്ട്.

പണം നല്‍കി ഒരുവിഭാഗം ജയം ഉറപ്പിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടും നിരാശപ്പെടേണ്ടിവരുന്ന കുട്ടികളുണ്ട്. ഈ കുട്ടികള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം വലുതാണ്. കലോത്സവത്തില്‍ പങ്കെടുത്ത് പരാജയപ്പെടുന്ന നിരാശയില്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും പിന്നിലായിപ്പോകുന്ന കുട്ടികളുണ്ട്. ഈ കുട്ടികള്‍ ഇരകളാക്കപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ കുട്ടികളോട് അല്‍പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍, അവരുടെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കലോത്സവ വേദികളിലെ ചതിക്കുഴികളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും പരാജയത്തെ മറികടക്കാന്‍ പ്രാപ്തരാക്കുകയും വേണം. അതല്ലെങ്കില്‍ ആ കുട്ടികളെ ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കുകയായും ഉചിതം.

മറ്റൊരു സംസ്ഥാന കലോത്സവം അടുത്തുവരവെ കോഴയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എത്രമാത്രം കഴിയുമെന്നത് കണ്ടറിയേണ്ടതാണ്. യഥാര്‍ത്ഥ വിജയിക്ക് തന്നെ ഒന്നാം സ്ഥാനം ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ ചുമതലയാണ്. കോഴവാങ്ങുന്ന ജഡ്ജസുമാരെ വിലക്കുകയും നിയമനടപടിയെടുക്കുകയും വേണം. കലോത്സവങ്ങള്‍ അഴിമതി മുക്തമാകാന്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും നിരീക്ഷിക്കുകയും ചെയ്ത് പ്രതിഭകളായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം.