പണമുണ്ടെങ്കില്‍ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കൂ, ബാങ്ക് പലിശയേക്കാള്‍ ഇരട്ടി ലാഭം

ഇന്ത്യയില്‍ നിക്ഷേപശീലം ഉയരുകയാണെന്നാണ് കഴിഞ്ഞചില നാളുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപ ഓപ്ഷനുകളും നിക്ഷേപകരെ അവരുടെ പോര്‍ട്ട്‌ഫോളിയോ വിശാലമാക്കാനും ശരിയായ നിക്ഷേപം നടത്താനും സഹായിച്ചിട്ടുണ്ട്.
 

ഇന്ത്യയില്‍ നിക്ഷേപശീലം ഉയരുകയാണെന്നാണ് കഴിഞ്ഞചില നാളുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപ ഓപ്ഷനുകളും നിക്ഷേപകരെ അവരുടെ പോര്‍ട്ട്‌ഫോളിയോ വിശാലമാക്കാനും ശരിയായ നിക്ഷേപം നടത്താനും സഹായിച്ചിട്ടുണ്ട്. നിക്ഷേപങ്ങളില്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറിയിട്ടുണ്ട്. ദിവസേനയുള്ള വിലക്കയറ്റവും സ്ഥിരതയുമാണ് സ്വര്‍ണം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണം.

2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏകദേശം 25% ഉം 2024 ല്‍ ഇതുവരെ 12% ഉം സ്വര്‍ണ നിക്ഷേപം ഉയര്‍ന്നു. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് ഒരു നല്ല ഓപ്ഷനാണ് എന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സമ്പത്ത് സംരക്ഷിക്കാന്‍ സ്വര്‍ണത്തിന് സാധിക്കും. പണപ്പെരുപ്പം കറന്‍സിയുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കും, എന്നാല്‍, സ്വര്‍ണം വിശ്വസനീയമായ നിക്ഷേപമായി നിലകൊള്ളുന്നു.

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്ഥിരത പ്രദാനം ചെയ്യുന്ന നിക്ഷേപമാണ് സ്വര്‍ണം. മറ്റ് ആസ്തികളെ അപേക്ഷിച്ച് സ്വര്‍ണത്തിന് താരതമ്യേന കുറഞ്ഞ അപകടസാധ്യതകളാണുള്ളത്. കമ്പനികളുടെ പ്രകടനവുമായോ സാമ്പത്തിക സൂചകങ്ങളുമായോ അതിന്റെ മൂല്യം ബന്ധപ്പെട്ടിട്ടില്ല. സ്വര്‍ണത്തിന് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യത കുറവാണ്.

മറ്റ് നിക്ഷേപങ്ങളില്‍ ചാഞ്ചാട്ടം അനുഭവിക്കുമ്പോഴും സ്വര്‍ണത്തിന്റെ മൊത്തത്തിലുള്ള മൂല്യം അതേപടി നിലനില്‍ക്കും. ഈ സ്ഥിരത, അപകടസാധ്യത ലഘൂകരിക്കാനും സമതുലിതമായ പോര്‍ട്ട്ഫോളിയോ നിലനിര്‍ത്താനും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് സ്വര്‍ണത്തെ ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റുന്നു.

സ്വര്‍ണ്ണത്തിന്റെ മറ്റൊരു പ്രധാന നേട്ടം അതിന്റെ ഉയര്‍ന്ന ദ്രവ്യതയാണ്. ആവശ്യാനുസരണം സ്വര്‍ണം വേഗത്തിലും എളുപ്പത്തിലും പണമാക്കി മാറ്റാന്‍ സാധിക്കും. ഈ പണലഭ്യത നിക്ഷേപകര്‍ക്ക് ആശ്വാസകരമാണ്. അവരുടെ ആസ്തികള്‍ സാമ്പത്തിക ആവശ്യങ്ങളിലോ വിപണിയിലെ പ്രതിസന്ധിയിലോ എളുപ്പത്തില്‍ പണമാക്കിമാറ്റാമെന്ന ആത്മവിശ്വാസം നിക്ഷേപകര്‍ക്കുണ്ടാകും.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍, അല്ലെങ്കില്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെ സ്വര്‍ണ വിപണിയില്‍ പ്രവേശിക്കാന്‍ ഒട്ടേറെ വഴികളുണ്ട്. തുടക്കക്കാര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് വിപണി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ചെറുതായി ആരംഭിച്ചശേഷം പിന്നീട് ദീര്‍ഘകാല നിക്ഷേപമായി സ്വര്‍ണം മാറ്റിയെടുക്കാം.