വഞ്ചനയിലൂടെ നേടിയ സമ്മതവും ബലാത്സംഗക്കുറ്റവും – സുപ്രീം കോടതി വ്യക്തമാക്കിയ നിയമതത്വങ്ങൾ

ഇന്ത്യൻ ശിക്ഷാനിയമത്തിലും (IPC) നിലവിലെ ഭാരതീയ ന്യായ സംഹിതയിലും (BNS) സമ്മതം (Consent) എന്നത് ബലാത്സംഗക്കുറ്റം നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. എന്നാൽ, എല്ലാ സമ്മതങ്ങളും നിയമപരമായി സാധുവാകണമെന്നില്ല. വഞ്ചനയിലൂടെയോ തെറ്റിദ്ധരിപ്പിക്കലിലൂടെയോ വ്യാജ വാഗ്ദാനങ്ങളിലൂടെയോ നേടിയ സമ്മതം ചില സാഹചര്യങ്ങളിൽ നിയമപരമായി അസാധുവാകാം.

 

ഇന്ത്യൻ ശിക്ഷാനിയമത്തിലും (IPC) നിലവിലെ ഭാരതീയ ന്യായ സംഹിതയിലും (BNS) സമ്മതം (Consent) എന്നത് ബലാത്സംഗക്കുറ്റം നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. എന്നാൽ, എല്ലാ സമ്മതങ്ങളും നിയമപരമായി സാധുവാകണമെന്നില്ല. വഞ്ചനയിലൂടെയോ തെറ്റിദ്ധരിപ്പിക്കലിലൂടെയോ വ്യാജ വാഗ്ദാനങ്ങളിലൂടെയോ നേടിയ സമ്മതം ചില സാഹചര്യങ്ങളിൽ നിയമപരമായി അസാധുവാകാം. അത്തരം സാഹചര്യങ്ങളിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി നിരവധി വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

'വ്യാജ വിവാഹവാഗ്ദാനം' എപ്പോൾ ബലാത്സംഗക്കുറ്റമാകും?

Pramod Suryabhan Pawar v. State of Maharashtra (2019) കേസിൽ സുപ്രീം കോടതി നിർണായകമായ ഒരു തത്വം വ്യക്തമാക്കി: വിവാഹം കഴിക്കുമെന്ന വാഗ്ദാനം ആരംഭം മുതൽ തന്നെ വ്യാജമായിരുന്നുവെന്നും, സ്ത്രീയെ ലൈംഗികബന്ധത്തിന് സമ്മതിപ്പിക്കാൻ വേണ്ടിയുള്ള തട്ടിപ്പായിരുന്നുവെന്നും തെളിയിക്കാനായാൽ, ആ സമ്മതം 'misconception of fact' മൂലം ലഭിച്ചതായി കണക്കാക്കും. അത്തരം സമ്മതം നിയമപരമായി സാധുവല്ല; ബലാത്സംഗക്കുറ്റം നിലനിൽക്കാം.എന്നാൽ, പിന്നീട് ചില കാരണങ്ങളാൽ വിവാഹം നടക്കാതെ പോയത് മാത്രം ബലാത്സംഗക്കുറ്റമാക്കാൻ മതിയാകില്ല. 


സുപ്രീം കോടതി വരച്ച നിയമപരമായ അതിർവരമ്പ്

Deepak Gulati v. State of Haryana (2013) കേസിൽ കോടതി വ്യക്തമാക്കിയത്:

'False Promise' (ആരംഭം മുതൽ വ്യാജമായ വാഗ്ദാനം)യും 'Breach of Promise' (ആത്മാർത്ഥമായി നൽകിയ വാഗ്ദാനം പിന്നീട് പാലിക്കാനാകാതെ പോകുന്നത്)യും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളാണ്.പ്രതിക്ക് തുടക്കം മുതൽ വിവാഹം കഴിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും, ലൈംഗികബന്ധം സ്ഥാപിക്കാനായി മാത്രം വാഗ്ദാനം നൽകിയതാണെന്നും തെളിഞ്ഞാൽ മാത്രമേ ബലാത്സംഗക്കുറ്റം നിലനിൽക്കൂ. അല്ലാത്തപക്ഷം അത് എല്ലാ സാഹചര്യങ്ങളിലും ബലാത്സംഗമാകില്ല. 

തെളിവുകളുടെ പ്രാധാന്യം

കോടതി ഓരോ കേസിലും പരിശോധിക്കുന്നത്: വാഗ്ദാനം നൽകിയ സമയത്ത് പ്രതിയുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു? സ്ത്രീയുടെ സമ്മതത്തിന് ഏക കാരണം ആ വ്യാജ വാഗ്ദാനമായിരുന്നോ?വഞ്ചനയും ലൈംഗികബന്ധത്തിനുള്ള സമ്മതവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കുന്നത്. 

ബലാത്സംഗം എന്ന കുറ്റകൃത്യം ബലപ്രയോഗത്തിലൂടെ മാത്രം സംഭവിക്കുന്നതല്ല. വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, അല്ലെങ്കിൽ തുടക്കം മുതൽ വ്യാജമായ വാഗ്ദാനത്തിലൂടെ നേടിയ സമ്മതം നിയമപരമായി അസാധുവാണെന്ന് തെളിയുന്ന സാഹചര്യങ്ങളിൽ ബലാത്സംഗക്കുറ്റം നിലനിൽക്കാം. എന്നാൽ, എല്ലാ പരാജയപ്പെട്ട പ്രണയബന്ധങ്ങളും അല്ലെങ്കിൽ എല്ലാ വിവാഹവാഗ്ദാന ലംഘനങ്ങളും ബലാത്സംഗമല്ല; ഓരോ കേസിന്റെയും വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനം എടുക്കുന്നത്.