വയനാടിനായി കോണ്‍ഗ്രസ് പിരിച്ച കോടിക്കണക്കിന് രൂപ എവിടെ, സംയുക്ത അക്കൗണ്ടിലും പണമില്ല, ഒരു വീടുപോലും എടുത്തില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെലവഴിച്ചെന്ന് സംശയം

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിന്ന് മായാത്തതാണ്.

 

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാലത്ത് പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന സംശയവും ഉയര്‍ന്നുവരികയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഈ പണം ഉപയോഗിച്ചെന്നാണ് സംശയം.

കോഴിക്കോട്: വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിന്ന് മായാത്തതാണ്. 2024-ലെ ദുരന്തത്തിന് ശേഷം രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവര്‍ ദുരിതബാധിതരെ സഹായിക്കാന്‍ ആരംഭിച്ച ആപ്പിലൂടെ പിരിച്ച പണത്തിന്റെ കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

രാഹുല്‍ ഗാന്ധി 100 വീടുകള്‍, കോണ്‍ഗ്രസ് 100 വീടുകള്‍, യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ ഇങ്ങനെ നൂറുകണക്കിന് വീടുകള്‍ വാഗ്ദാനം ചെയ്തു. പ്രത്യേക ആപ്പ്, സമ്മാനക്കൂപ്പണുകള്‍, മണ്ഡലം കമ്മിറ്റികള്‍ വഴി കോടിക്കണക്കിന് രൂപയാണ് പിരിച്ചത്. എന്നാല്‍, ഒന്നര വര്‍ഷത്തിനു ശേഷവും ഒരു വീടും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴിതാ ആ പണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംയുക്ത അക്കൗണ്ടിലും കാണാനില്ല.

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാലത്ത് പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന സംശയവും ഉയര്‍ന്നുവരികയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഈ പണം ഉപയോഗിച്ചെന്നാണ് സംശയം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും തങ്ങളുടെ സംയുക്ത ബാങ്ക് അക്കൗണ്ടില്‍ ഫണ്ട് സുരക്ഷിതമാണ് എന്ന വാദമാണ് ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് സൈബര്‍ സെല്ലുകളും ഇത് ആയുധമാക്കി. എന്നാല്‍, ഇരുവരുടെയും നാമനിര്‍ദേശ പത്രികയിലെ സ്വത്തുവിവരങ്ങള്‍ പുറത്തുവന്നതോടെ കഥ മാറി. സതീശന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 51,78,286 രൂപ മാത്രം. സണ്ണി ജോസഫിന്റേത് 24,526 രൂപ. സംയുക്ത അക്കൗണ്ടിനെക്കുറിച്ചോ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തെക്കുറിച്ചോ പത്രികയില്‍ ഒരു പരാമര്‍ശവുമില്ല. എഐസിസി (ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി) ബാലന്‍സ് ഷീറ്റിലും ഈ ഫണ്ടിന്റെ പേരിലുള്ള തുകയില്ല.

ഇപ്പോഴും വയനാട്ടില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, പിരിച്ച ഫണ്ട് പോലും എവിടെയാണെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫണ്ട് വിവാദം എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ദുരിതബാധിതരുടെ ഫണ്ട് അപ്രത്യക്ഷമായത് ഏതു പാര്‍ട്ടിക്കും നാണക്കേടാണ്. സുതാര്യമായ ഓഡിറ്റും പൊതുജനത്തിന് മുന്നില്‍ കണക്കുകള്‍ പുറത്തുവിട്ടും മാത്രമേ വിശ്വാസം തിരിച്ചു പിടിക്കാനാവൂ.