കൊച്ചി മേയര്‍ സ്ഥാനം ജാതി മത അടിസ്ഥാനത്തില്‍ വീതംവെച്ച് കോണ്‍ഗ്രസ്, 5 വര്‍ഷത്തിനുള്ളില്‍ നാലുപേര്‍ക്ക് അവസരം, തെരഞ്ഞെടുപ്പിന് മുന്നില്‍ നിര്‍ത്തിയ ദീപ്തിയെ ജയം നേടിയതോടെ ഒതുക്കി
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നതിനു ശേഷം കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ജാതിമതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വീതംവെപ്പ് നടത്തിയെന്ന് ആരോപണം.
മേയര്‍ സ്ഥാനം ദീപ്തി മേരി വര്‍ഗീസിന് നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പേ ഉള്ള പ്രചാരണം. ദീപ്തിയെ മുന്നില്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയതും.
കൊച്ചി: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നതിനു ശേഷം കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ജാതിമതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വീതംവെപ്പ് നടത്തിയെന്ന് ആരോപണം. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കോര്‍പ്പറേഷനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് യുഡിഎഫ് കരുക്കള്‍ നീക്കുന്നത്.
മേയര്‍ സ്ഥാനം ദീപ്തി മേരി വര്‍ഗീസിന് നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പേ ഉള്ള പ്രചാരണം. ദീപ്തിയെ മുന്നില്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയതും. എന്നാല്‍, തെരഞ്ഞെടുപ്പിന് പിന്നാലെ സമുദായ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ കോണ്‍ഗ്രസ് ടേം അടിസ്ഥാനത്തില്‍ മേയറേയും ഡെപ്യൂട്ടി മേയറേയും തീരുമാനിക്കുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ വികെ മിനിമോളാണ് ആദ്യ ടേമില്‍ രണ്ടരവര്‍ഷം മേയറാവുക. ശേഷം മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു ചെയര്‍മാനാകും. ആദ്യ ടേമില്‍ ദീപക് ജോയിയും രണ്ടാം ടേമില്‍ കെവിപി കൃഷ്ണകുമാറും ഡെപ്യൂട്ടി മേയര്‍മാരാകും.
വരാപ്പുഴ അതിരൂപതയുടെ നോമിനിയാണ് മിനിമോള്‍. കൊച്ചി രൂപതയുടെ നോമിനിയായ ഷൈനി രണ്ടാം ടേമിലെത്തും. ഇരുവരും ലത്തീന്‍ കത്തോലിക്കരാണെന്ന പ്രത്യേകതയുണ്ട്.
ജാതി മത അടിസ്ഥാനത്തിലുള്ള വീതംവെപ്പും, പാര്‍ട്ടിയിലെ വിഭാഗീയതയും, ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കിയതുമെല്ലാം ചേര്‍ന്ന് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അജയ് തറയിലിനെ പോലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ദീപ്തിയെ തഴഞ്ഞതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ദീപ്തി, എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രഥമ പരിഗണന എന്ന കെപിസിസി തീരുമാനത്തിന് എതിരായാണ് കൊച്ചിയിലെ പ്രഖ്യാപനം.
കോണ്‍ഗ്രസ് നേടിയ 36 ഡിവിഷനുകളില്‍ 18-ഉം ലത്തീന്‍ സമുദായക്കാരാണ്, ഇതോടെയാണ് ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെ മേയറാക്കണമെന്ന ആവശ്യം ശക്തമായത്. ലത്തീന്‍ ചര്‍ച്ചിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചതോടെ ദീപ്തിയെ ഒഴിവാക്കി.
ദീപ്തി ഫ്രണ്ട് റണ്ണറായിരുന്നെങ്കിലും, സമുദായ ഘടകങ്ങളും പാര്‍ട്ടി വിഭാഗീയതയും കാരണമാണ് അവരെ തഴയാനുള്ള കാരണം. ജാതി മത വീതംവെപ്പ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്നാണ് ഇനി കാണേണ്ടത്.
ദീപ്തി അനുകൂല ചേരി കടുത്ത നിരാശയിലാണ്. മറ്റ് കോര്‍പറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തിരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. കൗണ്‍സിലര്‍മാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വര്‍ഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.