സിപിഎമ്മിനെതിരായ ബോംബ്, രാഹുലിനെ രക്ഷിക്കാന്‍ സ്വപ്‌നയെ വീണ്ടും രംഗത്തിറക്കും? കോടികളുടെ വാഗ്ദാനം, ലക്ഷ്യം നേതാക്കളും വീണാ വിജയനും, കോണ്‍ഗ്രസ് യുദ്ധത്തിന് കച്ചകെട്ടുന്നു
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ പ്രതിസന്ധി മറികടക്കാന്‍ സ്വപ്‌ന സുരേഷിനെ എത്തിക്കാന്‍ രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
സ്വപ്‌ന ജയിലില്‍ നിന്നും ഇറങ്ങിയശേഷം സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെങ്കിലും അതിനൊന്നും തെളിവുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ പ്രതിസന്ധി മറികടക്കാന്‍ സ്വപ്‌ന സുരേഷിനെ എത്തിക്കാന്‍ രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സ്വപ്‌നയ്ക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
സ്വപ്‌ന ജയിലില്‍ നിന്നും ഇറങ്ങിയശേഷം സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെങ്കിലും അതിനൊന്നും തെളിവുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫും ബിജെപിയും ഈ ആരോപണം ഏറ്റെടുത്ത് കനത്ത പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഫലവത്തായില്ല. രാഹുലിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വപ്‌നയെ വീണ്ടും രംഗത്തിറങ്ങിയാല്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
മുന്‍ മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ അനുചിതമായ സന്ദേശങ്ങള്‍ അയച്ചെന്ന് സ്വപ്‌ന നേരത്തെ ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കിയെന്നും സ്വപ്‌ന ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, കെ.ടി. ജലീല്‍ തുടങ്ങിയവര്‍ക്കെതിരേയും പലതവണ സ്വപ്‌ന പലതരത്തിലുള്ള ആരോപണം ഉന്നയിച്ചു. എന്നാല്‍, തെളിവില്ലാത്ത ആരോപണങ്ങള്‍ പതിവായതോടെ അവരുടെ ക്രഡിബിലിറ്റിയും നഷ്ടമായി. പലരും സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസും കൊടുത്തു.
നേരത്തെ സ്വപ്‌ന ആരോപിക്കുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത കാര്യങ്ങളാണ് വീണ്ടും പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. രാഹുലിനെതിരായ ആരോപണത്തെ സമീകരിക്കാനായി സ്വപ്നയെ എത്തിച്ചാല്‍ നഷ്ടമായ ജനപിന്തുണ നേടിയെടുക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കടംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കിയതും. എന്നാല്‍, ഒരിക്കല്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ അതേ വിഷയത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഏത്രമാത്രം അതിന് നേട്ടമുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.