പോറ്റിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് പാര്‍ലമെന്റിന് പുറത്ത് പാരഡി പാടിയ ആന്റോ ആന്റണിയും അടൂര്‍ പ്രകാശും ചേര്‍ന്ന്, ശബരിമല സ്വര്‍ണക്കൊള്ളയില്‍ വെട്ടിലായി കോണ്‍ഗ്രസ്

കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണകൊള്ള ഓരോ ദിവസവും വിവാദങ്ങളിലേക്ക് കടക്കുകയാണ്.

 

സിപിഎമ്മിനേയും എല്‍ഡിഎഫിനേയും പ്രതിക്കൂട്ടിലാക്കിയാണ് യുഡിഎഫ് ശബരിമലയിലെ സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണകൊള്ള ഓരോ ദിവസവും വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഏറ്റവുമൊടുവില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരി വ്യവസായി ഗോവര്‍ധനും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇതിന് തെളിവാണെന്നുമാണ് മുഖ്യമന്ത്രിയുടെ ആരോപണം.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ പ്ലേറ്റിംഗിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായി ആരോപിക്കപ്പെടുന്ന പോറ്റി, മുന്‍ യുഡിഎഫ് ഭരണകാലത്ത് ക്ഷേത്ര ചടങ്ങുകളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. പോറ്റിയും ഗോവര്‍ധനും സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തി സമ്മാനങ്ങള്‍ നല്‍കിയതായി ഫോട്ടോകള്‍ പുറത്തുവരികയും ചെയ്തു. ഒരു ഫോട്ടോയില്‍ ഗോവര്‍ധന്‍ സോണിയയ്ക്ക് സമ്മാനം നല്‍കുന്നതും, മറ്റൊന്നില്‍ പോറ്റി സോണിയയുടെ കൈയില്‍ പവിത്ര നൂല്‍ കെട്ടുന്നതും കാണാം.

കോണ്‍ഗ്രസ് എംപിമാരായ ആന്റോ ആന്റണിയും അടൂര്‍ പ്രകാശും കൂടിക്കാഴ്ചയ്ക്ക് സഹായിച്ചതായി ആരോപണമുണ്ട്. പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയും,  അടൂര്‍ പ്രകാശും ചേര്‍ന്നാണ് പോറ്റിയെയും ഗോവര്‍ധനെയും സോണിയയുടെ വസതിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനെതിരെ പാര്‍ലമെന്റിന് പുറത്ത് പാരഡി പാടിയ ഇവര്‍ തന്നെയാണ് പോറ്റിയെ സോണിയയുടെ വീട്ടിലെത്തിച്ചതെന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകും.

സോണിയാ ഗാന്ധിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ഉദാഹരണങ്ങളോടെ വിശദീകരിച്ചു. മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്‍ പോലും സോണിയയെ കാണാന്‍ കാത്തിരുന്ന് കേരള ഹൗസില്‍ താമസിക്കേണ്ടി വന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസിലായിരുന്ന കാലത്ത് ഗാന്ധി കുടുംബത്തെ കാണാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അത്തരം സാഹചര്യത്തില്‍, ശബരിമല വിവാദത്തിലെ പ്രതികള്‍ എങ്ങനെ സോണിയയെ കണ്ടു എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

പിണറായി വിജയന്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികളുമായുള്ള ബന്ധം കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും രമേശ് ചെന്നിത്തലയും വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് പോറ്റി ശബരിമലയിലെ പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായും ചൂണ്ടിക്കാട്ടി. തനിക്കോ സര്‍ക്കാരിനോ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്നും, അത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനേയും എല്‍ഡിഎഫിനേയും പ്രതിക്കൂട്ടിലാക്കിയാണ് യുഡിഎഫ് ശബരിമലയിലെ സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും. മാത്രമല്ല, സ്വര്‍ണക്കൊള്ളയിലെ കോണ്‍ഗ്രസ് ബന്ധം ആരോപണമായി ഉയര്‍ന്നതോടെ ഇതിനെ പ്രതിരോധിക്കേണ്ട ബാധ്യതയും കോണ്‍ഗ്രസിനുണ്ട്.