വയനാട് ഫണ്ട് ഫെഡറല്‍ ബാങ്കിലും, കോടിക്കണക്കിന് രൂപയെത്തിയ അക്കൗണ്ട് ഒളിപ്പിച്ച് കോണ്‍ഗ്രസ്, പുറത്തുവിടാന്‍ വെല്ലുവിളിയുമായി സോഷ്യല്‍ മീഡിയ

മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീടു നിര്‍മിച്ചുനല്‍കാനുള്ള ഫണ്ടിനായുള്ള അക്കൗണ്ടുവിവരം കോണ്‍ഗ്രസ് മറച്ചുപിടിച്ചെന്ന് സിപിഎം.

 

കെ സുധാകരന്‍ പ്രസിഡന്റായിരിക്കെ 2024 ആഗസ്ത് 17ന് ആണ്  ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ അക്കൗണ്ട് ആരംഭിച്ചത്. ഇതിലെ 5.38 കോടിയാണ് സണ്ണി ജോസഫ് കണക്ക് എന്ന പേരില്‍ വായിച്ചത്.

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീടു നിര്‍മിച്ചുനല്‍കാനുള്ള ഫണ്ടിനായുള്ള അക്കൗണ്ടുവിവരം കോണ്‍ഗ്രസ് മറച്ചുപിടിച്ചെന്ന് സിപിഎം. ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍ ലഭിച്ച പണം മാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. എന്നാല്‍, ഫെഡറല്‍ ബാങ്കിലും അക്കൗണ്ടുണ്ടെന്നും. ഇതിലേക്കും കോടികള്‍ ലഭിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കെ സുധാകരന്‍ പ്രസിഡന്റായിരിക്കെ 2024 ആഗസ്ത് 17ന് ആണ്  ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ അക്കൗണ്ട് ആരംഭിച്ചത്. ഇതിലെ 5.38 കോടിയാണ് സണ്ണി ജോസഫ് കണക്ക് എന്ന പേരില്‍ വായിച്ചത്. എന്നാല്‍, ഫെഡറല്‍ ബാങ്കിന്റെ പട്ടം ബ്രാഞ്ചിലും അക്കൗണ്ട് തുടങ്ങിയിരുന്നു. കോടികള്‍ ലഭിക്കുകയും അവ പലതവണയായി പിന്‍വലിക്കുകയും ചെയ്തു. യുഎഇയില്‍ ഉള്ള ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് പോയ 53 ലക്ഷത്തോളം രൂപയും ഇതിലുള്‍പെടും. ഇതേ വ്യക്തിക്ക് ഫെബ്രുവരിയില്‍ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്.

2024 ആഗസ്ത് 21 മുതലാണ് ആപ്പ് പ്രവര്‍ത്തിച്ചുതുടങ്ങിയതെങ്കിലും അതിനുമുമ്പ് പിരിവ് തുടങ്ങിയിരുന്നു. ആഗസ്ത് ഒമ്പതിനു ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയാണ് പണം പിരിക്കാന്‍ മണ്ഡലം കമ്മിറ്റികളോട് നിര്‍ദേശിച്ചത്.

രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്നനിലയില്‍ മറ്റു സംസ്ഥാന കമ്മിറ്റികളും പണം അയച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനകമ്മിറ്റി ഒരു കോടി രൂപയാണ് അയച്ചത്. ഇത് അക്കൗണ്ടിലുണ്ടെങ്കിലും മറ്റു കമ്മിറ്റികളുടെ സഹായം വ്യക്തമല്ല.

നേരത്തെ അക്കൗണ്ടിനായി ഉണ്ടാക്കിയ ആപ്പ് പിന്‍വലിക്കുമ്പോള്‍ 50 കോടിയിലേറെ രൂപ ലഭിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്താനോ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിടാനോ കോണ്‍ഗ്രസ് തയ്യാറായില്ലെന്നത് ദുരൂഹമാണ്.