വീണയ്‌ക്കെതിരെ പരാതി കൊടുക്കേണ്ടത് കര്‍ണാടകയില്‍, കൊടുത്താല്‍ കുടുങ്ങുക കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്സ് സൊല്യൂഷന്‍സും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സിഎംആര്‍എല്‍) തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതി നല്‍കാതെ ഒളിച്ചുകളിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍.
 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്സ് സൊല്യൂഷന്‍സും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സിഎംആര്‍എല്‍) തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതി നല്‍കാതെ ഒളിച്ചുകളിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍.

വീണാ വിജയന്‍ സിഎംആര്‍എല്ലില്‍ നിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്നും ഇതിന് കൃത്യമായി നികുതി അടച്ചില്ലെന്നുംകാട്ടി മാത്യു കുഴല്‍നാടന്‍ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ധനവകുപ്പിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.

വീണ നികുതി അടച്ചെന്ന് തെളിഞ്ഞെങ്കിലും എത്ര രൂപയാണ് അടച്ചതെന്നും മറ്റുമുള്ള വിവരം പുറത്തുവിടണമെന്നാണ് ഇപ്പോള്‍ കുഴല്‍നാടന്റെ ആവശ്യം. അതേസമയം, വീണയ്ക്ക് പണം നല്‍കിയത് സംബന്ധിച്ച് കുഴല്‍നാടന്‍ പരാതി നല്‍കേണ്ടത് കര്‍ണാടകത്തിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീണയുടെ എക്സലോജിക്സ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയായതിനാല്‍ കര്‍ണാടകത്തില്‍ പരാതി നല്‍കണമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി അസഫ് അലി പറഞ്ഞു.

ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (CrPC) 178-B പ്രകാരം, കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷണവും വിചാരണയും നടത്തണം. അങ്ങനെ നോക്കുമ്പോള്‍ പണമിടപാട് നടന്നത് എറണാകുളത്തായതിനാല്‍ ഇവിടെയും കേസെടുക്കാം. എന്നാല്‍, ഇവിടെ കേസ് ഫയല്‍ ചെയ്യുന്നത് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ എ ജലീല്‍ പറഞ്ഞു.

അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ കേസ് ഫയല്‍ ചെയ്യാതിരുന്നതെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. എന്നാല്‍, കര്‍ണാടകത്തില്‍ കേസ് ഫയല്‍ ചെയ്താലും വീണയ്‌ക്കെതിരെ അനധികൃത പണമിടപാടിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് പരിചയസമ്പന്നനായ അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാം. അതുകൊണ്ടുതന്നെയാണ് പരാതി നല്‍കാന്‍ മടിക്കുന്നതും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷിച്ച് തെളിവ് കണ്ടെത്താനായില്ലെങ്കില്‍ അത് രാഷ്ട്രീയമായി സിപിഎമ്മിന് നേട്ടമാവുകയും ചെയ്യും.