ബിജെപി അധികാരത്തില്‍ വന്നശേഷം നഷ്ടത്തിലായി പൂട്ടിപ്പോയത് 8,800 കമ്പനികള്‍, തൊഴില്‍ സമരത്തിന്റെ പേരില്‍ പൂട്ടിയത് 10ല്‍ താഴെ മാത്രം

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി സമരം കടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

 

ബിജെപി അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2025 വരെയുള്ള പത്ത് വര്‍ഷക്കാലയളവിനിടയില്‍ 8800 കമ്പനികള്‍ ഐബിസി കോടതിയുടെ മുന്നില്‍ പാപ്പര്‍ സ്യൂട്ട് സമര്‍പ്പിച്ചു.

കൊച്ചി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി സമരം കടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. തൊഴില്‍ സമരങ്ങളിലൂടെ കമ്പനികള്‍ പൂട്ടിക്കുകയാണെന്ന ആക്ഷേപത്തിന് അദ്ദേഹം കണക്കുകള്‍ നിരത്തിയാണ് മറുപടി പറയുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2025 വരെയുള്ള പത്ത് വര്‍ഷക്കാലയളവിനിടയില്‍ 8,800 കമ്പനികള്‍ ഐബിസി കോടതിയുടെ മുന്നില്‍ പാപ്പര്‍ സ്യൂട്ട് സമര്‍പ്പിച്ചു. 8,800 കമ്പനികളില്‍ 10-ല്‍ താഴെ കമ്പനികളാണ് തൊഴിലാളി സമരമാണ് പ്രതിസന്ധിക്കു കാരണമെന്ന് ബോധിപ്പിച്ചതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്ത്യയില്‍ എത്ര കമ്പനികളാണ് തൊഴിലാളി സമരംകൊണ്ട് പൂട്ടിപ്പോയിട്ടുള്ളത്? ബിജെപി അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2025 വരെയുള്ള പത്ത് വര്‍ഷക്കാലയളവിനിടയില്‍ 8800 കമ്പനികള്‍ ഐബിസി കോടതിയുടെ മുന്നില്‍ പാപ്പര്‍ സ്യൂട്ട് സമര്‍പ്പിച്ചു. 13 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി ബാങ്കുകള്‍ക്ക് ഈ കമ്പനികള്‍ നല്‍കാനുണ്ടായിരുന്നത്. പാപ്പരായതിനുള്ള കാരണവും കോടതിയില്‍ ഈ കമ്പനികള്‍ ബോധിപ്പിച്ചിട്ടുണ്ട്. 8800 കമ്പനികളില്‍ 10-ല്‍ താഴെ കമ്പനികളാണ് തൊഴിലാളി സമരമാണ് പ്രതിസന്ധിക്കു കാരണമെന്ന് ബോധിപ്പിച്ചത്.

ഇവയില്‍ ഏറ്റവും വലുത് ഒരു ലക്ഷം കോടി രൂപയുടെ കടം ഉണ്ടായിരുന്ന ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് (DHFL) ആയിരുന്നു. ബൂഷണ്‍ സ്റ്റീല്‍, എസ്.ആര്‍. സ്റ്റീല്‍ എന്നിവയ്ക്ക് അരലക്ഷം കോടി രൂപ വീതം കടം ഉണ്ടായിരുന്നു. നമുക്കൊക്കെ പരിചിതമായ ജറ്റ് എയര്‍വെയ്‌സിന് 28000 കോടി രൂപയായിരുന്നു കടം. ഇത്തരത്തിലുള്ള വന്‍കിട പാപ്പര്‍ സ്യൂട്ടുകളില്‍ ഒന്നില്‍പ്പോലും തൊഴിലാളി സമരം ഒരു ഘടകമേ ആയിരുന്നില്ല.

ഇതിനു പുറമേ പല കമ്പനികളും കടക്കാര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്വകാര്യമായി ഒത്തുതീര്‍പ്പിലെത്തി സമരിയാകാറുണ്ട്. ഇത്തരത്തില്‍ 30000 കേസുകളാണ് പാപ്പര്‍ സ്യൂട്ട് കോടതിയുടെ മുന്നില്‍ വന്നവ പിന്‍വലിക്കപ്പെട്ടത്. ഇത്തരം കമ്പനികളുടെ കടവുംകൂടി കണക്കിലെടുത്താല്‍ മൊത്തം കടം 30 ലക്ഷം കോടിക്കു മുകളില്‍ വരും. ഇവിടെയും തൊഴിലാളി സമരം പ്രതിസന്ധിയുടെ മുഖ്യകാരണമായി വരുന്ന കമ്പനികളുടെ എണ്ണം തുച്ഛമായിരിക്കും. 

കേരളത്തെ സംബന്ധിച്ചിടത്തോളവും മേല്‍പ്പറഞ്ഞ വിശകലനം പ്രസക്തമാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ തൊഴില്‍ തര്‍ക്കംമൂലം അടച്ചുപൂട്ടേണ്ടി വന്നത് പെപ്‌സിക്കോള, എക്‌സല്‍ ഗ്ലാസ് എന്നീ കമ്പനികള്‍ മാത്രമാണ്. എന്നാല്‍ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ സങ്കീര്‍ണ്ണമാണ്. വൈവിധ്യവല്‍ക്കരിച്ചുകൊണ്ടും നവീകരിച്ചുകൊണ്ടും മാത്രമേ ഈ വ്യവസായങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാകൂ. പട്ടിണി കൂലിക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ ആളെക്കിട്ടില്ലായെന്നത് സാമൂഹ്യ വളര്‍ച്ചയുടെ ലക്ഷണമായിട്ടാണ് വിലയിരുത്തേണ്ടത്. ഉയര്‍ന്നകൂലിക്ക് അനുസൃതമായ മൂല്യവര്‍ദ്ധന സൃഷ്ടിക്കുന്ന പുതിയ സാങ്കേതികവിദ്യ സ്വീകാര്യമാക്കുന്നതിനുള്ള നയപരമായ ഇടപെടലുകളും ശക്തിപ്പെടുത്തിയേ തീരൂ. 

എന്നാല്‍, തൊഴിലാളി സമരവുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റുകള്‍ക്കു കീഴില്‍ വ്യവസായ പ്രതിസന്ധിക്കു കാരണമായിട്ട് തൊഴിലാളി സമരത്തെ പഴിക്കുന്നവരുടെ എണ്ണപ്പെരുപ്പം വിസ്മയകരമാണ്. ഈ വിവരദോഷികളുടെ എണ്ണം ഇത്ര പെരുകിയിരിക്കുന്നതിന് കാരണം വിവരമില്ലായ്മ മാത്രമല്ല, കേരളത്തില്‍ ശക്തിപ്രാപിച്ചു വരുന്ന വലതുപക്ഷ ആശയഗതിയുടെ സ്വാധീനമാണ്.

തൊഴിലാളി സമരങ്ങളും, ട്രേഡ് യൂണിയനുകളുടെ കടുംപിടിത്തങ്ങളുംമൂലം വ്യവസായ വളര്‍ച്ച മുരടിക്കുന്നുവെന്ന ആഖ്യാനം പോപ്പുലര്‍ സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനികള്‍ പാപ്പരാകുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്താല്‍ മാനേജ്‌മെന്റിലെ പിഴവും കമ്പോള മത്സരങ്ങളുമാണ് മുഖ്യകാരണങ്ങളെന്നു മനസിലാകും. പലപ്പോഴും ഇതിന്റെ ഭാരം മുഴുവന്‍ തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കുമ്പോഴാണ് പണിമുടക്കിലേക്കു പോകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്. 

ഈ യാഥാര്‍ത്ഥ്യം തെളിയിക്കുന്നതിന് മറ്റൊരു മാര്‍ഗ്ഗമാണ് തൊഴില്‍ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് 2016 മുതലുള്ള തൊഴില്‍ തര്‍ക്കങ്ങളുടെ എണ്ണവും നഷ്ടപ്പെട്ട തൊഴില്‍ദിനങ്ങളുടെ എണ്ണവും മേഖലയും സംസ്ഥാനവും തിരിച്ച് വിശകലനം ചെയ്യുന്നതാണ് ഒബിസിയില്‍ ഫാക്ട് ചെക്കായി ഗോകുല്‍ എസ് വിജയ് മെയ്ദിനത്തിന് പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോര്‍ട്ട്. ഈ കണക്കുകളെ വ്യവസായ മേഖലകളുടെയും സംസ്ഥാനങ്ങളുടെയും വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു.