ഒട്ടും ജനകീയനല്ലാത്ത കെകെ രാഗേഷ്, പിണറായിയുമായുള്ള അടുപ്പത്തില്‍ പ്രൈവറ്റ് സെക്രട്ടറിയായി കയറിക്കൂടി, പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനവും, കണ്ണൂരിലെ തോല്‍വിക്ക് പ്രധാന ഉത്തരവാദിയെന്ന് അണികള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കനത്ത തോല്‍വിക്ക് പ്രധാന ഉത്തരവാദികളിലൊരാളാണ് കെ.കെ. രാഗേഷെന്ന് അണികള്‍.

 

രാഗേഷ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജില്ലയിലെ പലഭാഗത്തുമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ പരാജിതനാണ്. പ്രത്യേകിച്ചും പയ്യന്നൂരിലെ ഫണ്ട് വിവാദം ഇല്ലാതാക്കുന്നതിന് പകരം വിമര്‍ശകരെ അകറ്റുന്ന തീരുമാനമാണ് ജില്ലാകമ്മറ്റിയില്‍ നിന്നും ഉണ്ടായത്.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കനത്ത തോല്‍വിക്ക് പ്രധാന ഉത്തരവാദികളിലൊരാളാണ് കെ.കെ. രാഗേഷെന്ന് അണികള്‍.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും അതുവഴിയുള്ള ദ്രുതഗതിയിലുള്ള ഉയര്‍ച്ചയും, ജനകീയ ബന്ധത്തിന്റെ അഭാവവും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിവാദ തീരുമാനങ്ങളും അദ്ദേഹത്തിനെതിരെ അണികള്‍ക്കിടയില്‍ അതൃപ്തി ശക്തമാക്കി.

എസ്എഫ്‌ഐയിലൂടെയാണ് രാഗേഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന നേതൃത്വം, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിന്നീട് കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. എന്നാല്‍, രാജ്യസഭയിലെത്താന്‍ പാര്‍ട്ടി അവസരം നല്‍കി.

2021-ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 2025 ഏപ്രിലില്‍ എം.വി. ജയരാജന്റെ പിന്മാറ്റത്തോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ അടുത്തയാളായിരുന്ന അദ്ദേഹത്തിന്റെ ഈ നിയമനം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

രാഗേഷ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജില്ലയിലെ പലഭാഗത്തുമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ പരാജിതനാണ്. പ്രത്യേകിച്ചും പയ്യന്നൂരിലെ ഫണ്ട് വിവാദം ഇല്ലാതാക്കുന്നതിന് പകരം വിമര്‍ശകരെ അകറ്റുന്ന തീരുമാനമാണ് ജില്ലാകമ്മറ്റിയില്‍ നിന്നും ഉണ്ടായത്.

തളിപ്പറമ്പ് മണ്ഡലത്തില്‍ എംവി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിനിയാക്കിയത് മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വിമത സ്ഥാനാര്‍ത്ഥിത്വത്തിനും ഇടയാക്കി. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം വെല്ലുവിളിക്കുന്ന സമീപനമാണ് രാഗേഷില്‍നിന്നും ഉണ്ടായത്.

തോല്‍വിക്ക് ശേഷം സിപിഎമ്മിനുള്ളില്‍ മാറ്റത്തിന്റെ ആവശ്യങ്ങള്‍ ശക്തമാണ്. എം.വി. ഗോവിന്ദന് ഉള്‍പ്പെടെ രാജിവെക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ രാഗേഷിന്റെ സ്ഥാനവും ചര്‍ച്ചയാകുന്നുണ്ട്. പാര്‍ട്ടിയുടെ തിരുത്തലുകള്‍ക്ക് കണ്ണൂര്‍ ഒരു തുടക്കമാകുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം.