പ്രതിപക്ഷത്തിരുന്ന് വെള്ളാനകള്‍ എന്നു വിളിച്ചവര്‍ ഇപ്പോള്‍ അതുതന്നെ നടപ്പാക്കുന്നു, കാബിനറ്റ് റാങ്കുകാര്‍ക്ക് മന്ത്രിമാരുടെ എല്ലാ സൗകര്യങ്ങളും, 15 കോടി രൂപയോളം ചെലവ്, എല്ലാം ജനങ്ങളുടെ നികുതിപ്പണം
കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനേയും ഡല്‍ഹി പ്രതിനിധിയേയും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതിനെതിരെ രൂക്ഷമായ പ്രതികരണവുമായി സോഷ്യല്‍ മീഡിയ.
ഇടതുപക്ഷം ഇതേ കാര്യം ചെയ്തപ്പോള്‍ ധൂര്‍ത്ത്, വെള്ളാന എന്ന് വിളിച്ചവര്‍ ഇപ്പോള്‍ അതേ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്. അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അതേ കസേരയില്‍ ഇരിക്കുമ്പോള്‍ നികുതിപ്പണം ധൂര്‍ത്തടിക്കുന്നു.
തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനേയും ഡല്‍ഹി പ്രതിനിധിയേയും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതിനെതിരെ രൂക്ഷമായ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. ഇടതുപക്ഷം ഇതേകാര്യം ചെയ്തപ്പോള്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അതേകാര്യം ആവര്‍ത്തിക്കുകയാണ്.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന് കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയും ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്. മന്ത്രിക്ക് ലഭിക്കുന്നതുപോലെ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റുകള്‍, സ്റ്റെനോഗ്രാഫര്‍, ക്ലര്‍ക്കുകള്‍, ഡ്രൈവര്‍മാര്‍, ക്ലീനര്‍, കുക്ക് തുടങ്ങി ഏകദേശം 12 പേഴ്സണല്‍ സ്റ്റാഫ് അനുവദിക്കപ്പെടും. കൂടാതെ ഔദ്യോഗിക വാഹനം, ഓഫീസ്, യാത്രാബത്ത, ചികിത്സാ ആനുകൂല്യം എന്നിവയും. മുന്‍കാലത്ത് ഈ കമ്മീഷന് മാത്രം അഞ്ചുവര്‍ഷത്തിനുള്ളില്‍ 10.79 കോടി രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഭൂരിഭാഗവും ശമ്പളവും ആനുകൂല്യങ്ങളുമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ 13 എണ്ണം സമര്‍പ്പിച്ചെങ്കിലും ഒന്നുപോലും നടപ്പാക്കപ്പെട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പ്രതിമാസം ജീവനക്കാരുടെ ശമ്പളം മാത്രം ലക്ഷക്കണക്കിന് രൂപയായിരുന്നു.
ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും കാബിനറ്റ് റാങ്കോടെയാണ് നിയമിക്കപ്പെടുന്നത്. കെ.വി. തോമസിന്റെ കാലത്ത് പ്രതിവര്‍ഷം ഏകദേശം 30 ലക്ഷം രൂപയോളം ഇതിനായി ചെലവായി. ഓണറേറിയം (മാസം ഒരു ലക്ഷത്തോളം), പേഴ്സണല്‍ സ്റ്റാഫ്, വിമാനയാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക ചെലവഴിച്ചത്. എ സമ്പത്തിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 7.26 കോടി രൂപ ചെലവായതും രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണപരിഷ്‌കാരം എന്ന പേരിലും സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കല്‍ എന്ന പേരിലും ഇത്തരം നിയമനങ്ങള്‍ നടക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഇത് അധികാരവിഭജനത്തിന്റെയും സഖ്യകക്ഷി തൃപ്തീകരണത്തിന്റെയും ഭാഗമാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ക്കോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ക്കോ കാബിനറ്റ് റാങ്ക് നല്‍കി സന്തോഷിപ്പിക്കുക. അതിനായി ചെലവഴിക്കുന്നതാവട്ടെ ജനങ്ങളുടെ നികുതിപ്പണവും.
ഇടതുപക്ഷം ഇതേ കാര്യം ചെയ്തപ്പോള്‍ ധൂര്‍ത്ത്, വെള്ളാനകള്‍ എന്ന് വിളിച്ചവര്‍ ഇപ്പോള്‍ അതേ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്. അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അതേ കസേരയില്‍ ഇരിക്കുമ്പോള്‍ നികുതിപ്പണം ധൂര്‍ത്തടിക്കുന്നു. ജനങ്ങളുടെ പണം ഈ വിധം ധൂര്‍ത്തടിക്കുന്നത് ഏത് മുന്നണിയായാലും അതേ വിമര്‍ശനത്തിന് അര്‍ഹരാണ്. അന്ന് പറഞ്ഞത് ഇന്ന് മറക്കുന്നവര്‍ ജനങ്ങളുടെ ഓര്‍മ്മശക്തി പരീക്ഷിക്കരുത്.