കര്‍ണാടകയിലെ ബുള്‍ഡോസര്‍ കുടിയൊഴിപ്പിക്കല്‍, കെസി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍ വിജയത്തിലേക്ക്, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം ഭവനമൊരുക്കും
ബെംഗളൂരു യെലഹങ്കയിലെ കോഗിലു ലേഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടികളില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ശക്തമായ ഇടപെടല്‍
വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം, കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടുംബങ്ങളെയും അടിയന്തരമായി പുനരധിവസിപ്പിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കോഗിലു ലേഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടികളില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ശക്തമായ ഇടപെടല്‍ നിര്‍ണായകമായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുഖ്യനേതാക്കളിലൊരാളായ വേണുഗോപാലിന്റെ ധൃതഗതിയിലുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരിനെ അടിയന്തരമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും, ദുരിതബാധിതരായ 185 കുടുംബങ്ങളുടെ പുനരധിവാസത്തിന് വഴിയൊരുക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും മുന്‍നിര്‍ത്തിയുള്ള ഇടപെടല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ്.
കോഗിലു ലേഔട്ടിലെ അനധികൃത കയ്യേറ്റങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടന്ന ബുള്‍ഡോസര്‍ കുടിയൊഴിപ്പിക്കലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ തെരുവിലേക്കിറങ്ങിയ സാഹചര്യത്തിലാണ് കെസി വേണുഗോപാല്‍ സമയോചിതമായ ഇടപെടല്‍ നടത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും വേണുഗോപാല്‍ നേരിട്ട് സംസാരിച്ചു. കഴിഞ്ഞ ദിവസം ശിവകുമാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, പ്രവര്‍ത്തകസമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യയുമായി വേണുഗോപാല്‍ നേരില്‍ കണ്ട് വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഈ ഇടപെടലുകള്‍ക്ക് ശേഷം കര്‍ണാടക സര്‍ക്കാര്‍ ധൃതഗതിയില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം, കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടുംബങ്ങളെയും അടിയന്തരമായി പുനരധിവസിപ്പിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 'അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് ആവശ്യമാണെങ്കിലും, മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും മുന്‍നിര്‍ത്തിയുള്ള നടപടികളാണ് വേണ്ടത്,' എന്ന് വേണുഗോപാല്‍ ശക്തമായി ആവശ്യപ്പെട്ടു. ഇത്തരമൊരു നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കുകയും, മനുഷ്യകേന്ദ്രീകൃതമായ പരിഹാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
കര്‍ണാടക ഭവനകാര്യ മന്ത്രി സമീര്‍ അഹമ്മദ് ഖാനുമായി ഫോണില്‍ സംസാരിച്ച വേണുഗോപാല്‍, ദുരിതബാധിതരെ ഉടനടി സന്ദര്‍ശിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച്, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യം രണ്ട് ദിവസത്തിനകം സജ്ജീകരിക്കണമെന്നും അവരെ അവിടേക്ക് മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ, മന്ത്രി നേരിട്ട് ദുരിതബാധിതരെ സന്ദര്‍ശിക്കുകയും, ആവശ്യമായ പാര്‍പ്പിട സൗകര്യങ്ങള്‍ സജ്ജീകരിച്ചുവരുന്നതായി അറിയിക്കുകയും ചെയ്തു.
ഹൈക്കമാന്‍ഡ് ഇടപെടലിന്റെ ഫലമായാണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. ബിബിഎംപി കമ്മീഷണര്‍ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാനുള്ള ഉത്തരവ് നല്‍കി. കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഭവനകാര്യ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നേരിട്ട് ദുരിതബാധിതരെ പുതിയ ഭവനങ്ങളിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്.
കെസി വേണുഗോപാലിന്റെ നേതൃത്വപാടവവും സമയോചിതമായ ഇടപെടലുമാണ് ഈ വിവാദത്തെ വിജയകരമായി പരിഹരിക്കാന്‍ സഹായിച്ചത്. വിവാദമുണ്ടായെങ്കിലും ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം കര്‍ണാടക സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി. ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങള്‍ വിജയിച്ചതോടെ, കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം കൂടുതല്‍ ശക്തമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.