എപ്പോള്‍ വേണമെങ്കിലും ആരുടെ തലയിലും വീഴാം ഈ കെട്ടിടങ്ങള്‍, കണ്ണൂര്‍ നഗരത്തിലെ യാത്രക്കാര്‍ക്ക് ഭീഷണിയായി പഴഞ്ചന്‍ കെട്ടിടങ്ങള്‍

 

 കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പഴയകെട്ടിടങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. എപ്പോള്‍ വേണമെങ്കിലും ചെരിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ് ഇരുനില കെട്ടിടങ്ങളില്‍ പലതും സ്ഥിതി ചെയ്യുന്നത്. കോര്‍പറേഷന്‍ നിര്‍ദ്ദേശപ്രകാരം ഇവിടങ്ങളില്‍ നിന്നും കടക്കാരെ ഒഴിപ്പിച്ചിട്ടുവെങ്കിലും പൊളിച്ചു മാറ്റാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. 

നൂറുകണക്കിനാളുകള്‍ നടന്നു പോകുന്ന നടപ്പാതയുടെ അരികിലാണ് ഇത്തരം കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 
 കണ്ണൂര്‍-തലശേരി ദേശീയപാതയിലെ ട്രെയിനിങ് സ്‌കൂളിന് സമീപത്തെ കെട്ടിടം എപ്പോള്‍ വേണമെങ്കിലും നിലപതിക്കുമെന്ന അവസ്ഥയിലാണുളളത്. ഇതിലൂടെ നൂറുകണക്കിനാളുകളാണ് സബ് രജിസ്റ്റാര്‍ ഓഫീസ് റോഡിലേക്ക് കാല്‍ നടയായി സഞ്ചരിക്കുന്നത്.ദേശീയപാതയായതിനാലാണ് നല്ല വാഹനതിരക്കും ഗതാഗതകുരുക്കുമുളള സ്ഥലങ്ങളിലൊന്നാണിത്.

സീബ്രാലൈന്‍ ഉളളതിനാല്‍ യാത്രക്കാര്‍ മുറിച്ചു കടക്കുന്നതും ഇതിലൂടെയാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന ദേശീയപാതയായിട്ടും അപകടം സംഭവിച്ചാല്‍ പൊളിച്ചു മാറ്റാമെന്ന മനോഭാവത്തിലാണ് കോര്‍പറേഷനും കെട്ടിട ഉടമയും. ഇത്തരം പല ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കും അന്‍പതു വര്‍ഷത്തിന് മുകളില്‍ പ്രായമുണ്ട്. ഒരുകാലത്ത് കണ്ണൂര്‍ നഗരത്തിലെ മുഖ്ചഛായായിരുന്നു ഇത്തരം കെട്ടിടങ്ങള്‍. കോര്‍പറേഷന്റെ കീഴിലുളള കണ്ണൂര്‍ ജവഹര്‍സ്‌റ്റേഡിയത്തിന്റെ കടമുറികളുടെ അവസ്ഥ ഇതിലേറെ ദയനീയമാണ്. 

മിക്ക മുറികളില്‍ നിന്നും കച്ചവടക്കാര്‍ അപകടാവസ്ഥ കാരണം ഒഴിഞ്ഞിട്ടുണ്ടെങ്കിലും പലതിലും ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സീലിങ് പൊട്ടിവീണ് ചുമരുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണ് സ്‌റ്റേഡിയം കോര്‍ണറിലെ കെട്ടിടങ്ങളുടെ അവസ്ഥ. ജവഹര്‍സ്‌റ്റേഡിയം പുതുതായി നിര്‍മിക്കുമെന്ന് കോര്‍പറേഷന്‍ ബഡ്ജറ്റുകളില്‍ എപ്പോഴും പറയാറുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു സ്‌റ്റേഡിയം പുനര്‍നിര്‍മിക്കാമെന്ന് പ്രൊപ്പോസല്‍ നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രീയ തര്‍ക്കത്തില്‍പ്പെട്ടു നീണ്ടു പോവുകയായിരുന്നു.