സഞ്ജുവിന്റെ പിതാവ് ഉടന്‍ മാപ്പു പറയണം, നിര്‍ദ്ദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം
തുടര്‍ച്ചയായി രണ്ട് ടി20 അന്താരാഷ്ട്ര സെഞ്ച്വറികളും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികളും നേടി അതിശയിപ്പിച്ച സഞ്ജു സാംസണ്‍ പൊടുന്നനെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിശ്വനാഥ് സാംസണ്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ വിശ്വനാഥ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.
കൊച്ചി: തുടര്‍ച്ചയായി രണ്ട് ടി20 അന്താരാഷ്ട്ര സെഞ്ച്വറികളും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികളും നേടി അതിശയിപ്പിച്ച സഞ്ജു സാംസണ്‍ പൊടുന്നനെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സ്ഥിരമായി തഴയപ്പെട്ടുകൊണ്ടിരുന്ന താരം ഒടുവില്‍ തനിക്കു കിട്ടിയ അവസരം ശരിയായി മുതലെടുത്തു.
ദേശീയ ടീമില്‍ സഞ്ജുവിന് പലപ്പോഴും അവസരം നിഷേധിക്കപ്പെടുന്നു എന്ന ആരോപണമുണ്ടായിരുന്നു. സഞ്ജു തുടരെ രണ്ട് സെഞ്ച്വറികള്‍ നേടിയതോടെ പിതാവ് വിശ്വനാഥ് സാംസണും ഇതേ ആരോപണവുമായി രംഗത്തെത്തി. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, എംഎസ് ധോണി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ സഞ്ജുവിന്റെ 10 വര്‍ഷത്തെ കരിയര്‍ ഇല്ലാതാക്കിയെന്നാണ് സഞ്ജുവിന്റെ പിതാവ് ആരോപിച്ചത്.
സൂപ്പര്‍ താരങ്ങളോടുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിശ്വനാഥ് സാംസണ്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ വിശ്വനാഥ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സഞ്ജു സാംസണിന്റെ പിതാവ് നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലാണെന്നും ഇത് വിക്കറ്റ് കീപ്പര്‍ ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് സഞ്ജു സാംസണിന്റെ പിതാവ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്ന് ബ്രാഡ് ഹോഗ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു. ധോനിയും കോലിയും രോഹിത് ശര്‍മയും ദ്രാവിഡും സഞ്ജുവിന്റെ കരിയറിന്റെ 10 വര്‍ഷം ഇല്ലാതാക്കിയെന്ന് പിതാവ് പൊതുജനങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് വലിയ പേരുകളാണ് അവരെന്ന് ഹോഗ് ഓര്‍മ്മിപ്പിച്ചു.
സഞ്ജു സാംസണ്‍ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന് ശേഷം തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളും നേടി. കുടുംബത്തില്‍ നിന്നുള്ള ഇത്തരം അഭിപ്രായങ്ങള്‍ സഞ്ജു സാംസണെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും. പിതാവ് തന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തേണ്ടതുണ്ട്. ഇത് സഞ്ജു സാംസണിന്റെ കരിയറിന് നേട്ടമുണ്ടാക്കും.
ഐപിഎല്ലില്‍ സ്വയം സ്ഥാനമുറപ്പിച്ച താരമാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. നിലവാരമുള്ള കളിക്കാരും നിലവാരമുള്ള ബാറ്റര്‍മാരും ഇന്ത്യയ്ക്കായി അണിനിരന്നിട്ടുണ്ട്. അവിടെ തിളങ്ങുകയെന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ മൗനം പാലിക്കുകയാണ് ഉചിതമെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കൂട്ടിച്ചേര്‍ത്തു.