പൈസ വസൂൽ 'ബ്ലാസ്റ്റ്'
എജിഎസ് എന്റർടെയിൻമെന്റ്സിന്റെ നിർമ്മാണത്തിൽ സുഭാഷ് കെ രാജ് എഴുതി സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്. അർജുൻ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ ആക്ഷൻ ജോണറിൽ പെടുന്ന ഒരു ചിത്രമാണ്.
ആദ്യാവസാനം പ്രേക്ഷകരെ എൻഗേജ് ചെയ്ത് നിർത്തി തന്റെ ആദ്യ ചിത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്
ട്രൂ ക്രിട്ടിക്
എജിഎസ് എന്റർടെയിൻമെന്റ്സിന്റെ നിർമ്മാണത്തിൽ സുഭാഷ് കെ രാജ് എഴുതി സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്. അർജുൻ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ ആക്ഷൻ ജോണറിൽ പെടുന്ന ഒരു ചിത്രമാണ്.
തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ എന്റർടെയിൻമെന്റ് സിനിമകൾക്ക് പേരു കേട്ട നിർമ്മാണ കമ്പനി ആണ് എജിഎസ് എന്റർടെയിൻമെന്റ്സ്. അവരുടെ ഏറ്റവും പുതിയ ചിത്രമായ ബ്ലാസ്റ്റും ഒരു തരി പോലും ബോറടിപ്പിക്കാത്ത മുഴുനീള എന്റർടെയിനർ സിനിമ ആണ്. ആദ്യാവസാനം പ്രേക്ഷകരെ എൻഗേജ് ചെയ്ത് നിർത്തി തന്റെ ആദ്യ ചിത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് പുതുമുഖ സംവിധായകൻ സുഭാഷ്. ചിത്രത്തിന്റെ റിലീസിന് മുന്നോടി ആയി ഇറങ്ങിയ ട്രയിലറിൽ സൂചിപ്പിക്കുന്ന പോലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ബ്ലാസ്റ്റിന്റെ യുഎസ്പി. ആക്ഷൻ കിംഗ് അർജുൻ നായകൻ ആയി എത്തുന്ന ചിത്രങ്ങൾ പൊതുവെ സംഘട്ടന രംഗങ്ങൾ കൊണ്ട് സമ്പന്നം ആണെങ്കിലും ബ്ലാസ്റ്റിനെ വേറിട്ട് നിർത്തുന്നത് ഇത്തവണ അർജുന്റെ ഒപ്പം സ്‌ക്രീനിൽ ആക്ഷൻ ചെയ്യുന്ന രണ്ട് നടിമാർ ആണ്. പ്രീതി മുകുന്ദനും അഭിരാമിയും. ഇരുവരുടെയും ചടുലമായ ഫൈറ്റ് സീക്വൻസുകൾ സിനിമയ്ക്ക് ചില്ലറ ബൂസ്റ്റ് ഒന്നുമല്ല നൽകുന്നത്.
ഒരു കരാട്ടെ മാസ്റ്ററും കുടുംബവും അവിചാരിതമായി ചില പ്രശ്നങ്ങളിൽ ചെന്ന് പെടുന്നതും അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ കൂടുതൽ വെല്ലുവിളിലേക്ക് അവരെ നയിക്കുന്നതും ആണ് ചിത്രത്തിന്റെ കഥാതന്തു. എടുത്ത് പറയത്തക്ക പുതുമ ഉള്ള കഥയോ കഥാപാത്രങ്ങളോ ഉള്ള ഒരു സിനിമ അല്ല ബ്ലാസ്റ്റ്. എന്നാൽ അത് സിനിമയെ പുറകോട്ട് വലിക്കുന്നേയില്ല. ചിത്രത്തിന്റെ എല്ലാ നല്ല വശങ്ങളും ആക്ഷൻ രംഗങ്ങളുമായി ബന്ധപ്പെട്ട് ആണ് നിൽക്കുന്നത്. ഓരോ ഫൈറ്റിലേക്കും ഉള്ള ബിൽഡ് അപ്പും ഫൈറ്റ് കൊറിയോഗ്രാഫിയും സൂക്ഷ്മമായി തന്നെ ഡിസൈൻ ചെയ്ത് എടുത്തിട്ടുണ്ട് ബ്ലാസ്റ്റിൽ. ഒപ്പം ഫൈറ്റ് വളരെ അനായാസം കൈകാര്യം ചെയ്യുന്ന നടിനടന്മാർ കൂടി ആവുമ്പോൾ ബ്ലാസ്റ്റിലെ കരാട്ടെ ഫാമിലി തീയറ്ററുകളിൽ കൈയ്യടികൾ സൃഷ്ടിക്കുന്നു.
സ്ത്രീകൾ ആക്ഷൻ ചെയ്യുന്ന സിനിമകൾ ഇന്ത്യൻ സിനിമയിൽ പൊതുവെ കുറവാണ്. അതിൽ തന്നെ ക്വാളിറ്റി ഉള്ള, കൺവിൻസിംഗ് ആയ ആക്ഷൻ സീക്വൻസുകൾ ഉള്ള ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവയെ ഉള്ളു. അവിടെയായിരിക്കും ഭാവിയിൽ ബ്ലാസ്റ്റ് സ്വയം അടയാളപ്പെടുത്തുക. അർജുനൊപ്പം പ്രീതി മുകുന്ദനും അഭിരാമിയും സിനിമയിൽ സൃഷ്ടിച്ചിരിക്കുന്ന മാസ്സ് മൊമെന്റ്സ് എടുത്ത് പറയേണ്ടതാണ്. അതിൽ തന്നെ ഏറ്റവും പ്രശംസനീയമായ പ്രകടനവും ആയി മൂവരിൽ എടുത്ത് നിൽക്കുന്നത് പ്രീതി മുകുന്ദൻ ആണ്. ഒരു ആക്ഷൻ ഹീറോയുടെ ഓറയിൽ പ്രീതി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
മികച്ച ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് നിങ്ങൾ എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ബ്ലാസ്റ്റിന്. എജിഎസ് എന്റർടെയിൻമെന്റ്സിന് അഭിമാനിക്കാവുന്ന മറ്റൊരു ചിത്രം ആകും ബ്ലാസ്റ്റ് എന്ന് നിസ്സംശയം പറയാം.