കിഫ്ബി ഫണ്ടില്‍ പണി പൂര്‍ത്തീകരിച്ച ഗുരുവായൂര്‍ മേല്‍പ്പാലം തങ്ങളുടേതാക്കി ബിജെപിയും സുരേഷ് ഗോപിയും

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനഗരത്തിലെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ദുരിതത്തിന് ഇതോടെ അറുതിയാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ലോകമെങ്ങുനിന്നും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് ആശ്വാസമേകുന്ന മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവകാശവാദവുമായി ബിജെപിയുടെ നേതൃത്വത്തില്‍ ഫ് ളക്‌സുകളും ഉയര്‍ന്നു.
 

തൃശൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനഗരത്തിലെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ദുരിതത്തിന് ഇതോടെ അറുതിയാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ലോകമെങ്ങുനിന്നും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് ആശ്വാസമേകുന്ന മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവകാശവാദവുമായി ബിജെപിയുടെ നേതൃത്വത്തില്‍ ഫ് ളക്‌സുകളും ഉയര്‍ന്നു.

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ മേല്‍പ്പാലം കേന്ദ്രത്തിന്റേതാണെന്ന് അവകാശപ്പെട്ട് ബിജെപി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കെ സുരേന്ദ്രന്‍, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, പ്രധാനമന്ത്രി നരേന്ദ്രമോദി, സുരേഷ് ഗോപി എന്നിവരുടെ ചിത്രവും ബിജെപിയുടെ ബോര്‍ഡിലുണ്ട്.

തൊട്ടുപിന്നാലെ, അതിന് സമീപത്തായി ബിജെപി പറയുന്നത് പച്ചക്കള്ളമാണെന്നും 26 കോടിയോളം രൂപ കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് പാലം നിര്‍മിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ഫ്‌ലക്‌സില്‍ പറയുന്നു.

കിഫ്ബിയില്‍ നിന്നും 23.45 കോടി രൂപ വിനിയോഗിച്ച് കേരളത്തില്‍ ആദ്യമായി പൂര്‍ണമായും സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ രീതിയില്‍ പൂര്‍ത്തിയാക്കിയ മേല്‍പ്പാലമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു. തൃശൂരില്‍ മാത്രം 13 മേല്‍പ്പാലങ്ങളാണ് കിഫ്ബി വഴി പണിയുന്നത്. സംസ്ഥാനത്താകെ നൂറോളം മേല്‍പ്പാലങ്ങളും ഇതേ ഫണ്ട് ഉപയോഗിച്ച് പണിയും.

പല പ്രതിസന്ധികളും തരണം ചെയ്താണ് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്ഥലമേറ്റെടുപ്പിന് മാത്രം കോടികള്‍ നല്‍കി. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2 വര്‍ഷത്തോളം നിര്‍മാണം മുടങ്ങിയിരുന്നു. എന്നാല്‍, പ്രതിസന്ധികളെല്ലാം മറികടന്ന് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ മേല്‍പ്പാലത്തിനായി വലിയ ഇടപെടലാണ് നടത്തിയത്. എന്നാല്‍, മേല്‍പ്പാലം പണിതയുടന്‍ ബിജെപി അവകാശവാദവുമായി എത്തി ഇത് കേന്ദ്രത്തിന്റേതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.