ഇടതും വലതും തമ്മിലടിക്കുമ്പോൾ ബിജെപിയുടെ 'സെലിബ്രിറ്റി സ്ഥാനാർത്ഥി തന്ത്രം' വിജയം കാണുമോ?
കേന്ദ്രത്തിൽ ഭരണത്തിൽ വന്നതുമുതൽ ബിജെപിക്കാർ കേരളം സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് ഏറെയായി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് കീഴിൽ 2016-ൽ ഒ. രാജഗോപാൽ നേമത്ത് എംഎൽഎയും, 2024-ൽ തൃശ്ശൂരിൽ സുരേഷ് ഗോപി എംപിയും ആയത് പ്രതീക്ഷയ്ക്ക് വകയുണ്ടാക്കിയെങ്കിലും,
കേരളത്തിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പാരമ്പര്യമുള്ളതും, ജനകീയരുമായ നേതാക്കൾ ബിജെപിക്ക് അധികമില്ല (ഇല്ല എന്ന് തന്നെ പറയാം) എന്നത് സത്യമാണ്. അതാത് പ്രാദേശിക മേഖലകളിൽ അണികളെ കൂട്ടുന്ന നേതാക്കൾ ഉണ്ടാകാമെങ്കിലും, ഒരു വിഎസിനെ പോലെയോ, ഉമ്മൻ ചാണ്ടിയെ പോലെയോ, കരുണാകരനെ പോലെയോ, ഇകെ നായനാരെ പോലെയെ, എന്തിന് ഈ തലമുറയിലെ പല സിപിഐഎം, കോൺഗ്രസ് നേതാക്കളെ പോലെയോ പോലും ജനങ്ങൾ മനസറിഞ്ഞ് നേതാക്കളായി കാണുന്ന ആരും തന്നെ ബിജെപിക്ക് ഇല്ല.
ട്രൂ ക്രിട്ടിക്
കേന്ദ്രത്തിൽ ഭരണത്തിൽ വന്നതുമുതൽ ബിജെപിക്കാർ കേരളം സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് ഏറെയായി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് കീഴിൽ 2016-ൽ ഒ. രാജഗോപാൽ നേമത്ത് എംഎൽഎയും, 2024-ൽ തൃശ്ശൂരിൽ സുരേഷ് ഗോപി എംപിയും ആയത് പ്രതീക്ഷയ്ക്ക് വകയുണ്ടാക്കിയെങ്കിലും, നിയമസഭയിലും, ലോക്‌സഭയിലും മറ്റ് പറയത്തക്ക നേട്ടമൊന്നും ബിജെപിക്ക് ഇതുവരെ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഓരോ തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ വോട്ട് മറിയുമെന്നും, ഭരണം പിടിക്കുമെന്നുമെല്ലാം നേതാക്കന്മാർ ഗീർവാണപ്രസംഗം നടത്താറുണ്ടെങ്കിലും ഭരണചക്രം പൂർണ്ണമായും കാവിക്കൈകളിൽ ഏൽപ്പിച്ചുകൊടുക്കാൻ മനസുകാണിക്കാത്ത ഏതാനും ചില സംസ്ഥാനങ്ങളിൽ ഒന്നായി കേരളം ഇന്നും തുടരുന്നു. ഈ സാഹചര്യത്തിലാണ് 2026 നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ 'സെലിബ്രിറ്റി' സ്ഥാനാർത്ഥി നിർണ്ണയം വീണ്ടും കൗതുകമുണർത്തുന്നത്.
ഇത്തവണത്തെ ബിജെപി സ്ഥാനാർത്ഥികളെ പറ്റി പറയുന്നതിന് മുമ്പ്, ബിജെപി കേരളത്തിൽ പയറ്റുന്ന ഈ സെലിബ്രിറ്റി തന്ത്രത്തെ പറ്റി സംസാരിക്കാം. കേരളത്തിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പാരമ്പര്യമുള്ളതും, ജനകീയരുമായ നേതാക്കൾ ബിജെപിക്ക് അധികമില്ല (ഇല്ല എന്ന് തന്നെ പറയാം) എന്നത് സത്യമാണ്. അതാത് പ്രാദേശിക മേഖലകളിൽ അണികളെ കൂട്ടുന്ന നേതാക്കൾ ഉണ്ടാകാമെങ്കിലും, ഒരു വിഎസിനെ പോലെയോ, ഉമ്മൻ ചാണ്ടിയെ പോലെയോ, കരുണാകരനെ പോലെയോ, ഇകെ നായനാരെ പോലെയെ, എന്തിന് ഈ തലമുറയിലെ പല സിപിഐഎം, കോൺഗ്രസ് നേതാക്കളെ പോലെയോ പോലും ജനങ്ങൾ മനസറിഞ്ഞ് നേതാക്കളായി കാണുന്ന ആരും തന്നെ ബിജെപിക്ക് ഇല്ല. അത്തരമൊരു സാഹചര്യത്തിൽ ഇലക്ഷൻ ജയിക്കാൻ പ്രയാസമാണെന്ന് നല്ലതുപോലെ അറിയാവുന്നത് കാരണമാണ് അവർ ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിന് പുറത്ത് ജനപ്രീതിയുള്ള വ്യക്തികളെ സ്ഥാനാർത്ഥികളാക്കുകയോ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒപ്പം കൂട്ടുകയോ ചെയ്യുന്നത്. സുരേഷ് ഗോപി മുതൽ ദേവൻ, പ്രിയദർശൻ, ജി. കൃഷ്ണകുമാർ, കൊല്ലം തുളസി, മേജർ രവി പോലുള്ളവരെ ഒപ്പം നിർത്താനായി ബിജെപി ശ്രമിച്ചിട്ടുള്ളത് അതിന്റെ ഭാഗമായാണ്. ഇതിൽ പലരും സ്ഥാനാർത്ഥികളായില്ലെങ്കിലും പ്രചാരണത്തിന് മുമ്പിൽ നിൽക്കുകയോ, പാർട്ടി പരിപാടികളിൽ പങ്കുചേരുകയോ ചെയ്തവരാണ്. മോഹൻലാലിനെ പോലെ വലിയ താരങ്ങളെ സ്ഥാനാർത്ഥികളാക്കുമെന്ന് മുമ്പ് പലപ്പോഴും പ്രചരണങ്ങളുണ്ടായെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല.
സമ്പൂർണ്ണ രാഷ്ട്രീയക്കാരെ നിർത്തി വിജയം കൊയ്യാം എന്ന സ്വപ്‌നം ഫലിക്കാതെ വന്നപ്പോൾ കഴിഞ്ഞ കുറേ കാലമായി ബിജെപിക്കാർ നടത്തിയ ഈ തന്ത്രം, ആദ്യമൊന്നും പ്രത്യേകിച്ച് ചലനമുണ്ടാക്കിയില്ലെങ്കിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ഫലം കണ്ടു എന്നത് സത്യമാണ്. സുരേഷ് ഗോപി വിജയിക്കും മുമ്പ് തന്നെ ഈ തന്ത്രം മനസിലാക്കിയ സിപിഐഎമ്മും കോൺഗ്രസും ഇതേ പാത പിന്തുടരുകയും, ഇതിൽ മുകേഷ്, ഇന്നസെന്റ് മുതലായവർ അത്തരത്തിൽ ജനപ്രതിനിധികളായി മാറുകയും ചെയ്തത് മറ്റൊരു കഥ.
ഇത്തവണയും പതിവുപോലെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, റിയാലിറ്റി ഷോകളിൽ നിന്നുമെല്ലാം സ്ഥാനാർത്ഥികളെ ഇറക്കി വോട്ട് പിടിക്കാൻ കോപ്പുകൂട്ടുകയാണ് ബിജെപി പാളയം. സിനിമാ താരങ്ങളായ ലക്ഷ്മിപ്രിയയെ പെരുമ്പാവൂർ മണ്ഡലത്തിലും, അഞ്ജലി നായരെ തൃപ്പൂണിത്തുറയിലും, വീണാ നായരെ ഏറ്റുമാനൂരിലും നിർത്തിയപ്പോൾ, റിയാലിറ്റി ഷോ താരങ്ങളായ അഖിൽ മാരാരെ തൃക്കാക്കരയിലിലും, ഡോ. റോബിൻ രാധാകൃഷ്ണനെ കുണ്ടറയിലും, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പ്രോമി കുര്യാക്കോസിനെ അങ്കമാലിയിലുമാണ് എൻഡിഎ മുന്നണി പരീക്ഷിക്കുന്നത്. ഇതിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തത് കാരണം ലക്ഷ്മിപ്രിയയുടെയും, വീണാ നായരുടെയും സ്ഥാനാർത്ഥിത്വം തുലാസിലായതിനാൽ ഇവിടങ്ങളിൽ വീണ്ടും സെലിബ്രിറ്റി സ്ഥാനാർത്ഥികളെ തന്നെ എത്തിക്കുമോ എന്ന് കണ്ടറിയണം.
ഇത്തരത്തിൽ മറ്റ് മേഖലകളിൽ ശോഭിക്കുന്നവരെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുന്ന പതിവ് മറ്റ് സംസ്ഥാനങ്ങളിൽ പതിവാണെങ്കിലും കേരളത്തിൽ ഈയിടെ കണ്ടുതുടങ്ങിയതാണ് എന്നതാണ് ഇതിൽ കൗതുകം സൃഷ്ടിക്കുന്നത്. തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലുമെല്ലാം രാഷ്ട്രീയവും സിനിമയും ഇഴുകിച്ചേർന്ന് നിൽക്കുംപോലെയല്ല കേരളത്തിലെ സ്ഥിതി. എങ്കിലും കേരളത്തിൽ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുകയും (അതില്ലെന്ന് ഇടതുപാർട്ടിക്കാർ വീടുവീടാന്തരം കേറി സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും, പാർട്ടി സെക്രട്ടറി അടക്കമുള്ളവർ സകലവേദികളിലും പ്രസംഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും), യുഡിഎഫിൽ പതിവുപോലെ പാളയത്തിൽ പടയും, നേതാക്കന്മാരുടെ അതിപ്രസരവും തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, അവസരം മുതലാക്കി എങ്ങനെയും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ബിജെപി, ഈ സമീപനം പിന്തുടരുന്നതിൽ അത്ഭുതമില്ല.
എന്നാൽ സുരേഷ് ഗോപി വിജയിച്ചതുപോലെ അത്ര എളുപ്പമാകില്ല ബിജെപിക്ക് ഇത്തവണ നിയമസഭയിലെ കാര്യങ്ങൾ. മുമ്പ് രണ്ട് തവണ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ സഹതാപതരംഗവും, ചാരിറ്റി പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ 'Right Man in the Wrong Party' എന്ന ധാരണയുമെല്ലാം സുരേഷ് ഗോപിയുടെ വിജയത്തിന് നാന്ദിയായെങ്കിൽ അത്തരമൊരു ആനുകൂല്യം ബിജെപിയുടെ മറ്റ് സെലിബ്രിറ്റി സ്ഥാനാർത്ഥികൾക്ക് ലഭിച്ചേക്കില്ല. മാത്രമല്ല സുരേഷ് ഗോപിയെ പോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന, ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റ് കരിയർ സൃഷ്ടിച്ചെടുത്തവരുമല്ല മേൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികൾ. ഇതിനെല്ലാം പുറമെ, ഇത്തവണ ലോക്‌സഭയിലേയ്ക്ക് വിജയിച്ചെങ്കിലും അടുത്ത വർഷം താമര ചിഹ്നത്തിൽ മത്സരിച്ചാൽ സുരേഷ് ഗോപി പോലും വിജയക്കൊടി പാറിക്കുമെന്നതിൽ വലിയ ശങ്കയുണ്ട് താനും. ഇതെല്ലാം കൊണ്ടുചെന്നെത്തിക്കുന്നത് ബിജെപിയുടെ ഈ പതിവ് 'സെലിബ്രിറ്റി സ്ഥാനാർത്ഥി സംസ്‌കാരം' ഇത്തവണ വേരുപിടിക്കാൻ പ്രയാസമാകും എന്ന നിഗമനത്തിലേയ്ക്ക് തന്നെയാണ്.
പേരല്ല, പ്രവൃത്തിയാണ് കേരളത്തിലെ ജനങ്ങൾ സ്ഥാനാർത്ഥികളിൽ കാണുന്ന പ്രധാന മേന്മ എന്ന് തെളിയിക്കുന്നതാണ് ഓരോ തെരഞ്ഞെടുപ്പും. രണ്ട് വട്ടം എംഎൽഎ ആയിട്ടും, തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം ഭരണപക്ഷമായിട്ടും പോലും, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്വന്തം നാട്ടുകാരനായ മുകേഷിന് നിലംതൊടാത്ത പരാജയം ഏൽക്കേണ്ടി വന്നത് അതിന്റെ തെളിവാണ്. അതിനാൽ ബിജെപിയുടെ ഈ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ഇത്തവണ പരാജയം രുചിക്കുമെന്നതിൽ സംശയമില്ല.