കര്‍ട്ടനും കിടക്കയും വില്‍ക്കാനെത്തുന്നവരെ സൂക്ഷിക്കുക, അനുഭവസ്ഥരുടെ വെളിപ്പെടുത്തല്‍

സംസ്ഥാനത്തെങ്ങും കര്‍ട്ടന്‍, ഫ്‌ളോര്‍ മാറ്റ്, കിടക്ക തുടങ്ങിയ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിച്ച് വില്‍ക്കുന്നവരെ സൂക്ഷിക്കുക. ഇത്തരക്കാരുമായുള്ള ഇടപാടുകള്‍ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച് വന്ന പോസ്റ്റില്‍ ഒട്ടേറെപ്പേരാണ് അനുഭവങ്ങള്‍ പങ്കുവെച്ച് മുന്നറിയിപ്പുമായി എത്തിയത്.
 

കൊച്ചി: സംസ്ഥാനത്തെങ്ങും കര്‍ട്ടന്‍, ഫ്‌ളോര്‍ മാറ്റ്, കിടക്ക തുടങ്ങിയ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിച്ച് വില്‍ക്കുന്നവരെ സൂക്ഷിക്കുക. ഇത്തരക്കാരുമായുള്ള ഇടപാടുകള്‍ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച് വന്ന പോസ്റ്റില്‍ ഒട്ടേറെപ്പേരാണ് അനുഭവങ്ങള്‍ പങ്കുവെച്ച് മുന്നറിയിപ്പുമായി എത്തിയത്. തട്ടിപ്പിനിരയായവരില്‍ പലരും മാനഹാനി ഭയന്ന് ഇക്കാര്യം തുറന്നുപറയാറുമില്ല.

വീട്ടില്‍ വാഹനത്തിലെത്തിച്ച് തരുന്നതിനാല്‍ ഇത് വാങ്ങിയാലോ എന്ന് കരുതി വില ചോദിച്ചാല്‍ പെട്ടു എന്നേ പറയേണ്ടു. കാരണം, ഒരിക്കല്‍ വില ചോദിക്കുകയോ കര്‍ട്ടന്റെ ഗുണനിലവാരം പരിശോധിക്കുകയോ ചെയ്താല്‍ അവര്‍ നിങ്ങളെ അത് നിര്‍ബന്ധിച്ച് പിടിപ്പിക്കുമെന്ന് മാത്രമല്ല ജോലി കഴിഞ്ഞാല്‍ ആദ്യം പറഞ്ഞതിന്റെ രണ്ടിരട്ടിയോളം തുക നല്‍കേണ്ടതായും വരും.

പ്രായമായവരും സ്ത്രീകളും മാത്രം ഉള്ള വീടുകളാണെങ്കില്‍ ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചാലും നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഒടുവില്‍ വില ചോദിച്ചാല്‍ സാധനം ഫിറ്റ് ചെയ്ത് പണം പിടിച്ചുവാങ്ങിയിട്ടേ ഇവര്‍ സ്ഥലം വിടുകയുള്ളൂ.

വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള വീട്ടിലെത്തി കര്‍ട്ടന്‍ നല്‍കിയശേഷം ഇരട്ടിയോളം തുക തട്ടിയെടുത്ത കാര്യം ഒരാള്‍ പങ്കുവെച്ചു. കര്‍ട്ടന്‍ വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് വര്‍ക്ക് ചെയ്യുകയും ഒടുവില്‍ 40,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഒടുവില്‍ വാക്കേറ്റം നടത്തി 20,000 രൂപ നല്‍കി ഒഴിവാക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും ഇയാള്‍ പറയുന്നു.

1800 രൂപ പറഞ്ഞ സാധനത്തിന് 8,000 രൂപ ആവശ്യപ്പെട്ട സംഭവമാണ് മറ്റൊരാള്‍ പങ്കുവെച്ചത്. ആദ്യം പറഞ്ഞ അളവിന്റെ കണക്കിലല്ല പണി കഴിഞ്ഞശേഷം ചോദിക്കുന്നത്. ഒടുവില്‍ സാധനം അഴിച്ചെടുത്തു കൊണ്ടുപോകാന്‍ പറയുകയായിരുന്നു. 2000 രൂപ അങ്ങോട്ട് നല്‍കേണ്ടിവന്നതായും അവര്‍ പറഞ്ഞു. സാധനത്തിന്റെ വില ചോദിച്ചാല്‍ ഉടന്‍ അളവെടുത്ത് മുറിക്കുകയായി. പിന്നീട്, മുറിച്ച കര്‍ട്ടന്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. മാര്‍ക്കറ്റിലെ വിലയുടെ ഇരട്ടിയോളമാണ് ഇവര്‍ പിടിച്ചുപറിക്കുന്നത്.

സംഘമായാണ് ഇവര്‍ എത്തുക. വേണ്ടെന്നു പറഞ്ഞാല്‍ വിനയത്തോടെയുള്ള ഇവരുടെ വാക്ചാതുരിയില്‍ ആളുകളെ വീഴ്ത്തും. പണം പറഞ്ഞ് ഉറപ്പിച്ചാല്‍ ഉടന്‍ അളവെടുത്ത് മുറിക്കുകയായി. പണി കഴിയുന്നതോടെയാണ് ഇവരുടെ തനിനിറം പുറത്താവുക. നേരത്തെ വാക്കുറപ്പിച്ചതിന്റെ രണ്ടിരട്ടിയോളം വേണമെന്ന് പറയും. സാങ്കേതികമായ കണക്കുകള്‍ പറഞ്ഞായിരിക്കും ഇവര്‍ റേറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കൊടുത്തില്ലെങ്കില്‍ ഭീഷണിയായി. പോലീസിനെ വിളിച്ചാല്‍ വിലകുറച്ച് സ്ഥലംവിടും. ഇതാണ് ഇവരുടെ രീതി. കച്ചവടം എന്ന വ്യാജേന വീടുകളിലെത്തി ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടില്‍ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട് എന്നതിനാല്‍ ഇവരെ അതിവേഗം ഒഴിവാക്കുന്നതാകും ബുദ്ധി.