ശബരിമല ഡ്യൂട്ടിക്കിടെ പിറന്നാൾ മധുരം നൽകി അയ്യപ്പഭക്തർ; വൈറലായി എസ്ഐയുടെ വീഡിയോ
ശബരിമല തീർഥാടന കാലത്ത് ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് അയ്യപ്പനെ തൊഴുത് അനുഗ്രഹം തേടുന്ന ഇവർ പിന്നീട് വിവിധ മേഖലകളിലായി ചുമതലകളിലേക്ക് കടക്കുന്നു.
ശബരിമല: ശബരിമല തീർഥാടന കാലത്ത് ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് അയ്യപ്പനെ തൊഴുത് അനുഗ്രഹം തേടുന്ന ഇവർ പിന്നീട് വിവിധ മേഖലകളിലായി ചുമതലകളിലേക്ക് കടക്കുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം സുരക്ഷാ പരിശോധനകളും ഗതാഗത നിയന്ത്രണങ്ങളും ഇവരുടെ ഉത്തരവാദിത്തങ്ങളാണ്. മണിക്കൂറുകളോളം വിശ്രമമില്ലാതെ തിരക്കിനിടയിൽ നിൽക്കേണ്ടി വരുമ്പോഴും മുഖത്ത് ക്ഷീണം പ്രകടിപ്പിക്കാതെ ഭക്തർക്ക് വഴികാട്ടാനും സഹായമെത്തിക്കാനും ഇവർ സദാ സന്നദ്ധരാണ്. എന്നാൽ കൂട്ടത്തിലൊരു പോലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.
പതിനാറ് വർഷത്തെ ശബരിമല സേവനത്തിനിടെ ആദ്യമായി ലഭിച്ച അപ്രതീക്ഷിത പിറന്നാൾ സ്നേഹത്തിന്റെ സന്തോഷം പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥൻ. കെ.എ.പി മൂന്നാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ ആർ.പി. സിനിലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് മരക്കൂട്ടത്ത് ഡ്യൂട്ടിയിലായിരുന്ന സിനിലാലിന് ദർശനത്തിനെത്തിയ സ്വാമിമാർ കടലമിട്ടായിയും ലഡ്ഡുവും നൽകിയാണ് പിറന്നാൾ മധുരമുള്ളതാക്കിയത്. "ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ഇവിടെ മരക്കൂട്ടത്ത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മിട്ടായി പോലും തന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോഴാണ് ഒരു സ്വാമി കടലമിട്ടായി കൊണ്ടുതന്നത്" എന്ന വാക്കുകളോടെയാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിമിഷങ്ങൾക്കകം നാലു ലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. വലിയ സ്വീകാര്യത ലഭിച്ചതോടെ സന്തോഷം പങ്കുവെച്ച് അദ്ദേഹം രണ്ടാമത്തെ വീഡിയോയും പോസ്റ്റ് ചെയ്തു. കഴിഞ്ഞ 16 വർഷമായി ശബരിമല ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമായാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മാനങ്ങളുടെ വിലയേക്കാൾ അതിന് പിന്നിലെ സ്നേഹമാണ് ഏറ്റവും വലുതെന്നും സിനിലാൽ കൂട്ടിച്ചേർത്തു.
പയ്യന്നൂർ രാമപുരം സ്വദേശിയും തളിപ്പറമ്പ് തലോറ താമസക്കാരനുമായ സിനിലാൽ ഒന്നര മാസം മുമ്പാണ് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നിന്നും അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലേക്ക് മാറിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമൊപ്പം ഭക്തർക്ക് താങ്ങായി നിൽക്കുന്ന പോലീസുകാരുടെ സേവനത്തിനിടയിലെ ഈ ഹൃദ്യമായ അനുഭവം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.