ഇന്ദിര കാന്റീന്‍ മറവില്‍ സമൃദ്ധി ഭക്ഷണശാലയും കുടുംബശ്രീയും തകര്‍ക്കാന്‍ ശ്രമം, സാമ്പിള്‍ വെടിക്കെട്ടുമായി കൊച്ചി മേയര്‍, നോക്കി നില്‍ക്കില്ലെന്ന മുന്നറിയിപ്പുമായി തോമസ് ഐസക്

എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ട്രയിന്‍ ഇറങ്ങിയാല്‍ ഉറപ്പായും ഭക്ഷണം സമൃദ്ധിയില്‍ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം.  

 

ഇടതുഭരണത്തില്‍ വിജയകരമായി നടപ്പാക്കി ആയിരക്കണക്കന് സാധാരണക്കാര്‍ക്ക് താങ്ങായി മാറിയ സമൃദ്ധി ഹോട്ടല്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ആരോപിച്ചു.

കൊച്ചി: കോര്‍പ്പറേഷന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് ഇന്ദിര കാന്റീന്‍ തുടങ്ങാനുള്ള പദ്ധതിക്കെതിരെ ആഞ്ഞടിച്ച് സിപിഎം. ഇടതുഭരണത്തില്‍ വിജയകരമായി നടപ്പാക്കി ആയിരക്കണക്കന് സാധാരണക്കാര്‍ക്ക് താങ്ങായി മാറിയ സമൃദ്ധി ഹോട്ടല്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ആരോപിച്ചു.

സമൃദ്ധി ഭക്ഷണശാലയിലെ 20 രൂപ കുറയ്ക്കാന്‍ 10 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, അത് സമൃദ്ധിയേയും കുടുംബശ്രീയേയും തകര്‍ക്കാനാകരുത്. നിലവിലുള്ള സംവിധാനത്തില്‍ തന്നെ വില കുറച്ച് നല്‍കാം. സമൃദ്ധി എന്ന പേരാണോ പ്രശ്‌നം. ഇതിന്റെ മറവില്‍ കുടുംബശ്രീ തകര്‍ക്കാനാണ് ശ്രമം. ഇത് നോക്കിനില്‍ക്കില്ലെന്നും ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി. 

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,   

എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ട്രയിന്‍ ഇറങ്ങിയാല്‍ ഉറപ്പായും ഭക്ഷണം സമൃദ്ധിയില്‍ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം.  

അനില്‍കുമാര്‍ മേയറായുള്ള നഗരസഭാ ഭരണസമിതി നഗരത്തില്‍ ചെയ്ത ഒട്ടേറെ നല്ല കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും ജനപ്രീയമായ ഒന്നാണ് സമൃദ്ധി. കച്ചേരിപ്പടിയിലെ മുഖ്യഭക്ഷണശാലയ്ക്കൊപ്പം കടവന്ത്രയിലും, ഫോര്‍ട്‌കൊച്ചിയിലും സമൃദ്ധി ഭക്ഷണശാലകള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ഷിപ്പ് യാര്‍ഡിലെ തൊഴിലാളികളുടെ കാന്റീന്‍ നടത്തുന്നതും സമൃദ്ധിയാണ്. റെയില്‍വേ ഭക്ഷണം കൊടുക്കുന്നുന്നതിനായി  കഞഇഠഇ യുമായി കരാറുമുണ്ട്. ഇത്തരത്തില്‍ ജനകീയമായി വളര്‍ന്നുവരുന്ന ഒരു സ്ഥാപനത്തില്‍ അഭിമാനം കൊള്ളുകയല്ലേ പുതിയൊരു മേയര്‍ ചെയ്യേണ്ടത്? എങ്ങിനെ അതിനെ വിപുലപ്പെടുത്താം എന്നല്ലേ ചിന്തിക്കേണ്ടത്? എന്നാല്‍ അതല്ല പുതിയ മേയറുടെ ചിന്ത.

സമൃദ്ധിക്കുള്ളില്‍ ഇന്ദിര കാന്റീന്‍ തുടങ്ങാനാണ് തീരുമാനം. അവിടെ ഇന്ദിര ക്യാന്റീനില്‍ 10 രൂപയ്ക്ക് ഭക്ഷണം കൊടുക്കും പോലും. നിലനില്‍ക്കുന്ന സംവിധാനത്തെ തകര്‍ക്കാന്‍ ഇതിനപ്പുറം വേറൊന്നും വേണ്ടല്ലോ? ഇനി ഭക്ഷണത്തിന്റെ വില 20 രൂപയില്‍ നിന്ന് കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ നിലവിലുള്ള സമൃദ്ധിക്ക് ആ സബ്സിഡി അനുവദിച്ചാല്‍ പോരെ? അതുവഴി സമൃദ്ധിയില്‍ വരുന്നവര്‍ക്കെല്ലാം 10 രൂപയ്ക്ക് ഭക്ഷണം നല്‍കാമല്ലോ?

അതോ ഇനി സമൃദ്ധി എന്ന പേരിനോടാണോ അലര്‍ജി? ഈ പേര് എല്‍ഡിഎഫ് ലാഞ്ചനയുള്ള പേരോ മറ്റോ ആണോ? ഇത്ര അസഹിഷ്ണുത പാടില്ല. നിങ്ങളിപ്പോള്‍ എല്ലാവരുടെയും മേയറാണ്. ഏതെങ്കിലും സമുദായത്തിന്റെയോ പാര്‍ട്ടിയുടേയോ മാത്രം മേയറല്ല. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനല്ലേ ശ്രമിക്കേണ്ടത്? അതോ തുടക്കം തന്നെ ഏറ്റുമുട്ടാന്‍ ആണോ ഭാവം?

യഥാര്‍ഥ പ്രശ്‌നം പേരുമാറ്റല്‍ അല്ല. സമൃദ്ധി എന്നത് കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നാണ്. ഉന്നം കുടുംബശ്രീയാണ്. ഈ സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് പറയാതെ വയ്യ. 

കുടുംബശ്രീയെ തകര്‍ക്കാന്‍ പണ്ട് ജനശ്രീ ആവിഷ്‌കരിച്ചവരല്ലേ കോണ്‍ഗ്രസ്? കുടുംബശ്രീയ്ക്ക് പകരം ജനശ്രീയെ സ്ഥാപിക്കാന്‍ വേണ്ടി NRLM പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് മറ്റ് സ്വയം സഹായ സംഘങ്ങളിലൂടെ ആവാം എന്നുവരെ തീരുമാനിച്ചു. കേരളത്തിലെമ്പാടുമുള്ള കുടുംബശ്രീ പ്രതിനിധികള്‍ ഒരുമാസക്കാലം സെക്രട്ടറിയേറ്റിനു മുന്നില്‍ തെരുവില്‍ സമരം ചെയ്താണ് ഈ നീക്കത്തെ അന്ന് ചെറുത്ത് തോല്‍പ്പിച്ചത്. ആ സമരത്തിന് കൊച്ചിപട്ടണത്തില്‍ നിന്ന് വലിയൊരുസംഘം സ്ത്രീകളുണ്ടായിരുന്നു. 

കസേരയില്‍ ഇരിപ്പുറയ്ക്കും മുന്‍പേ മനസിലുള്ളത് പുറത്തുവന്നിരിക്കുകയാണ്. മാലിന്യ പ്രശ്‌നമൊന്നും അല്ല മുന്‍ഗണനയില്‍. ഏറ്റവും മാതൃകാപരമായി നടക്കുന്ന സമൃദ്ധിയെന്ന കേന്ദ്രത്തെ തകര്‍ക്കാന്‍ ആണ് ആദ്യംതന്നെ ശ്രമം. പ്രസിദ്ധമായ തിരുവനന്തപുരം സമരത്തിന് ശേഷം ആദ്യമായിട്ടാണ് കേരളത്തില്‍ കുടുംബശ്രീയെ ഒതുക്കുവാനുള്ളൊരു പരസ്യ ശ്രമം നടക്കുന്നത്. 

അധികാരം കിട്ടിയാല്‍ ലൈഫ് മിഷന്‍ പിരിച്ചു വിടും, കിഫ്ബി പിരിച്ചു വിടും, എന്നൊക്കെയാണല്ലോ യുഡിഎഫിന്റെ പ്രഖ്യാപനങ്ങള്‍. ഇതേ മാതൃകയില്‍ കൊച്ചി മേയര്‍ ഒരു സാമ്പിള്‍ വെടിക്കെട്ട് പൊട്ടിച്ചിരിക്കുകയാണ്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിന്റെ സാമ്പിള്‍ പരീക്ഷണമാണ് വി.കെ. മിനിമോള്‍ നടത്തുന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. കുടുംബശ്രീയെ സ്‌നേഹിക്കുന്ന മുഴുവന്‍ നഗരവാസികളും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം.