അര്‍ജന്റീനയുടെ വരവ്, മാധ്യമങ്ങളോട് 6 ചോദ്യങ്ങളുമായി റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, ഏതെങ്കിലും ഒന്ന് തെളിയിച്ചാല്‍ 1 കോടി രൂപ പാരിതോഷികം, എല്ലാം വ്യാജ വാര്‍ത്തകളോ?
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ സൗഹൃദ മത്സരത്തിനായി കൊണ്ടുവരാനുള്ള പദ്ധതി തട്ടിപ്പായിരുന്നെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമ ആന്റോ അഗസ്റ്റിന്‍.
സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആന്റോ 6 ചോദ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഈ ചോദ്യങ്ങിലൊന്ന് തെളിയിക്കാനായാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആന്റോ വ്യക്തമാക്കി.
കൊച്ചി: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ സൗഹൃദ മത്സരത്തിനായി കൊണ്ടുവരാനുള്ള പദ്ധതി തട്ടിപ്പായിരുന്നെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാനായി 126 കോടി രൂപ നല്‍കിയത് ആന്റോയാണ്. എന്നാല്‍, എല്ലാം തട്ടിപ്പായിരുന്നെന്നും കള്ളപ്പണം രാജ്യത്തിന് വെളിയിലെത്താനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്നുമാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയത്.
ഇത്തരം വാര്‍ത്തകളെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി ആന്റോ വെല്ലുവിളി ഉയര്‍ത്തി. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആന്റോ 6 ചോദ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഈ ചോദ്യങ്ങിലൊന്ന് തെളിയിക്കാനായാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്റോ അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇനി ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല.
നാടിന് നാഴികക്കല്ലായി മാറുമായിരുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ സഹായിക്കണം എന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് നിരുപാധികം പിന്തുണ നല്‍കാന്‍ തീരുമാനിച്ചു എന്ന കുറ്റത്തിനാണ് ദിവസങ്ങളായുള്ള ഈ, കല്ലേറും, കുരിശ്ശേറ്റവും.
ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന, ഞങ്ങള്‍ക്ക് പകരം ഇതേ കാര്യം ചെയ്യാന്‍ അവസരമുണ്ടായിരുന്ന കേരളത്തിലെ സഹമാധ്യമങ്ങളാണ് ഈ വേട്ടയാടലിനു നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് ഏറ്റവും വേദനാ ജനകം.
കിട്ടിയ അവസരത്തില്‍ റിപ്പോര്‍ട്ടര്‍ ടി വിയെ കുഴിച്ചു മൂടാന്‍ ഓവര്‍ ടൈം പണിയെടുക്കുന്ന പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോടാണ്.
നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. ദിവസങ്ങളായി നിങ്ങള്‍ നല്‍കി വരുന്ന വാര്‍ത്തകളിലെ വസ്തുത തെളിയിക്കാന്‍.
നിങ്ങള്‍ തന്നെ ഉയര്‍ത്തിയ ഈ
ആരോപണങ്ങള്‍ മുന്നോട്ടുവെക്കുന്നു?
1) അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി RBCക്ക് കരാര്‍ ഇല്ല എന്ന് തെളിയിക്കാനാകുമോ?
2) AFA യ്ക്ക് പണം നല്‍കിയത് അനുമതിയില്ലാതെയാണ് എന്ന് വാര്‍ത്ത നല്‍കിയത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ്?
3) കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം എന്ത് തെളിവുകളുടെ അടിസ്ഥാനത്തില്‍?
4) പണം അയച്ചതിനു കേന്ദ്ര അനുമതി ഇല്ലായിരുന്നു എന്ന് തെളിയിക്കാന്‍ കഴിയുമോ?
5) AFA യില്‍ നിന്നും 55 കോടി RBC യ്ക്ക് തിരികെ കിട്ടിയെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
6) ഈ ആശയം സര്‍ക്കാരിന് മുന്നില്‍ വെച്ച Goat Ad എന്ന കമ്പനിയുമായി RBC യ്ക്ക് എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
പ്രിയപ്പെട്ട ഏഷ്യാനെറ്റ്, മനോരമ, 24 , മാതൃഭൂമി, മീഡിയ വണ്‍ തുടങ്ങിയ മാധ്യമ സുഹൃത്തുക്കളെ, നിങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ വാര്‍ത്തകളിലെ ഏതെങ്കിലും ഒരു വാദം തെളിയിക്കാന്‍ കഴിഞ്ഞാല്‍ 1 കോടി രൂപ പാരിതോഷികം നല്‍കാന്‍ ഞാന്‍ തയ്യാറാണ്.
വരുന്ന 48 മണിക്കൂറില്‍ തുറന്ന സംവാദത്തിന് തയ്യാര്‍. പൂര്‍ണമായും എഡിറ്റുകളില്ലാതെ അത് ലൈവ് ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? ലൈവായി പ്രസിദ്ധീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി തയ്യാര്‍. വെല്ലുവിളി ഏറ്റെടുക്കുമോ?
അത് കഴിയില്ലെങ്കില്‍ മാധ്യമ വിചാരണ ചെയ്ത് ആളെ ശിക്ഷിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ല,
നിങ്ങള്‍ പറഞ്ഞത് സത്യമെങ്കില്‍ ഈ വെല്ലുവിളി എറ്റെടുക്കണം
ജനാധിപത്യ ഇന്ത്യയാണ്.