കെട്ടിവെച്ച കാശുപോലും കിട്ടാതെ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി, കിട്ടിയത് എസ്ഡിപിഐ വോട്ട്, ഫേസ്ബുക്ക് ലൈക്ക് വോട്ടാകില്ല, വിലപേശല്‍ രാഷ്ട്രീയത്തിന് തിരിച്ചടി

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പിവി അന്‍വറും പുതിയ പാര്‍ട്ടിയായ ഡിഎംകെയും അപ്രസക്തമായി. ചേലക്കരയില്‍ ഡിഎംകെയ്ക്കുവേണ്ടി മത്സരിച്ച അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീര്‍ ആകെ നേടിയത് 3,909 വോട്ട് മാത്രമാണ്.

 
ആഴ്ചകള്‍ക്ക് മുന്‍പ് ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോഴും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ അന്‍വറിന് കിട്ടിയിരുന്നു.

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പിവി അന്‍വറും പുതിയ പാര്‍ട്ടിയായ ഡിഎംകെയും അപ്രസക്തമായി. ചേലക്കരയില്‍ ഡിഎംകെയ്ക്കുവേണ്ടി മത്സരിച്ച അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീര്‍ ആകെ നേടിയത് 3,909 വോട്ട് മാത്രമാണ്. കെട്ടിവെച്ച കാശ് നഷ്ടമായെന്നു മാത്രമല്ല മണ്ഡലത്തിലെ ജയപരാജയത്തിന് സ്വാധീനമുണ്ടാക്കാനും അന്‍വറിന് സാധിച്ചില്ല. ചേലക്കരയില്‍ ഡിഎംകെ ഇരുപതിനായിരം വോട്ട് നേടും എന്നായിരുന്നു പി.വി. അന്‍വറിന്റെ അവകാശവാദം. ആയിരം വീടുകള്‍ നിര്‍മ്മിച്ചത് നല്‍കുന്നത് അടക്കമുള്ള ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പിവി അന്‍വറിന്റെ പ്രചാരണം.

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവാണ് സുധീര്‍. അതുകൊണ്ടുതന്നെ അവിടെ നിര്‍ണായക ശക്തിയാകുമെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചെങ്കിലും രമ്യ ഹരിദാസിനേയാണ് മാറ്റേണ്ടതെന്ന നിലപാടിലായിരുന്നു അന്‍വര്‍. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയയ്ക്കപ്പുറം വലിയ ഓളമുണ്ടാക്കാന്‍ അന്‍വറിന് സാധിച്ചില്ല.

ആഴ്ചകള്‍ക്ക് മുന്‍പ് ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോഴും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ അന്‍വറിന് കിട്ടിയിരുന്നു. ഈ പിന്തുണകണ്ടാണ് അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. എന്നാല്‍, ചേലക്കരയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ ഉപാധികളില്ലാതെ യുഡിഎഫിലേക്ക് പോകേണ്ടിവന്നേക്കും.

ചേലക്കരയില്‍ എസ്ഡിപിഐ പിന്തുണ അന്‍വറിന് നല്‍കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് സംഘടനയുടേയും ചെറിയൊരു ശതമാനം വോട്ട് മാത്രമാണ് സുധീറിന് നേടാനായത്. ഡിഎംകെ നേടിയ വോട്ട് ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്നതായിരുന്നെങ്കില്‍ അന്‍വറിന് വിലപേശാന്‍ അവസരം ലഭിക്കുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി കൈകോര്‍ത്ത് കരുത്ത് തെളിയിക്കാനാകും ഇനി പിവി അന്‍വറിന്റെ ലക്ഷ്യം.