ഇടതു ഹാങ്ങോവർ മാറാത്ത എം.എൽ.എ; യു.ഡി.എഫിന് ബാധ്യതയായി ടി.കെ ഗോവിന്ദൻ..?
സി.പി.എം വിട്ട് യു.ഡി.എഫ് പാളയത്തിലെത്തി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ ഗോവിന്ദൻ എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ
എം.എൽ.എയുടെ ഇത്തരം നിലപാടുകൾക്കെതിരെ സംസാരിക്കാനോ അദ്ദേഹത്തെ കടിഞ്ഞാണിടാനോ മണ്ഡലത്തിലെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസിനോ മുസ്ലിം ലീഗിനോ സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കണ്ണൂർ : സി.പി.എം വിട്ട് യു.ഡി.എഫ് പാളയത്തിലെത്തി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ ഗോവിന്ദൻ എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ കടുത്ത അമർഷം. മുന്നണി മാറ്റത്തിന് ശേഷവും ഉള്ളിലെ 'ഇടതു ഹാങ്ങോവർ' വിട്ടുമാറാത്ത എം.എൽ.എ, യു.ഡി.എഫിന് തന്നെ തലവേദനയും ബാധ്യതയുമായി മാറിയിരിക്കുകയാണെന്നാണ് മണ്ഡലത്തിലെ പൊതുവിലയിരുത്തൽ.
എം.എൽ.എയുടെ നടപടികളും നിലപാടുകളുമാണ് മുന്നണിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്: മുൻപ് പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ തീവ്ര ഇടത് സംഘടനാ പ്രവർത്തകനെ തന്നെ പേഴ്‌സണൽ അസിസ്റ്റന്റായി (PA) നിയമിച്ചതാണ് പ്രാദേശിക യു.ഡി.എഫ് നേതൃത്വത്തെ ആദ്യം തന്നെ ചൊടിപ്പിച്ചത്. കോൺഗ്രസ്, ലീഗ് പ്രവർത്തകരെ പൂർണ്ണമായി അവഗണിച്ചാണ് ഈ നിയമനം.
വിവിധ പൊതുപരിപാടികളിൽ "താൻ ഇന്നും മനസ്സുകൊണ്ട് ഇടതുപക്ഷക്കാരനാണ്" എന്ന് ആവർത്തിച്ചു പറയുന്ന എം.എൽ.എ, സി.പി.എം എന്ന പാർട്ടി ശക്തമായി നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പ്രസംഗിച്ച് നടക്കുന്നതും മുന്നണിയെ പ്രതിരോധത്തിലാക്കുന്നു.
എം.എൽ.എയുടെ ഇത്തരം നിലപാടുകൾക്കെതിരെ സംസാരിക്കാനോ അദ്ദേഹത്തെ കടിഞ്ഞാണിടാനോ മണ്ഡലത്തിലെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസിനോ മുസ്ലിം ലീഗിനോ സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിലവിൽ എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും നയിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി പിണറായി വിജയൻ മാത്രമാണെന്ന് അടുത്തിടെ ടി.കെ. ഗോവിന്ദൻ എം.എൽ.എ പരസ്യമായി പ്രസ്താവിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സി.പി.എമ്മിൽ നിന്ന് ഒരാളെ കൂടെക്കൂട്ടി മണ്ഡലം പിടിച്ചെടുത്തതിന്റെ ആവേശം ഇപ്പോൾ യു.ഡി.എഫ് അണികളിൽ പൂർണ്ണമായും തണുത്തിരിക്കുകയാണ്. സ്വന്തം എം.എൽ.എയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കാത്തതും, പാർട്ടി വിരുദ്ധ പ്രസ്താവനകൾ തുടരുന്നതും മുന്നണി ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക യു.ഡി.എഫ് നേതൃത്വം.