ബിഹാറില്‍ മോദി ഇന്ത്യയെ ഭയന്നു, നിതീഷിനായി ചാണക്യ തന്ത്രമൊരുക്കിയത് അമിത് ഷാ, തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമോ? ഇപ്പോഴത്തെ സീറ്റുനില എങ്ങിനെ?
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ എല്ലാ പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും എന്‍ഡിഎയിലേക്ക് കാലുമാറിയത്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ തോല്‍വി സംഭവിക്കുമെന്ന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പേ ബിജെപി കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ തന്ത്രജ്ഞനെന്ന് പേരുകേട്ട അമിത് ഷാ നിതീഷിനെ വലയിലാക്കാന്‍ ഇറങ്ങിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെ നേരത്തെ ബിജെപി കടുത്ത അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മദ്യ മാഫിയയില്‍ നിന്നും നിതീഷും പാര്‍ട്ടിയും സഹസ്രകോടികള്‍ തട്ടുന്നുണ്ടെന്നായിരുന്നു ബിഹാര്‍ ബിജെപി നേതാക്കളുടെ ആരോപണം. ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന രീതിയിലുള്ള സമാനമായ ആരോപണം നിതീഷിനെ ഭീഷണിപ്പെടുത്തി കാലുമാറ്റാന്‍ ബിജെപി ഉപയോഗിച്ചതായാണ് സംശയം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ശക്തിപ്രാപിക്കുന്നുണ്ടെന്ന ഭയം നരേന്ദ്ര മോദിക്കുണ്ടായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു ജയമില്ലെങ്കില്‍ അത് തുടര്‍ഭരണത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിഹാറിലെ ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമാക്കി നിതീഷിനെ റാഞ്ചിയത്. ഇതോടെ സംസ്ഥാനത്ത് പകുതിയില്‍ അധികം സീറ്റുകളും എന്‍ഡിഎ നേടാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയംപോലെ വലിയൊരു തൂത്തുവാരല്‍ ഉണ്ടായാലും അതിശയിക്കേണ്ടതില്ല. നിതീഷ് വീണ്ടും എന്‍ഡിഎയില്‍ എത്തുമ്പോള്‍ അമിത് ഷായുടെ തന്ത്രങ്ങളും വാഴ്ത്തപ്പെടുകയാണ്.
2019ല്‍ ബിഹാറില്‍ എന്‍ഡിഎ ഏറെക്കുറെ തൂത്തുവാരിയിരുന്നു. അന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയ്‌ക്കൊപ്പം മത്സരിച്ചപ്പോള്‍ സഖ്യം ആകെയുള്ള 40 സീറ്റുകളില്‍ 39 എണ്ണവും സ്വന്തമാക്കി. ഒരു സീറ്റ് മാത്രമാണ് ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് നേടാനായത്. ഇക്കുറിയും സമാന പ്രകടനം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ. അതേസമയം, ജെഡിയു മഹാസഖ്യം വിട്ടതോടെ സംസ്ഥാനത്തുടനീളം വമ്പന്‍ പ്രചരണം നടത്തി മികച്ച വിജയം നേടാനാണ് ആര്‍ജെഡിയുടെ ഒരുക്കം.