പ്രവാസികളെ പിഴിയാന്‍ തുടങ്ങി, സ്‌കൂള്‍ പൂട്ടലും പെരുന്നാളും, ഗള്‍ഫിലേക്കുള്ള യാത്രാ നിരക്ക് അഞ്ചിരട്ടിയോളം കൂട്ടി വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്ക് 50,000 രൂപയിലധികം, ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനത്ത് സ്‌കൂള്‍ അടക്കുന്നതും പെരുന്നാളും അടുത്തുവന്നതോടെ ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍.

 
Gulf Air Fare

പെരുന്നാളിന് പിന്നാലെ ഈസ്റ്ററും വിഷുവും എല്ലാം മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയുകയാണ് വിമാനക്കമ്പനികള്‍. ഫിബ്രുവരി 15 ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവര്‍ധന.

കരിപ്പൂര്‍: സംസ്ഥാനത്ത് സ്‌കൂള്‍ അടക്കുന്നതും പെരുന്നാളും അടുത്തുവന്നതോടെ ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.

പെരുന്നാളിന് പിന്നാലെ ഈസ്റ്ററും വിഷുവും എല്ലാം മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയുകയാണ് വിമാനക്കമ്പനികള്‍. ഫിബ്രുവരി 15 ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവര്‍ധന.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കരിപ്പൂര്‍ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക. കരിപ്പൂര്‍- ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 9000-10000ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം.

നെടുമ്പാശേരി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്. നിലവില്‍ 10,000നും 12,000ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം.

ദുബായ്-കണ്ണൂര്‍ നിരക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച 31,523 രൂപയാണ് നിരക്ക്. എന്നാല്‍, പെരുന്നാളിന് തൊട്ടടുത്തദിവസം 28ന് 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം. ദുബായ്-നെടുമ്പാശേരി ടിക്കറ്റ് നിരക്ക് 20ന് 25,835ഉം 22ന് 38,989 രൂപയായി ഉയരും. 30ന് 49,418 രൂപ നല്‍കണം.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-തിരുവനന്തപുരം നിരക്ക് 29ന് 62,216 രൂപയാണ്. വിഷുകഴിയുംവരെ 40,000ത്തിന് മുകളിലാണ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജിദ്ദ- കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം നിരക്കും 39,921 മുതല്‍ 53,575 രൂപവരെയാണ് വര്‍ധന. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വര്‍ധനയില്ല.

വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്സവ നാളുകളില്‍ നാട്ടിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വിമാനക്കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇടപെടുന്നില്ല. സംസ്ഥാനത്തെ എംപിമാരും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.