കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് പറക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ, 15 ശതമാനം ഇളവ്, ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെ
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികം പ്രമാണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. വാര്‍ഷിക ദിനമായ ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ സാധുതയുള്ളത്.
സമീപ വിമാനത്താവളത്തിലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കണ്ണൂരില്‍ നിന്നും ഈടാക്കുന്നത്. ഉത്തരമലബാറിലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികം പ്രമാണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. വാര്‍ഷിക ദിനമായ ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ സാധുതയുള്ളത്. കിയാലിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഇളവ് നല്‍കുകയായിരുന്നു.
കണ്ണൂരില്‍ നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈറ്റ്, റാസല്‍ഖൈമ, മസ്‌കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇളവ് ലഭിക്കും. നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ക്കും ഇത് ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'KANNUR' എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാല്‍ യാത്രക്കാര്‍ക്ക് കിഴിവ് ലഭിക്കും.
2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ കിയാല്‍ സംഘടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ യാത്രക്കാരുടെ കുതിപ്പുകൊണ്ട് ശ്രദ്ധേയമായ വിമാനത്താവളം ഇന്ന് സാമ്പത്തിക നഷ്ടത്തിലാണ്. വിദേശ വിമാന കമ്പനികളെ ഇവിടെനിന്നും സര്‍വീസ് നടത്താന്‍ അനുവദിക്കാത്തതാണ് കാരണം.
വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികത്തിലും 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മാത്രമായതോടെ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. സമീപ വിമാനത്താവളത്തിലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കണ്ണൂരില്‍ നിന്നും ഈടാക്കുന്നത്. ഉത്തരമലബാറിലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.