മോദി ഗ്യാരന്റി, സൈന്യത്തിന്റെ അഗ്നിവീര്‍ പരിശീലനം നേടിയശേഷം കൊള്ളസംഘമുണ്ടാക്കി പിടിച്ചുപറി, പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യമായി
്‌ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ അഗ്നിവീറില്‍ പരിശീലനം നേടിയശേഷം കൊള്ളസംഘമുണ്ടാക്കി പിടിച്ചുപറിക്കിറങ്ങിയവര്‍ പിടിയില്‍. ഇഷു എന്ന അഗ്‌നിവീര്‍ ഇഷ്മീത് സിംഗ്, ഇയാളുടെ സഹോദരന്‍ പ്രഭ്പ്രീത് സിംഗ്, ബല്‍കരന്‍ സിംഗ് എന്നിവരാണ് മൊഹാലി പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച ഒരു കാര്‍, ഒരു മോട്ടോര്‍ സൈക്കിള്‍, ഒരു സ്‌കൂട്ടര്‍, ഒരു നാടന്‍ പിസ്റ്റള്‍, മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രദേശത്ത് ഒട്ടേറെ കവര്‍ച്ച, മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് മൊഹാലിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്ദീപ് കുമാര്‍ ഗാര്‍ഗ് പറഞ്ഞു.
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ടാക്സി ബുക്ക് ചെയ്യുകയും പിന്നീട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ കൊള്ളയടിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. അഗ്നിവീര്‍ പശ്ചിമബംഗാളില്‍ നിയമിതനായ ഇഷ്മീത് സിംഗ് ഈ വര്‍ഷം മേയില്‍ ഒരു മാസത്തെ അവധിക്ക് പഞ്ചാബില്‍ എത്തിയിരുന്നു. എന്നാല്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചില്ല. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
20,000 രൂപ ശമ്പളമായതിനാലാണ് ഇയാള്‍ തിരിച്ചുപോകാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചെന്ന് ആയുധം വാങ്ങി സംഘമുണ്ടാക്കി കവര്‍ച്ചയ്ക്കിറങ്ങുകയായിരുന്നു. കുറ്റകൃത്യത്തില്‍ അഗ്‌നിവീറിന്റെ പങ്കിനെക്കുറിച്ച് പഞ്ചാബ് പോലീസ് ഇന്ത്യന്‍ സൈന്യത്തിന് കത്തെഴുതിയിട്ടുണ്ട്.
അഗ്നിവീര്‍ സൈന്യമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആശയത്തിനെതിരെ നേരത്തെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കുറഞ്ഞനാള്‍ പരിശീലനം നേടിയവര്‍ പിന്നീട് പുറത്തുവന്നശേഷം ആയുധ പരിശീലനം തെറ്റായ കാര്യത്തിന് ഉപയോഗിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കരുത്തുപകരുന്നതാണ് മൊഹാലിയിലുണ്ടായ അറസ്റ്റ്.