വിഡി സതീശന്‍ പറഞ്ഞത് ധിക്കാരവും വെല്ലുവിളിയും, സൗജന്യം വാങ്ങുന്നത് അഴിമതിയാണ്, രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍
സ്വകാര്യ മുതലാളിമാരില്‍ നിന്ന് സൗജന്യ യാത്രകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ വിഡി സതീശന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍.
ഔദ്യോഗിക ആവശ്യത്തിന് സര്‍ക്കാര്‍ വാഹനങ്ങളിലോ ചെലവിലോ മാത്രമേ യാത്ര ചെയ്യാവൂ എന്നും അത് അക്കൗണ്ടബിള്‍ ആയിരിക്കണമെന്നും ഹരീഷ് പറയുന്നു.
തിരുവനന്തപുരം: സ്വകാര്യ മുതലാളിമാരില്‍ നിന്ന് സൗജന്യ യാത്രകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ വിഡി സതീശന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ജനങ്ങളോടും ജനാധിപത്യത്തോടും ഉള്ള വെല്ലുവിളിയാണിതെന്നും ഇതുവരെ ചെയ്ത കാര്യങ്ങളുടെ മെറിറ്റ് തന്നെ റദ്ദാക്കുന്ന വര്‍ത്തമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക ആവശ്യത്തിന് സര്‍ക്കാര്‍ വാഹനങ്ങളിലോ ചെലവിലോ മാത്രമേ യാത്ര ചെയ്യാവൂ എന്നും അത് അക്കൗണ്ടബിള്‍ ആയിരിക്കണമെന്നും ഹരീഷ് പറയുന്നു.
കേന്ദ്ര അഭ്യന്തര മന്ത്രാലയം 1992-ല്‍ പുറത്തിറക്കിയ മന്ത്രിമാര്‍ക്കുള്ള മാര്‍ഗ്ഗരേഖ മുഖ്യമന്ത്രിമാര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരീഷ് വാസുദേവന്‍, അടുത്ത ബന്ധുക്കളില്‍ നിന്നല്ലാതെ സമ്മാനങ്ങളോ സൗജന്യങ്ങളോ സ്വീകരിക്കരുതെന്ന് വ്യക്തമാക്കി. സേവനം നല്‍കാതെ യാത്രാപ്പടി നേടുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി തെറ്റ് തിരുത്തി പോകുന്നതാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സ്വകാര്യ മുതലാളിമാര്‍ തരുന്ന സൗജന്യയാത്ര ഇനിയും സ്വീകരിക്കും, അതാരാണെന്ന് പറയില്ല ഇതിലൊന്നും ഒരു തെറ്റുമില്ല ഇന്ന് മുഖ്യമന്ത്രി VD സതീശന്‍ ഇന്ന് പറഞ്ഞത് ധിക്കാരമാണ്, ജനങ്ങളോടും ജനാധിപത്യത്തോടും ഉള്ള വെല്ലുവിളിയാണ്. ഇതുവരെ ചെയ്ത കാര്യങ്ങളുടെ മെറിറ്റ് കളയുന്ന വര്‍ത്തമാനമാണ്.
ഔദ്യോഗിക ആവശ്യത്തിന് സര്‍ക്കാര്‍ സഞ്ചരിക്കേണ്ടത് സര്‍ക്കാരിന്റെ വാഹനങ്ങളിലോ ചെലവിലോ ആണ്. അത് അക്കൗണ്ടബിള്‍ ആണ്. എവിടെ പോയി, എന്തിന് പോയി എന്നതൊക്കെ നിയമസഭയോടും ജനങ്ങളോടും കോടതിയോടും ഒക്കെ പറയാന്‍ കടപ്പെട്ട യാത്രകളാണ് അത്. സ്വകാര്യ മുതലാളിമാര്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സൗജന്യമായി സേവനങ്ങള്‍ / ഫേവറുകള്‍ നല്കുന്നത് വാങ്ങിക്കുന്നതില്‍ എന്താ കുഴപ്പമെന്ന് മുഖ്യമന്ത്രിക്ക് സംശയമുണ്ടോ? അത് അഴിമതിയാണ്. സേവനം നല്‍കാതെ മാസപ്പടി വാങ്ങുന്നത് പോലെ തന്നെയാണ് സേവനം നല്‍കാതെ യാത്രാപ്പടി നേടുന്നതും.
കേന്ദ്ര അഭ്യന്തര മന്ത്രാലയം 1992 ജനുവരിയില്‍ പുറത്തിറക്കിയ ''മന്ത്രിമാര്‍ക്കുള്ള മാര്‍ഗ്ഗരേഖ'' (Code of Conduct) മുഖ്യമന്ത്രിമാര്‍ക്കും ബാധകമാണ്. അടുത്ത ബന്ധുക്കളില്‍ നിന്നല്ലാതെ സമ്മാനങ്ങള്‍ സൗജന്യങ്ങള്‍ / കൈപ്പറ്റാന്‍ പാടില്ല. ഏത് അടുത്ത ബന്ധുവാണ് വിമാനയാത്ര ശരിയാക്കി തന്നത്?
അതുകൊണ്ട് മുഖ്യമന്ത്രി തെറ്റ് തിരുത്തി പോകുന്നതാണ് ജനാധിപത്യ മര്യാദ.