പല കമ്പനികളും ജോലി നല്‍കിയില്ല, ഒടുവില്‍ 88 ലക്ഷം രൂപയുടെ ശമ്പളവുമായി ഇന്ത്യന്‍ മിടുക്കന്‍ ആദിത്യ
ന്യൂഡല്‍ഹി: കാമ്പസ് അഭിമുഖങ്ങളിലൂടെ വമ്പന്‍ കമ്പനികള്‍ വന്‍ തുക ശമ്പളത്തില്‍ ജോലി നേടുന്ന ഇന്ത്യന്‍ മിടുക്കരുടെ വാര്‍ത്തകള്‍ പുതുമയല്ലാതായിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) വാറങ്കല്‍ കംപ്യൂട്ടര്‍ സയന്‍സ് എംടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആദിത്യ സിംഗ് അവരിലൊരാളാണ്. പ്രതിവര്‍ഷം 88 ലക്ഷം രൂപയുടെ ജോലിയാണ് ആദിത്യയ്ക്ക് ലഭിച്ചത്.
എന്‍ഐടി വാറങ്കലിലെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണിത്. ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന പ്ലേസ്മെന്റ് ഓഫറുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദിനെയും ആദിത്യ മറികടന്നു.
വെല്ലുവിളികള്‍ നിറഞ്ഞ അക്കാദമിക് കാലത്തെ അതിജീവിച്ച ആദിത്യയുടെ വിജയഗാഥ ഏവര്‍ക്കും പ്രചോദനമാണ്. പല കമ്പനികളും ജോലി നല്‍കാതെ ഒഴിവാക്കിയ ആദിത്യ അഭിമുഖങ്ങള്‍ക്കായി സ്വയം മെച്ചപ്പെടുത്തിയാണ് ഒടുവില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി നേടിയത്. മൂന്ന് കര്‍ക്കശമായ അഭിമുഖങ്ങള്‍ ആദിത്യ വിജയകരമായി മറികടന്നു.
അക്കാദമിക് മികവിലേക്കുള്ള ആദിത്യയുടെ പ്രയാണം വെല്ലുവിളികളുടേതായിരുന്നു. പത്താം ക്ലാസില്‍ 75% മാത്രം മാര്‍ക്ക് നേടിയെങ്കിലും പിന്നീട് മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി പഠനത്തിനായി സ്വയം സമര്‍പ്പിക്കുകയും 12-ാം ക്ലാസില്‍ 96% മാര്‍ക്കോടെ മികച്ച വിജയം നേടുകയും ചെയ്തു. പഠനമികവാണ് എന്‍ഐടി-വാറങ്കലിലേക്കുള്ള വാതിലുകള്‍ തുറന്നത്.
കമ്പനിയുടെ പ്ലെയ്സ്മെന്റ് റൗണ്ടില്‍ പങ്കെടുക്കാനുള്ള ആദിത്യയുടെ തീരുമാനവും ഉത്സാഹത്തോടെയുള്ള സ്വയം പഠനവും ശ്രദ്ധേയമായ നേട്ടത്തില്‍ നിര്‍ണായകമായി. ലോക്ഡൗണ്‍ കാലത്ത് കോഡിംഗിലുള്ള മികവ് മെച്ചപ്പെടുത്തിയത് ആത്മവിശ്വാസം ഉയര്‍ത്തി.
2023 ലെ റിപ്പോര്‍ട്ട് പ്രകാരം, എന്‍ഐടി വാറങ്കലിലെ ഈ വര്‍ഷത്തെ പ്ലേസ്മെന്റ് സീസണ്‍ റെക്കോര്‍ഡ് വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. ആകെ 1400 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളുടെ പ്ലേസ്‌മെന്റ് ലഭിച്ചു. മുന്‍വര്‍ഷം ഇത് 1200 മാത്രമായിരുന്നു. കൂടാതെ, വിവിധ പ്രോഗ്രാമുകളിലായി 450-ലധികം ഇന്റേണ്‍ഷിപ്പ് ഓഫറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.