ബിഗ് ടിവിക്ക് കത്ത് ചോർത്തി നൽകി, ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ശ്രീജിത്ത് ശ്രമിക്കുന്നു, ഡിജിപിക്ക് പരാതി

പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഇതു സംബന്ധമായി എഡിജിപി ശ്രീജിത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ ഇടവനയാണ് പരാതിനൽകിയിരിക്കുന്നത്.

 

ഹൈക്കോടതി ഉത്തരവിട്ട ഉന്നതതല അന്വേഷണം അട്ടിമറിക്കാൻ ശ്രമം ? മാധ്യമ പ്രവർത്തകരും കുരുക്കിലേക്ക്, കോർട്ടലക്ഷ്യ നടപടി വന്നേക്കും , സംസ്ഥാന പൊലീസ് മേധാവിക്ക്  അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതി.

കണ്ണൂർ: പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഇതു സംബന്ധമായി എഡിജിപി ശ്രീജിത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ ഇടവനയാണ് പരാതിനൽകിയിരിക്കുന്നത്.

എഡിജിപി ശ്രീജിത്ത് അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതും, ട്രാൻസ് പോർട്ട് വകുപ്പിൽ കമ്മീഷണറായിരിക്കെ നടത്തിയ വഴിവിട്ട നടപടികളിലും മറ്റും അന്വേഷണം ആവശ്യപ്പെട്ട്  ദിപൻ ഇടവന  നൽകിയ ഹർജിയിൽ സർക്കാറിൻ്റെ കൂടി വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഉന്നതതല അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരോടാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. 

ഈ അന്വേഷണമാണ് എഡിജിപി ശ്രീജിത്ത് ചില മാധ്യമ പ്രവർത്തകരെയും ഉന്നതരെയും കൂട്ട് പിടിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതിക്കാരൻ ഇപ്പോൾ  ആരോപിക്കുന്നത്.

19 -04-2026ന് ബിഗ് ടിവിയിൽ നൽകിയ എഡിജിപി ശ്രീജിത്തിൻ്റെ അഭിമുഖവും, അതിന് തൊട്ടു മുൻപ് ബീഗ് ടി വി നൽകിയ വാർത്തയും കോടതി ഉത്തരവിന് എതിരായിട്ടുള്ളതും, ക്വാർട്ടലക്ഷ്യ നടപടി വിളിച്ചു വരുത്തുന്നതുമാണ് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

'എഡിജിപി ശ്രീജിത്ത്  സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച്   സർക്കാറിൻ്റെ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തി എന്ന ആരോപണവും, പൊലീസ് യൂണിഫോമിൽ സ്വകാര്യ ആയുർവേദ സെൻ്റിറിൻ്റെ ഉദ്ഘാടനം നടത്തി എന്ന ആരോപണവും പൊളിഞ്ഞു ' എന്ന് വ്യക്തമാക്കി ബിഗ് ടിവി പുറത്ത് വിട്ട വാർത്തയ്ക്ക് നന്ദി പറഞ്ഞ് ചാനലിൽ സംസാരിച്ച എഡിജിപി ശ്രീജിത്ത്, താൻ നിയമാനുസൃതം മാത്രം  ചെയ്ത പ്രവർത്തിയാണ് ആ യാത്രയെന്നും,    ചാനൽ അവതാരക സുജയ പാർവതിയോട് പറഞ്ഞിരുന്നു.

എഡിജിപി ശ്രീജിത്ത് ഐ.പി.എസിൻ്റെ  വിദേശ സന്ദർശനത്തിന് സർക്കാർ അനുമതിയുണ്ട് എന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് ചീഫിന് അയച്ച കത്തും ഈ പ്രതികരണത്തിന് തൊട്ട് മുൻപ് ബിഗ് ടിവി പബ്ലിഷ് ചെയ്തിരുന്നു.

എന്നാൽ, ഹൈക്കോടതി മുൻപാകെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെകട്ടറിക്കും വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതായ ഒരു രേഖയും നൽകിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ്, സർക്കാർ വാദങ്ങൾ തള്ളി ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ബദറുദീൻ ഉത്തരവിട്ടിരുന്നത്. ഇതുസംബന്ധമായ ഹൈക്കോടതി ഉത്തരവും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.  ബിഗ് ടിവി ചാനലിൽ വന്ന റിപ്പോർട്ടും , അതിനെ അനുമോദിച്ച് എഡിജിപി ചാനലിൽ പ്രതികരിച്ചതും കോടതി ഉത്തരവിനോടുള്ള അവഹേളനമാണ് എന്നാണ് പരാതിയിൽ എടുത്ത് പറയുന്നത്. 

മാത്രമല്ല , ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കോൺഫിഡൻഷ്യലായ  കത്ത് എങ്ങനെ ബിഗ് ടിവിക്ക് ലഭിച്ചു എന്നതും ഗൗരവമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും, പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ എഡിജിപിയായ എസ് ശ്രീജിത്ത് ഈ കത്ത് ചോർത്തി നൽകിയതായി സംശയിക്കുനതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് യൂണിഫോമിൽ അല്ല ഉദ്ഘാടനത്തിൽ പങ്കെടുത്തത് എന്ന  വാദം മുന്നോട്ട് വയ്ക്കുന്ന എഡിജിപി എസ് ശ്രീജിത്ത്, അദ്ദേഹം ചീഫ് ഗസ്റ്റായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നവ ആയുർവേദിക് മെഡിക്കൽ സെൻ്ററിൻ്റെ ഔദ്യോഗിക ഇൻസ്റ്റ പേജിൽ ഉൾപ്പെടെ, സിനിമ നടി ഇനിയക്ക് ഒപ്പവും, ഒറ്റയ്ക്കും എഡിജിപിയുടെ ഔദ്യോഗിക യൂണിഫോമിൽ എസ് ശ്രീജിത്ത് നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഒരക്ഷരം പ്രതികരിക്കാത്തത് എന്താണ് എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.

 ദിപൻ ഇടവന പരാതിയിൽ പറയുന്ന മറ്റുകാര്യങ്ങൾ ഇവയാണ് 

യഥാർത്ഥത്തിൽ സെലിബ്രിറ്റി അല്ലാത്ത, കേരളത്തിലെ സീനിയർ ഐ.പി. എസ് ഓഫീസറായ  എസ് ശ്രീജിത്ത് എന്തിന് ഒരു സ്വകാര്യ ആയുർവേദിക് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടനത്തിൽ വിദേശത്ത് പോയി പങ്കെടുത്തു ? അദ്ദേഹത്തിൻ്റെ യാത്രാ ടിക്കറ്റ് എടുത്തത് ആര് ? താമസിച്ച സ്ഥലം എവിടെ ? അതിൻ്റെ ബില്ല് കൊടുത്തത് ആര് ? വിദേശ യാത്രയിൽ ആരെയൊക്കെ എഡിജിപി ശ്രീജിത്ത് കണ്ടു ? ഈ സ്ഥാപനവുമായി എന്താണ് എഡിജിപി ശ്രീജിത്തിൻ്റെ ബന്ധം  ? ഇതെല്ലാം തന്നെ  അന്വേഷണത്തിലൂടെ വെളിവാകാണ്ടേ കാര്യമാണ് ?

മാർക്കറ്റിങിനായി വ്യാപകമായി എഡിജിപിയുടെ ഔദ്യോഗിക യൂണിഫോമിൽ എസ് ശ്രീജിത്ത് നിൽക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ചതും ഗൗരവകരമായ കാര്യമാണ്. ഇത് കേവലം കച്ചവട താല്പര്യം മാത്രം മുൻ നിർത്തി നടത്തിയ പ്രചരണമാണ്. ഈ തെളിവുകൾ  ബഹു.ഹൈക്കോടതി മുൻപാകെ ഹാജരാക്കിയിട്ടുള്ളതുമാണ്.

മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ  താമസിക്കുന്ന അബുദാബിയിൽ, ഇന്ത്യൻ പൊലീസ് സർവ്വീസിലെ എഡിജിപി റാങ്കിലുള്ള ഉദ്ദ്യോഗസ്ഥൻ ചീഫ് ഗസ്റ്റായി പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ജനങ്ങൾക്ക് വിശ്വാസം കൂടുക സ്വാഭാവികമാണ്.  അതാണിവിടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്.

ഗവൺമെൻ്റ് ഒഫിഷ്യൽസ് തൻ്റെ കൂടെ ചീഫ് ഗസ്റ്റായി പങ്കെടുക്കുന്നുണ്ട് എന്നാണ്, ഈ ചടങ്ങിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയ സിനിമാ താരം ഇനിയ നവ ആയുർവേദയുടെ  തന്നെ ഔദ്യോഗിക ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നത്. അങ്ങനെ പങ്കെടുക്കാൻ ഏത് സർക്കാരാണ് എഡിജിപി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയത് എന്നതും ഗൗരവമായ കാര്യമാണ്.

ഇതിനു പുറമെ ട്രാൻസ്പോർട്ട് വകുപ്പിൽ കമ്മീഷണറായിരിക്കെ എസ് ശ്രീജിത്ത് ഐ.പി.എസ് നടത്തിയ വഴിവിട്ട   ഇടപെടലുകൾ മുതൽ ശബരിമലയിലെ പൊലിസിന്  ബാംഗ്ലൂരിലെ ജ്വല്ലറി ഒരു ആംബുലൻസ് സ്പോൺസർ ചെയ്തതിന് പിന്നിലെ ഇടപെടലുകൾ വരെ അന്വേഷിക്കണമെന്നും ഞാൻ ബഹു.ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഹർജിയിലാണ് മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരോട് ബഹു. ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരെയും, ചില മാധ്യമ പ്രവർത്തകരെയും കൂട്ട് പിടിച്ച്  ഈ അന്വേഷണം അട്ടിമറിക്കാനും, തെറ്റായ പ്രചരണം  നടത്താനുമാണ്  എഡിജിപി ശ്രീജിത്ത് ഇപ്പോൾ ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് ബിഗ് ടിവിയിലൂടെ അദ്ദേഹം നടത്തിയിരിക്കുന്ന ഇപ്പോഴത്തെ നീക്കമെന്നും ദിപൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ  ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടി സ്വീകരിക്കാനാണ് പരാതിക്കാരൻ്റെ നീക്കം. 

ഹൈകോടതി ഉത്തരവിൻ മേലുള്ള അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിലും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എന്നാൽ സത്യം പുറത്തു കൊണ്ടുവരാൻ  നിയമപരമായി ഏതറ്റംവരെയും പോകുമെന്നും  ദിപൻ ഇടവന കേരള ഓൺലൈൻ ന്യൂസിനോട്  പറഞ്ഞു.