അദാനിയുടെ ഓഹരികളെല്ലാം മൂക്കുകുത്തി, നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം, മോദി സര്‍ക്കാരിന്റെ കരാറിനായി സുഹൃത്ത് കൈക്കൂലിയായി നല്‍കിയത് 2,2000 കോടി രൂപ
അദാനി ഓഹരികള്‍ കൂപ്പുകുത്തിയതോടെ നിക്ഷേപകര്‍ക്ക് സഹസ്രകോടികളും നഷ്ടം. ഹിഡന്‍ബര്‍ഗ് സംഭവത്തിന് ശേഷം കുത്തനെ ഉയര്‍ന്ന ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞത് അമേരിക്കയിലെ കേസിനെ തുടര്‍ന്നാണ്.
ഇപ്പോഴത്തെ ഇടിവില്‍ നിന്നും തിരിച്ചുവരാന്‍ നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിക്ക് സാധിക്കില്ലെന്നാണ് മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കിന്റെ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: അദാനി ഓഹരികള്‍ കൂപ്പുകുത്തിയതോടെ നിക്ഷേപകര്‍ക്ക് സഹസ്രകോടികളും നഷ്ടം. ഹിഡന്‍ബര്‍ഗ് സംഭവത്തിന് ശേഷം കുത്തനെ ഉയര്‍ന്ന ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞത് അമേരിക്കയിലെ കേസിനെ തുടര്‍ന്നാണ്. ഇപ്പോഴത്തെ ഇടിവില്‍ നിന്നും തിരിച്ചുവരാന്‍ നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിക്ക് സാധിക്കില്ലെന്നാണ് മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കിന്റെ വിലയിരുത്തല്‍.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അദാനി വീണ്ടും കുഴിയില്‍. ഇന്ന് മാര്‍ക്കറ്റ് തുറക്കേണ്ട താമസം അദാനിയുടെ സ്റ്റോക്കുകളെല്ലാം താഴേക്ക് കൂപ്പുകുത്തി. ഒരു മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് ഓഹരികളിലെ വിലയിടിഞ്ഞത്.
ന്യുയോര്‍ക്കിലെ ഒരു കോടതി അദാനിയേയും അടുത്ത ബന്ധുവും അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിയേയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും ചാര്‍ജ്ജ് ഷീറ്റ് ചെയ്തിരിക്കുകയാണ്. ഹാജരായില്ലെങ്കില്‍ അറസ്റ്റുമുണ്ടാകും. ലോകത്തെ പതിനെട്ടാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയുമായ ശതകോടീശ്വരനെ സംബന്ധിച്ച ഈ വാര്‍ത്തയാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്.
കൗതുകകരമായ കാര്യം അദാനി കമ്പനി ഇന്ത്യയില്‍ കൊടുത്ത കൈക്കൂലിക്കാണ് അമേരിക്കയില്‍ കേസ് എടുത്തിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് 12 ജിഗാ വാട്ടിന്റെ സോളാര്‍ വൈദ്യുതി കരാര്‍ ഇന്ത്യാ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് 2,200 കോടി രൂപ കൈക്കൂലി നല്കി. ഇതില്‍ അമേരിക്കയ്ക്ക് എന്താണ് ചേതം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
സര്‍ക്കാരിന്റെ ഓര്‍ഡര്‍ ലഭിച്ചതോടെ അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ അടുത്ത രണ്ട് പതിറ്റാണ്ടുകൊണ്ട് 16,000 കോടി രൂപ ലാഭം ഉറപ്പായി. ഇത് പൊലിപ്പിച്ചു കാണിച്ചാണ് ഈ കമ്പനി അമേരിക്കന്‍ ബോണ്ട് മാര്‍ക്കറ്റില്‍ നിന്ന് വലിയ തോതില്‍ നിക്ഷേപം സ്വീകരിച്ചത്. അങ്ങനെ അദാനി അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്.
എന്തൊക്കെയാണ് നാം കേള്‍ക്കുന്നത്? മോദിയുടെ ഏറ്റവും വലിയ സുഹൃത്താണ് അദാനി. അദാനിയുടെ ഉദയവും വളര്‍ച്ചയും മോദിയുടെ കൈത്താങ്ങിലായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയതും മോദി തന്നെ. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും അജ്ഞാത സവറിന്‍ (osvereign) നിക്ഷേപകരും ഇടപെട്ടാണ് തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിയ ഓഹരി വിലകളെ അന്ന് ഉയര്‍ത്തിയത്. പക്ഷേ, ഈ അദാനിക്കുപോലും സോളാര്‍ കരാര്‍ കിട്ടാന്‍ കാണേണ്ടവരെയൊക്കെ കാണേണ്ടതുപോലെ കാണേണ്ടി വന്നു. 2,200 കോടി രൂപയാണ് കൈക്കൂലി നല്‍കിയത്. ഇതില്‍ ഏതൊക്കെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുമെന്നുള്ളത് കാത്തിരുന്നു കാണാം. മോദി ഭരണം രാജ്യഭരണത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയിരിക്കുന്നു.
അമേരിക്കന്‍ റെഗുലേറ്റര്‍മാരെ മാത്രമല്ല അദാനി കബളിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സെബിയേയും സ്റ്റോക്ക് എക്സ്ചേഞ്ച് അതോറിറ്റികളോടും ഇതേ കള്ളം പറഞ്ഞു. എന്തെങ്കിലും നടപടി ഈ റെഗുലേറ്റര്‍മാര്‍ എടുക്കുവാന്‍ തയ്യാറാകുമോ? ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെമേല്‍ അടയിരിക്കുന്നത് സെബിയാണ്. അതിന്റെ മേധാവി മാധബി ബുച്ഛിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവരെ മോദി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ വീണിരിക്കുന്ന കുഴിയില്‍ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല. കാരണം കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് അമേരിക്കന്‍ കോടതിയിലാണ്. ട്രംപിന്റെ ചെല്ലപ്പെട്ടിക്കാര്‍ അല്ലാത്ത ഒട്ടേറെ ജഡ്ജിമാര്‍ അമേരിക്കന്‍ നീതിന്യായ സ്ഥാപനങ്ങളിലുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ കോടതികളില്‍ ഇടപെട്ട് അദാനിമാരെ സംരക്ഷിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കന്‍ കോടതികളില്‍ ഇടപെടുക അത്ര എളുപ്പമായിരിക്കില്ല.