ശൈലജ ടീച്ചര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറിവിളിയും അധിക്ഷേപവും, വടകരയില്‍ ഷാഫി തോല്‍വി ഭയക്കുന്നുവോ?

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരുടെ സൈബറാക്രമണം.
 

കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരുടെ സൈബറാക്രമണം. ശൈലജ ടീച്ചറുടെ ഒഫീഷ്യല്‍ പേജിലുള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറിവിളിയും അധിക്ഷേപവുമായി നിറയുകയാണ് കോണ്‍ഗ്രസ് ലീഗ് അണികള്‍. കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പലിനെ ഈ മണ്ഡലത്തില്‍ പിന്തുണയ്ക്കുന്നവരാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഈ രീതിയില്‍ രംഗത്തെത്തിയിരിക്കുന്നത്.

സിറ്റിങ് എംപിയായ കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതിനെ തുടര്‍ന്നാണ് അവസാന മിനിറ്റില്‍ ഷാഫിക്ക് നറുക്കുവീഴുന്നത്. പാലക്കാട് എംഎല്‍എയായ ഷാഫിയെ ജയിപ്പിക്കാനായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നവര്‍ ശൈലജ ടീച്ചറെ തെറിവിളിച്ച് തോല്‍പ്പിക്കാമെന്ന ചിന്തയിലാണ്. നൂറുകണക്കിന് വലത് പ്രൊഫൈലുകളെ കൂടാതെ വ്യാജ ഐഡി ഉണ്ടാക്കി കോണ്‍ഗ്രസ് സൈബര്‍ സംഘവും തെറിവിളിക്കാന്‍ സജീവമാണ്.

നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ അച്ചു ഉമ്മന്റെ വരുമാന സ്രോതസ്സ് ചോദിച്ചപ്പോള്‍ സൈബറാക്രമണമെന്ന രീതിയില്‍ വ്യാപകമായ പ്രചരണമാണുണ്ടായത്. മാധ്യമങ്ങളെല്ലാം ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ശൈലജ ടീച്ചര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ സൈബറാക്രമണം കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം വനിതാ നേതാക്കള്‍ക്കെതിരേയും ഭാര്യമാര്‍ക്കെതിരേയും ലൈംഗിക അധിക്ഷേപം ഉള്‍പ്പെടെയുള്ളവ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ എന്ന ഐഡിയില്‍ നിന്നും ഞെട്ടിക്കുന്ന രീതിയിലാണ് വ്യാജ നഗ്ന ചിത്രങ്ങളും അധിക്ഷേപങ്ങളും പ്രചരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ കൊടങ്കരയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമാനരീതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംഘമാണ് ശൈലജ ടീച്ചര്‍ക്കെതിരായ തെറിവിളിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരെ ഷാഫി പറമ്പില്‍ തോല്‍വി ഭയക്കുന്നതിനാലാണ് ഈ രീതിയിലുള്ള സൈബറാക്രമണം നടത്തുന്നതെന്നും ഇടത് പ്രൊഫൈലുകള്‍ ആരോപിച്ചു.