തൊഴിലുറപ്പിന്‍ പെണ്ണുങ്ങളാണേ.. മലേഷ്യയിലേക്ക് പറന്ന് നാട്ടിന്‍പുറത്തെ സ്ത്രീ കൂട്ടായ്മ, ചേര്‍ത്തുപിടിച്ച് വായനശാല

ടൂര്‍ സീസണ്‍ സജീവമായതോടെ കേരളത്തിലെ നാട്ടിന്‍പുറത്തുനിന്നുപോലും സ്ത്രീകള്‍ പല യാത്രകളിലേക്കുള്ള ഒരുക്കത്തിലാണ്.

 

പിണറായി സി മാധവന്‍ സ്മാരക വായനശാല വയോജന വേദിയൊരുക്കിയ പതിനാറാമത്തെ വയോജന യാത്രയില്‍ 21 പേരാണ് മലേഷ്യയിലെത്തിയത്. ഡിസംബര്‍ 3 ആരംഭിച്ച യാത്ര അഞ്ച് ദിവസം നീണ്ടുനിന്നു.

കണ്ണൂര്‍: ടൂര്‍ സീസണ്‍ സജീവമായതോടെ കേരളത്തിലെ നാട്ടിന്‍പുറത്തുനിന്നുപോലും സ്ത്രീകള്‍ പല യാത്രകളിലേക്കുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ യൗവ്വനകാലങ്ങളില്‍ യാത്രകളൊന്നും നടത്താത്ത വയോജനങ്ങളും സ്ത്രീകളുമെല്ലാം അടങ്ങുന്ന കൂട്ടായ്മകള്‍ രാജ്യമെങ്ങും സഞ്ചരിക്കുന്നു. അതിനിടെ പിണറായിയിലെ ഒരുകൂട്ടം സ്ത്രീകള്‍ മലേഷ്യയിലേക്ക് വിനോദയാത്ര നടത്തി ശ്രദ്ധേയമായി.

ആദ്യമായി പാസ്‌പോര്‍ട്ട് എടുത്ത് വിമാനത്തില്‍ മറ്റൊരു രാജ്യത്ത് വിദേശയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് സ്ത്രീകളെല്ലാം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ യാത്രയില്‍ അണിചേര്‍ന്നു.

82 വയസ്സുള്ള പി.കെ. യശോദയും എണ്‍പതുവയസ്സുള്ള എം. മാലതിയും ആറ് കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കാന്റീന്‍ ജീവനക്കാരിയുമുള്‍പ്പെടെയുള്ള സംഘം മലേഷ്യകണ്ട് തിരിച്ചെത്തി. വായനശാല സെക്രട്ടറി അഡ്വ. വി. പ്രദീപന്‍, വാര്‍ഡ് അംഗം കെ. വിമല എന്നിവരുടെ നേതൃത്വത്തില്‍ നാലുപേര്‍ സഹായികളായി ഒന്നിച്ച് യാത്ര ചെയ്തിരുന്നു.

പിണറായി സി മാധവന്‍ സ്മാരക വായനശാല വയോജന വേദിയൊരുക്കിയ പതിനാറാമത്തെ വയോജന യാത്രയില്‍ 21 പേരാണ് മലേഷ്യയിലെത്തിയത്. ഡിസംബര്‍ 3 ആരംഭിച്ച യാത്ര അഞ്ച് ദിവസം നീണ്ടുനിന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. തിരിച്ചെത്തിയ യാത്രക്കാരെ വായനശാല പ്രവര്‍ത്തകര്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

യാത്ര ചെയ്തവരുടെ അനുഭവക്കുറിപ്പ് ചേര്‍ത്ത് വായനശാല മാഗസിന്‍ ഇറക്കും. ഇത് വരും തലമുറയ്ക്കും യാത്രക്കായി തയ്യാറെടുക്കുന്നവര്‍ക്കുമെല്ലാം പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് വായനശാല ഭാരവാഹികള്‍.

യാത്രപോകാന്‍ പണമില്ലാതിരുന്ന ചിലരെ വായനശാല താല്‍ക്കാലികമായി സഹായിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ തവണകളായി തുക തിരിച്ചടച്ചാല്‍ മതി. അടുത്ത യാത്രകള്‍ക്കായി പണം കണ്ടെത്താന്‍ വയോജന നിധി രൂപീകരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും നാട്ടുവര്‍ത്തമാനത്തിന്റെ ഭാഗമായി വായനശാലയില്‍ വയോജനങ്ങള്‍ ഒത്തുചേരുമ്പോള്‍ അവരുടെ കൈയിലുള്ള തുക ഈ നിധിയില്‍ അടക്കാം.

വായനശാലയുടെ നേതൃത്വത്തില്‍ വയോജനങ്ങളുടെ 15-ാമത്തെ യാത്ര ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി യാത്രാനുഭവം താജ്മഹല്‍ എന്ന പേരില്‍ മാഗസിനായി പ്രസിദ്ധീകരിച്ചു. 14 യാത്രകള്‍ സംസ്ഥാനത്തിനകത്തായിരുന്നു. പ്രായമായവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളം കാണണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യവിമാനയാത്ര നടത്തിയതായി വായനശാല സെക്രട്ടറി പറഞ്ഞു.