രാഷ്ട്രീയ സൗഹൃദത്തിൻ്റെ പര്യായമായി ഒരു സ്ഥാനാർഥിയുടെ വീട്ടുമതിൽ 

രാഷ്ട്രീയ വൈരത്തിന് പകരം ജനാധിപത്യപരമായ വിട്ടുവീഴ്ചയും സൗഹൃദവും ഉയർത്തിപ്പിടിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ആനപ്പള്ളി ഗോപാലൻ.

 

തളിപ്പറമ്പ്: രാഷ്ട്രീയ വൈരത്തിന് പകരം ജനാധിപത്യപരമായ വിട്ടുവീഴ്ചയും സൗഹൃദവും ഉയർത്തിപ്പിടിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ആനപ്പള്ളി ഗോപാലൻ. തൻ്റെ എതിർ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സ്വന്തം വീടിൻ്റെ മതിലും പുരയിടവും വിട്ടുനൽകിയാണ് അദ്ദേഹം രാഷ്ട്രീയ കേരളത്തിന് പുതിയൊരു പാഠം പകരുന്നത്.

കരിമ്പം പനക്കാട്ടെ ആനപ്പള്ളി ഗോപാലൻ്റെ വീടിന് മുന്നിലെത്തിയാൽ ഏതൊരു രാഷ്ട്രീയ നിരീക്ഷകനും ഒന്ന് അദ്ഭുതപ്പെടും. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർഥികൾക്കായി എഴുതിയ ചുവരെഴുത്തുകളും നിരത്തി വെച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളുമാണ് അവിടെയുളളത്. സ്ഥാനാർഥി എന്ന നിലയിൽ സ്വന്തം പ്രചാരണത്തിന് മാത്രം ഉപയോഗിക്കേണ്ട ഇടമാണ് മറ്റു രാഷ്ട്രീയ പാർട്ടികൾക്കായി അദ്ദേഹം തുറന്നു നൽകിയിരിക്കുന്നത്.

വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുമ്പോഴും എല്ലാവരുടെയും അന്തിമ ലക്ഷ്യം രാജ്യത്തിൻ്റെ പുരോഗതിയാണെന്ന് ആനപ്പള്ളി ഗോപാലൻ വിശ്വസിക്കുന്നു. ആരെ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അവിടെ ഒരു മത്സര മനോഭാവം വച്ചുപുലർത്തുന്ന രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. അതുകൊണ്ടാണ് മറ്റു മുന്നണികൾക്കും എൻ്റെ വീടിന് മുന്നിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ അനുവാദം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

റിട്ടയേർഡ് കെ.എസ്.ഇ.ബി എൻജിനീയറായ ആനപ്പള്ളി ഗോപാലൻ ദീർഘകാലം ഇടതുപക്ഷ അനുഭാവിയായിരുന്നു. സർവീസിലിരുന്ന കാലത്തും അല്ലാതെയും തളിപ്പറമ്പിൻ്റെ നിരവധി വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായ നേതൃത്വം വഹിച്ചിട്ടുണ്ട്. വികസനത്തോടുള്ള ഈ ക്രിയാത്മക നിലപാടാണ് രാഷ്ട്രീയ രംഗത്തെ ഇത്തരം ആരോഗ്യകരമായ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ പോരും വാശിയും മുറുകുന്ന തിരഞ്ഞെടുപ്പ് കാലത്ത്, എതിർ പക്ഷത്തുള്ളവർക്കും ഇടം നൽകുന്ന ഈ പനക്കാട്ടെ കാഴ്ച ജനാധിപത്യത്തിൻ്റെ യഥാർത്ഥ സൗന്ദര്യമാണ് വിളിച്ചോതുന്നത്.