തിരുവനന്തപുരത്തെ മൃഗശാല മാറ്റരുത്; സമര പ്രഖ്യാപനവുമായി ജനകീയ സമിതി

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അഭിപ്രായത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് നേതാക്കളും സാസ്‌കാരിക പ്രവര്‍ത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

മൃഗശാല നിലവിലുള്ള സ്ഥലത്തുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി നിലനിര്‍ത്തണമെന്ന ആവശ്യവുമായി വിപുലമായ ജനകീയ പ്രതിരോധ പ്രക്ഷോഭത്തിന് തുടക്കമായി

167 വര്‍ഷത്തിലേറെ പഴക്കമുള്ള മൃഗശാല തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തു നിന്ന് വനമേഖലയോട് ചേര്‍ന്ന പ്രദേശത്തേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അഭിപ്രായത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് നേതാക്കളും സാസ്‌കാരിക പ്രവര്‍ത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനസാന്ദ്രതയേറിയ നഗരത്തിനുള്ളില്‍ വന്യമൃഗങ്ങളെ അടച്ചിടുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മൃഗശാല മാറ്റിയാല്‍ ഒഴിഞ്ഞുകിടക്കുന്ന ഈ വലിയ സ്ഥലം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ പാര്‍ക്ക് മാതൃകയില്‍ വലിയൊരു പൊതു ഹരിത ഇടമായി നിലനിര്‍ത്താമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.


മൃഗശാല നിലവിലുള്ള സ്ഥലത്തുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി നിലനിര്‍ത്തണമെന്ന ആവശ്യവുമായി വിപുലമായ ജനകീയ പ്രതിരോധ പ്രക്ഷോഭത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി 'തിരുവനന്തപുരം മൃഗശാല സംരക്ഷണ സമിതി' രൂപീകരിച്ചു. നഗരത്തിലെ സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ജനപ്രിയ അവതാരകനുമായ ജി.എസ് പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ വി.കെ പ്രശാന്ത്, മുന്‍ എംപി അഡ്വ. എ. സമ്പത്ത്, കൗണ്‍സിലര്‍ അഡ്വ. എസ്.പി. ദീപക്, നഗരസഭ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, മൃഗശാല മുന്‍ ഡയറക്ടര്‍ ഡോ. ഉദയവര്‍മ്മന്‍, കലാകാരന്‍ ജോബി, ഡോ. ഷിറാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

പ്രക്ഷോഭ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 501 അംഗ ജനറല്‍ ബോഡിയും തെരഞ്ഞെടുത്തു. മൃഗശാല സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നഗരവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും പരമാവധി പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭീമ ഹര്‍ജി സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം.