കല്ലമ്പലത്ത് കിണറിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
കല്ലമ്പലത്ത് കിണറിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്
തലയിലും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീത്, ഉണ്ണി എന്നിവരെ വേഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനീത്, ഉണ്ണി എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചുഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
പെട്രോള്‍ പമ്പിനടുത്തായുള്ള കെട്ടിടത്തിന് താഴെയുള്ള കിണറ്റിലാണ് അപകടം നടന്നത്. ഓക്‌സിജന്‍ സാന്നിധ്യം പരിശോധിക്കാന്‍ മെഴുകുതിരി താഴ്ത്തിയപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. കിണറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് സംശയിക്കുന്നത്. കിണര്‍ വൃത്തിയാക്കുന്നതിനായി പമ്പ് മാനേജര്‍ തൊഴിലാളികളെ ഏല്‍പ്പിക്കുകയായിരുന്നു.
തൊഴിലാളികളില്‍ ചിലര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് ഈ കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം കിണറിലേക്ക് ഇറങ്ങുന്നതിന് മുമ്പേ ഓക്‌സിജന്‍ സാന്നിധ്യമുണ്ടോയെന്ന് അറിയുന്നതിനായിരുന്നു മെഴുകുതിരി കത്തിച്ച് പരിശോധിച്ചത്.
ഏതാണ്ട് കിണറിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ തീ ആളിപ്പടര്‍ന്ന് മുകളിലേക്ക് വരികയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കുന്നത്. തലയിലും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീത്, ഉണ്ണി എന്നിവരെ വേഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.