കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു. സംഭവത്തില്‍ നിർണായക ശബ്ദസന്ദേശം പുറത്തുവന്നു.ജൂണ്‍ 16ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു
13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ അയല്‍വാസിയായ സിയാദിനെയാണ് കസ്റ്റഡിയില്‍ എടുത്തത്
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു. സംഭവത്തില്‍ നിർണായക ശബ്ദസന്ദേശം പുറത്തുവന്നു.ജൂണ്‍ 16ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു.
13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ അയല്‍വാസിയായ സിയാദിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.മരിച്ച സിയാദിന്റെ മകളും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യുവാവിനെ പൊലീസ് മർദ്ദിച്ചതായാണ് കുടുംബം ആദ്യം മുതല്‍ ആരോപിക്കുന്നത്. ഈ ആരോപണം ശക്തമാക്കുന്നതാണ് പുറത്തുവന്ന സംഭാഷണം.ശബ്ദ സന്ദേശത്തില്‍ വൈകാരികമായി സംസാരിക്കുന്നത് സിയാദിന്റെ മകളാണ്. "സാറന്മാരോട് എല്ലാവരോടും ഞാൻ അന്ന് പറഞ്ഞതല്ലേ എന്റെ പപ്പ സുഖമില്ലാത്തയാളാണെന്ന്. സാർ മർദ്ദിച്ചുവെന്ന് അന്ന് തന്നെ പപ്പ ഞങ്ങളോട് പറഞ്ഞിരുന്നു.
സാറാണ് ഇടിച്ചതെന്ന് പപ്പ പറഞ്ഞു. ഇപ്പോ എന്റെ പപ്പ പോയി. ഇതിനെല്ലാം തെളിവുണ്ട് സാറെ" എന്നാണ് പെണ്‍കുട്ടി ഉദ്യോഗസ്ഥനോട് ചോദിക്കുന്നത്.ആശുപത്രിയില്‍ പോയപ്പോള്‍ ആരാണ് ഇങ്ങനെ മർദ്ദിച്ചതെന്ന് ഡോക്ടർ ചോദിച്ചു. നട്ടെല്ല് നിറയെ പഴുപ്പ് ആയിരുന്നു.
ആശുപത്രിയില്‍ കിടക്കുകയായിരുന്നു ഇത്രയും നാള്‍. ഇന്ന് എന്റെ പപ്പ പോയി. നൂറുവട്ടം ഞാൻ സാറിനോട് പറഞ്ഞതല്ലേ വയ്യാത്ത ആളാണെന്ന്" മകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും സംഭാഷണത്തിലുണ്ട്.കുണ്ടറ സ്റ്റേഷനിലെ എസ്.ഐ. അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.