ഇനി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം 'സഖാവേ' എന്ന് വിളിക്കും; ദേശീയ പരിശീലന പരിപാടിയായ 'നിര്‍മ്മാണിന്' തുടക്കം

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയായി കണ്ടിരുന്ന 'സഖാവ്' എന്ന വിളിപ്പേര് ഇനി യൂത്ത് കോണ്‍ഗ്രസ് വേദികളിലേക്കും. ലിംഗാധിഷ്ഠിത വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ ലക്ഷ്യമിട്ടാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ പരിശീലന പരിപാടിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

 

തിരുവനന്തപുരം: ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയായി കണ്ടിരുന്ന 'സഖാവ്' എന്ന വിളിപ്പേര് ഇനി യൂത്ത് കോണ്‍ഗ്രസ് വേദികളിലേക്കും. ലിംഗാധിഷ്ഠിത വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ ലക്ഷ്യമിട്ടാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ പരിശീലന പരിപാടിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബ്ലോക്ക് തലം മുതല്‍ മുകളിലേക്കുള്ള പ്രവര്‍ത്തകര്‍ക്കായി താഴെത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'നിര്‍മ്മാണ്‍' എന്ന പേരിലാണ് ചിട്ടയായ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ വിദ്യാഭ്യാസം, നേതൃപാടവം, സംഘടനാ പരിശീലനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഈ പദ്ധതി. എഐസിസി പരിശീലന വിഭാഗവും ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള പരിശീലന പരിപാടി കര്‍ണാടകയിലാണ് നടന്നത്.

ആശയപരമായ കാരണങ്ങളെക്കാള്‍ ലിംഗ നിഷ്പക്ഷത മുന്‍നിര്‍ത്തിയാണ് 'സഖാവേ' എന്ന പദം തെരഞ്ഞെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പുരുഷന്മാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന 'സഖാ', സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 'സഖി' എന്നീ ഹിന്ദി പദങ്ങളില്‍ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും കോര്‍ഡിനേറ്റര്‍മാരുടെ യോഗം ഈ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ ഈ പദം ഇടതുപാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ് പരക്കെ അറിയപ്പെടുന്നതെങ്കിലും, ഇതിന് വലിയ സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലമുണ്ടെന്ന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ അംശി നാരായണ പിള്ള 1930-ല്‍ രചിച്ച 'വരിക വരിക സഹജരേ, സഹന സമര സമയമായി' എന്ന പ്രശസ്തമായ ഗാനത്തിന്റെ മൂന്നാം ചരണത്തില്‍ 'എത്ര നാള്‍ അടിമയായി കിടക്കണം സഖാക്കളെ...' എന്ന് പ്രയോഗിച്ചിട്ടുണ്ട്. കൂടാതെ, അര്‍ജ്ജുനന്‍ പോലും ശ്രീകൃഷ്ണനെ 'സഖാ' എന്നാണ് അഭിസംബോധന ചെയ്തിരുന്നതെന്ന് ഈ പരിപാടിയുടെ കേരള സംസ്ഥാന കോര്‍ഡിനേറ്ററും കൊല്ലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ ഗീത കൃഷ്ണന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 18 അംഗ സംഘം 'ട്രെയിനിങ്-ഓഫ്-ട്രെയിനേഴ്‌സ്' പരിപാടി പൂര്‍ത്തിയാക്കിയതായും ഗീത കൃഷ്ണന്‍ അറിയിച്ചു. നല്ലൊരു ശ്രോതാവിന് മാത്രമേ നല്ലൊരു നേതാവാകാന്‍ കഴിയൂ എന്ന ആശയമാണ് പരിശീലനത്തില്‍ പ്രധാനമായും നല്‍കുന്നത്. പഠനം, അവസരം, നീതി, ജനപങ്കാളിത്തം, സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പെടുത്തിയാണ് 'നിര്‍മ്മാണ്‍' പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ പ്രധാന ക്ഷേമപദ്ധതികളെയും അവകാശാധിഷ്ഠിത നിയമനിര്‍മ്മാണങ്ങളെയും കുറിച്ചുള്ള അറിവ് പ്രവര്‍ത്തകര്‍ക്ക് നല്‍കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടനാഘടകങ്ങള്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 'യൂത്ത് കോണ്‍ഗ്രസ് ആപ്പ്' സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കൂടുതല്‍ സ്ത്രീകളെ നേതൃത്വസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള 'ശക്തി അഭിയാന്‍' എന്ന സംരംഭവും പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.