സോഷ്യല്‍ മീഡിയ വഴി പരിചയം; ഒരുമിച്ചു താമസം; പാറമട ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; യുവാവും യുവതിയും പിടിയില്‍

 

പാറമട ഉടമയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. ജിയോളജിസ്റ്റെന്ന വ്യാജേനയാണ് ഇരുവരും പാറമട ഉടമയെ കബളിപ്പിച്ച് പണം തട്ടിയത്. തിരുവനന്തപുരം സ്വ?ദേശി രാഹുല്‍, കോഴിക്കോട് സ്വദേശി നീതു എസ് പോള്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം സൈബര്‍ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

രാഹുല്‍ ബിടെക് ബിരുദധാരിയും നീതു എംഎസ്സിയുമാണ് പഠിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള പാറമട ഉടമയേയാണ് ഇരുവരും ചേര്‍ന്ന് പറ്റിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവര്‍ മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസമായിരുന്നു. 

പാറമടയുടെ ലൈസന്‍സ് ശരിയാക്കുന്നതിനായി കൊട്ടിയത്തു വച്ചാണ് പണം കൈമാറിയത്. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ പാറമട ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അന്വേഷണം തുടങ്ങിയ പൊലീസ് പാറമട ഉടമയുമായി വാട്‌സ്ആപ്പ് ചാറ്റിനും സൗഹൃദത്തിനുമായി ഉപയോ?ഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം കടത്തിണ്ണയില്‍ കിടക്കുന്ന ആളിന്റേതായിരുന്നു. അമ്മ ആശുപത്രിയില്‍ ആണെന്നും ഫോണ്‍ നഷ്ടപ്പെട്ടെന്നും തെറ്റിദ്ധരിപ്പിച്ച് കടത്തിണ്ണയില്‍ കിടക്കുന്ന ആളിന്റെ പേരില്‍ സിം എടുത്തായിരുന്നു തട്ടിപ്പ്. പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതിനാല്‍ പൊലീസ് അന്വേഷണം തുടരുന്നു.