പവര്‍ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളും ; ശ്വേതയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അവള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയോ?

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നിങ്ങളുടെ നിഴല്‍ പോലും കേരളം കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

തന്റെ പോരാട്ടം അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഭാഗ്യലക്ഷ്മി. പവര്‍ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളുമെന്ന് ഭാഗ്യലക്ഷ്മി ശ്വേതയെ വിമര്‍ശിച്ചു. അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്നും അന്നും നിങ്ങള്‍ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ?, അവള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നിങ്ങളുടെ നിഴല്‍ പോലും കേരളം കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.

തന്റെ പോരാട്ടം അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെയെന്നാണ് ശ്വേത മേനോന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. സാധാരണ സ്ത്രീ എന്ന നിലയില്‍ പവര്‍ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവര്‍ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറഞ്ഞു. അമ്മയുടെ ഫണ്ടില്‍ നിന്ന് ചിലര്‍ നടത്തിയ സാമ്പത്തിക തിരിമറികള്‍ താന്‍ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതല്‍ തന്നെ അപമാനിക്കാന്‍ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരന്‍മ്മാര്‍ക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാന്‍ ശ്രമിച്ചാലും പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.