'വളച്ചുകെട്ടുകളില്ലാതെ നേര്‍ക്കുനേരെ വായനക്കാരോട് സംവദിക്കുന്ന രചന'; സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ കെ ടി ജലീല്‍

'ആത്മലയനത്തിന്റെ സ്‌നേഹയാത്ര' എന്നാണ് മലയാളത്തിലേക്ക് പുസ്തകത്തിന്റെ തലക്കെട്ട് ഞാന്‍ മൊഴി മാറ്റുന്നത്.

 

ബഹുസ്വരതയുടെസൗന്ദര്യമുണ്ട്, സന്തോഷങ്ങളുണ്ട്, തീരാദു:ഖമുണ്ട്, മനസ്സംഘര്‍ഷങ്ങളുണ്ട്, സ്‌നേഹമുണ്ട്, കുടുംബബന്ധത്തിന്റെ സുഗന്ധമുണ്ട്,

സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിനെ കുറിച്ച് പ്രതികരിച്ച് കെ ടി ജലീല്‍. വളച്ചുകെട്ടുകളില്ലാതെ നേര്‍ക്കുനേരെ വായനക്കാരോട് സംവദിക്കുന്ന രചനയെന്നാണ് ജലീല്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ ആത്മകഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് സത്യസന്ധവും ലളിതവുമായ അതിന്റെ അവതരണം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല സോണിയയുടേത്. വ്യക്തിജീവിതം, പ്രണയം, കുടുംബബന്ധങ്ങള്‍, ഇന്ത്യയിലേക്കുള്ള വരവ്, കുടുംബത്തിലെ ദുരന്തങ്ങള്‍, രാഷ്ട്രീയപ്രവേശം തുടങ്ങിയ നിലവധി കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ജലീല്‍ വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ ആത്മകഥ: (Belonging: A Journey of Love) ''ആത്മലയനത്തിന്റെ സ്‌നേഹയാത്ര'
സോണിയ ഗാന്ധിയുടെ ആത്മകഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് സത്യസന്ധവും ലളിതവുമായ അതിന്റെ അവതരണം കൊണ്ടാണ്. വളച്ചുകെട്ടുകളില്ലാതെ നേര്‍ക്കുനേരെ വായനക്കാരോട് സംവേദിക്കുന്ന രചന. 'Belonging: A Journey of Love' എന്ന തലക്കെട്ടില്‍ പുറത്തുവന്ന സോണിയയുടെ ജീവിതാനുഭവങ്ങള്‍ വായനക്കാര്‍ക്ക് പുതുമയുള്ള ഒരു വിഭവമാണ്. ഇന്ത്യയുടെ ആത്മാവു തേടി രാജീവില്‍ ഇഴുകിച്ചേര്‍ന്ന് ഒരു ഇറ്റാലിയന്‍ പെണ്‍കുട്ടി നടത്തുന്ന പ്രണയയാത്രയുടെ വശ്യമായ നേര്‍ക്കാഴ്ച ഒരുപുത്തന്‍ വായനാനുഭൂതിയാണ് സമ്മാനിക്കുക.


കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല സോണിയയുടേത്. വ്യക്തിജീവിതം, പ്രണയം, കുടുംബബന്ധങ്ങള്‍, ഇന്ത്യയിലേക്കുള്ള വരവ്, കുടുംബത്തിലെ ദുരന്തങ്ങള്‍, രാഷ്ട്രീയപ്രവേശം, എന്നിവയെല്ലാം കോര്‍ത്തിണക്കി തയ്യാറാക്കിയ ഓര്‍മ്മകളുടെ മുത്തുമാലയെന്ന് പുസ്തകത്തെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. അതില്‍ ബഹുസ്വരതയുടെസൗന്ദര്യമുണ്ട്, സന്തോഷങ്ങളുണ്ട്, തീരാദു:ഖമുണ്ട്, മനസ്സംഘര്‍ഷങ്ങളുണ്ട്, സ്‌നേഹമുണ്ട്, കുടുംബബന്ധത്തിന്റെ സുഗന്ധമുണ്ട്, വീണപൂവിന്റെ വേദനയുണ്ട്. ഉല്‍ക്കണ്ഠകളുണ്ട്, കണ്ണീരിന്റെ നനവുണ്ട്, നാളെയെ കുറിച്ച ശുഭപ്രതീക്ഷകളുണ്ട്. ആധുനിക ഇന്ത്യയുടെ ഉണ്‍മ തേടി സോണിയാ ഗാന്ധി നടത്തുന്ന പ്രണയയാത്ര, 'ഇറ്റലിക്കാരി' എന്ന് തന്നെ മുദ്രകുത്തിയവര്‍ക്കുള്ള ചുട്ട മറുപടികൂടിയാണ്.

'ആത്മലയനത്തിന്റെ സ്‌നേഹയാത്ര' എന്നാണ് മലയാളത്തിലേക്ക് പുസ്തകത്തിന്റെ തലക്കെട്ട് ഞാന്‍ മൊഴി മാറ്റുന്നത്. ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയാണ്, 2026 നവംബര്‍ 10-ന് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ പതിപ്പിന്റെ പ്രസാധകര്‍. മൊത്തം
544 പേജുകളാണ് പുസ്തകത്തിനുള്ളത്. ഏഴു അധ്യായങ്ങളിലായാണ് പിന്നിട്ട 79 വര്‍ഷങ്ങളെ സോണിയാഗാന്ധി അടയാളപ്പെടുത്തിയിരിക്കുന്നത്. ഒന്നാം അദ്ധ്യായത്തിന്റെ തലക്കെട്ട് 'പ്രണയവും പ്രണയനാളുകളും' എന്നാണ്. രണ്ടാം അദ്ധ്യായം: 'എന്റെ വഴി കണ്ടെത്തെന്നു'. മൂന്നാം അദ്ധ്യായം: 'ജയപരാജയങ്ങള്‍'. നാലാം അദ്ധ്യായം: 'പ്രധാനമന്ത്രിയായ രാജീവ്'. അഞ്ചാം അദ്ധ്യായം: 'അന്ത്യവും ബാക്കിപത്രവും'. ആറാം അദ്ധ്യായം: 'കോണ്‍ഗ്രസിനെ നയിച്ച കാലം'. ഏഴാം അദ്ധ്യായം: 'രണ്ടുപതിറ്റാണ്ടുകള്‍ക്കു ശേഷം'. എന്നിങ്ങനെയാണ് ഏഴ് അധ്യായങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പ്രാരംഭവും ഉപസംഹാരവും വേറെയുമുണ്ട്.

പുസ്തകം പുറത്തിറങ്ങുന്നതിനു മുന്നോടിയായി 2026 നവംബര്‍ 9-ന് 'The Hindu' പത്രത്തില്‍ സോണിയ ഗാന്ധി എഴുതിയ ലേഖനത്തില്‍ പുസ്തകം എഴുതാനുള്ള ഉദ്ദേശ്യം അവര്‍ വിശദീകരിച്ചത് ഇപ്രകാരമാണ്: ''ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ രചനയാണ്. ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നഹ്‌റു കുടുംബം ആരെന്നോ, അവരുടെ യഥാര്‍ത്ഥ ദൗത്യങ്ങള്‍ എന്തെന്നോ, അവരുടെ പോരാട്ടങ്ങളും മാനുഷികമായ പരിമിതികളും എന്തെല്ലാമാണെന്നോ, ശരിയായ ഉള്‍ക്കാഴ്ചയോടെ കുറിക്കപ്പെട്ട രചനകള്‍ അധികമുണ്ടാവില്ല. വ്യക്തിപരമായി വളരെ അടുത്തറിയുകയും സ്‌നേഹിക്കുകയും ഇടപഴകുകയും ചെയ്ത മനുഷ്യരെന്ന നിലയില്‍ അവരെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റേത്'.രാഷ്ട്രീയ വാര്‍ത്ത

അതേ ലേഖനത്തില്‍ മറ്റൊരു പ്രധാന കാര്യം കൂടി സോണിയ പറയുന്നുണ്ട്: ''ഇന്ത്യയില്‍ അഞ്ചു പതിറ്റാണ്ടിലേറെക്കാലം നേരിട്ടറിഞ്ഞ മാറ്റങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദ്യം സമൂഹത്തിന്റെ അരികില്‍നിന്നും പിന്നീട് അതിന്റെ കേന്ദ്രത്തില്‍നിന്നും ഒരു രാജ്യത്തിന്റെ വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിച്ചു. ആ യാത്രയുടെയും സ്വന്തം വീടായി ഞാന്‍ സ്വീകരിച്ച ഈ രാജ്യത്തിന്റെയും വിവരണവും കൂടിയാകും പ്രസിദ്ധീകൃതമാകാന്‍ പോകുന്ന പുസ്തകം'.
പുസ്തകത്തിന്റെ ആത്മാവ് മനസ്സിലാക്കാന്‍ ഇതിലപ്പുറം ഒരു വിശദീരണത്തിന്റെ ആവശ്യമില്ല. സോണിയയുടെ ആത്മകഥയെ വ്യക്തിജീവിതം, കുടുംബജീവിതം, രാഷ്ട്രീയ ജീവിതം എന്നിങ്ങനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം, കേംബ്രിഡ്ജിലെ വിദ്യാര്‍ഥിജീവിതം, രാജീവുമായുള്ള പ്രണയം, വിവാഹം, ഇന്ത്യയുടെ മരുമകളായുള്ള വരവ്, എന്നിവയാണ് ഒന്നാം ഭാഗത്തെ പ്രതിപാദ്യം. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം, രാജീവ് ഗാന്ധിയുടെ ജീവിതം, സഞ്ജയ് ഗാന്ധിയുടെ മരണം, ഇന്ദിരയുടെയും രാജീവിന്റെയും വധങ്ങള്‍, ഇവയെല്ലാമാണ് രണ്ടാംഭാഗത്ത് വരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തത്, 2004-ല്‍ പ്രധാനമന്ത്രിപദം നിരസിച്ചത്, തുടര്‍ന്നുള്ള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സ്ഥിതിഗതികള്‍, തുടങ്ങിയവ മൂന്നാം ഭാഗത്ത് വിശകലനം ചെയ്യുന്നു.


സോണിയ ഗാന്ധി തന്റെ ജീവിതത്തെ വെറും രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായല്ല അവതരിപ്പിക്കുന്നത്. ഒരു ഇറ്റാലിയന്‍ പെണ്‍കുട്ടി എങ്ങനെയാണ് ഇന്ത്യയെ സ്വന്തം വീടായി സ്വീകരിച്ചത്, കുടുംബത്തിലെ സ്‌നേഹവും നഷ്ടങ്ങളും എങ്ങനെയാണ് അവരെ പൊതുജീവിതത്തിലേക്ക് നയിച്ചത്, എന്നെല്ലാമുള്ള കാര്യങ്ങള്‍ സ്വാഭാവികത ചോര്‍ന്നു പോകാതെയാണ് സോണിയ വിശദീകരിക്കുന്നത്. പിതാവ് സ്റ്റെഫാനോ മൈനോയുമായുള്ള ബന്ധവും കുടുംബത്തിന്റെ പശ്ചാത്തലവും, കേംബ്രിഡ്ജിലെ പഠന നാളുകളും, 1965-ല്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും, വ്യത്യസ്ത രാജ്യങ്ങളും സംസ്‌കാരങ്ങളും കുടുംബപശ്ചാത്തലങ്ങളും തമ്മിലുള്ള അകലം മറികടന്ന് രാജീവിന്റെ ജീവിതപങ്കാളിയായതുമെല്ലാം, ഒന്നാം അദ്ധ്യായത്തെ സമൃദ്ധമാക്കുന്നു.


ആദ്യകാല ജീവിത വിവരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില വരികള്‍ അവരുടെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ കാണാം. ഒരു സാധാരണ ഇറ്റാലിയന്‍ കുടുംബത്തിലാണ് സോണിയ ജനിച്ചത്. പരസ്പര ബന്ധവും ഒത്തിണക്കവുമുള്ള കുടുംബ സാഹചര്യത്തില്‍ വളര്‍ന്നു. യാഥാസ്ഥികമായിരുന്നെങ്കിലും, വിശ്വസ്തത, അനുസരണം, എളിമ, സത്യസന്ധത, ഉദാരത, മുതിര്‍ന്നവരോടുള്ള ആദരവ്, തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അവരുടെ കുടുംബം അടിസ്ഥാനപരമായി ഒരു പരമ്പരാഗത ഇന്ത്യന്‍ കുടുംബത്തില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല.
പിതാവ് സ്റ്റെഫാനോ മൈനോയെ കുറിച്ച് പറയുമ്പോള്‍ സോണിയയുടെ വാക്കുകളില്‍ ഒരു വൈകാരിക തലം പ്രകടമാണ്. സ്‌നേഹവും കര്‍ശനമായ പിതൃഅധികാരവും ചേര്‍ന്നതാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധം. പ്രായം കൂടുന്തോറും പിതാവിന്റെ കര്‍ശനമായ പെരുമാറ്റത്തിനു പിന്നിലെ പരുപരുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും സോണിയ തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് പിതാവിന്റെ കര്‍ക്കശമായ പെരുമാറ്റം അവരെ വേദനിപ്പിച്ചത് സത്യം. എന്നാല്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതസമരവും കുടുംബത്തോടുള്ള ഉത്തരവാദിത്വ ബോധവും സോണിയ മനസ്സിലാക്കി. അദ്ദേഹത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കു പിന്നില്‍ കുടുംബത്തിന് സമൂഹത്തില്‍ മാന്യതയും ആദരവും നേടിക്കൊടുക്കണമെന്ന താല്‍പര്യമാണെന്ന് തിരിച്ചറിഞ്ഞു. ഒരു മധ്യവര്‍ഗ്ഗ ഇന്ത്യന്‍ കുടുംബത്തിലെ കുടുംബനാഥനില്‍ നിന്ന് ഒട്ടും വ്യത്യസ്തനായിരുന്നില്ല സോണിയയുടെ പിതാവെന്നര്‍ത്ഥം. പുറമെ പരുഷമെങ്കിലും അകം സ്‌നേഹനിര്‍ഭരം

കേംബ്രിഡ്ജിലെ വിദ്യാര്‍ഥിജീവിതത്തെ കുറിച്ച സോണിയ ഗാന്ധിയുടെ നിരീക്ഷണം ഇപ്രകാരമാണ്: ഇംഗ്ലണ്ടിലെ ഭക്ഷണം അക്കാലത്ത് അത്ര രുചികരമല്ല. ഇഷ്ടപ്പെട്ട ഇറ്റാലിയന്‍ ഭക്ഷണം അന്വേഷിച്ചെത്തിയത് ചെറിയൊരു ഗ്രീക്ക് റെസ്റ്റോറന്റിലാണ്. സോണിയയുടെ ജീവിതത്തില്‍ വരിത്തിരിവായ ആ റസ്റ്റോറന്റില്‍ വെച്ചാണ്, തന്റെ പ്രിയതമനെ സോണിയ ആദ്യമായി കണ്ടത്. വാക്കുകളെക്കാള്‍ അവരുടെ കണ്ണുകള്‍ വാചാലമായ നിമിഷങ്ങള്‍. അന്നാണ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച പ്രണയം മൊട്ടിട്ടത്. രാജീവിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ, ആ മുഖവും ചിരിയും പെരുമാറ്റവും സോണിയയുടെ മനസ്സില്‍ ഗാഢമായി പതിഞ്ഞു. താന്‍ തേടുന്ന ജീവിതപങ്കാളിയെ അവര്‍ രാജീവില്‍ കണ്ടു. ഇടക്കിടെയുള്ള കൂടിക്കാഴ്ച്ചകള്‍ ഇരുവരെയും പിരിയാത്ത സുഹൃത്തുക്കളാക്കി. സൗഹൃദം പ്രണയമായി വളര്‍ന്നു. രാജീവിന്റെ സൗന്ദര്യത്തെക്കാള്‍ ആഴത്തില്‍ സോണിയയെ സ്പര്‍ശിച്ചത്, രാജീവിന്റെ മുഖത്ത് പ്രകടമായ സൗമ്യഭാവമാണ്.
നിഷ്‌കളങ്കമായ രാജീവിന്റെ പ്രകൃതവും ചിരിയും എല്ലാവരെയുമെന്ന പോലെ സോണിയയേയും ഏറെ ആകര്‍ഷിച്ചു.
ഒന്നാം അധ്യായത്തിന്റെ അവസാന ഭാഗത്ത് വ്യത്യസ്ത രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍, കുടുംബപശ്ചാത്തലങ്ങള്‍ എന്നിവയ്ക്കിടയിലെ അകലം മറികടന്ന് രാജീവിനൊപ്പം ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള സോണിയയുടെ ഉള്‍ക്കടമായ ആഗ്രഹമാണ് പ്രതിഫലിക്കുന്നത്. രാജീവിനെ സ്‌നേഹിക്കുക എന്നത് വെറുമൊരു പ്രണയത്തില്‍ ഒതുക്കാവുന്നതല്ല. തികച്ചും അപരിചിതമായ ഒരു രാജ്യത്തെയും സംസ്‌കാരത്തെയും ജീവിതരീതികളേയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനവും കൂടിയാണെന്ന് സോണിയക്ക് ബോദ്ധ്യമായി. ജന്മനാടും കുടുംബവും ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ കരുത്തില്‍ പുതിയൊരു ലോകത്തേക്ക് പ്രവേശിക്കാന്‍ സോണിയ തയ്യാറായി. 1968, ഫെബ്രുവരി 28-ന്- രാജീവും സോണിയയും വിവാഹിതരായി. 1969 ജനുവരി 18-ന് സോണിയ ആദ്യ കുഞ്ഞിന് ജന്‍മം നല്‍കി. മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ച പൈതലിന്റെ ആദ്യത്തെ കരച്ചില്‍ സോണിയ കേട്ടു.


കുഞ്ഞിനെക്കുറിച്ച് സോണിയ ആത്മകഥയില്‍ വിവരിക്കുന്നത് ഹൃദയസ്പര്‍ശിയായാണ്: കറുത്തു സമൃദ്ധമായ മുടിയും, നീണ്ടു മെലിഞ്ഞ വിരലുകളുമുള്ള, പൂര്‍ണരൂപം കൈവരിച്ച ഒരു ചെറിയ ആണ്‍കുഞ്ഞ്. ആദ്യമായി കണ്ടപ്പോള്‍ത്തന്നെ കുഞ്ഞിനോട് അതിരറ്റ സ്‌നേഹം തോന്നി. എന്നാല്‍ കുഞ്ഞിന്റെ അതിജീവനസാധ്യതയെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുഞ്ഞ് മരിച്ചു. പിറ്റേന്ന് രാവിലെ 6.30-നാണ് മരണവാര്‍ത്ത രാജീവ് സോണിയയെ അറിയിച്ചത്. ഇരുവരും തകര്‍ന്നുപോയി. രാജീവ് പോലും നിയന്ത്രണംവിട്ട് കരഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന കാര്യത്തില്‍ കുടുംബത്തിന് ആശയക്കുഴപ്പമുണ്ടായി. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി ദഹിപ്പിക്കുകയല്ല, നദിയില്‍ ഒഴുക്കിവിടുകയാണ് ചെയ്യാറുള്ളതെന്ന് രാജീവ് സോണിയയെ ധരിപ്പിച്ചു. ഇതുകേട്ടപാടെ സോണിയ വല്ലാതെ അസ്വസ്ഥയായി. ഒരിക്കല്‍ രാജീവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓഖ്ല ബാരേജിന് സമീപം പോയപ്പോള്‍ നദിയില്‍ ഒഴുകിയെത്തി മാലിന്യക്കൂട്ടത്തില്‍ കുടുങ്ങിയ ഒരു പുരുഷന്റെ മൃതദേഹം അവര്‍ കണ്ടിരുന്നു. അതിന്റെ സമീപത്ത് വിശന്ന നായ്ക്കള്‍ മൃതദേഹം വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന കാഴ്ച കണ്ട് സോണിയ ഭയപ്പെട്ടിരുന്നു. തന്റെ കുഞ്ഞിനും ആ ഗതി വരുമോ എന്ന് അവര്‍ ഭയപ്പെട്ടു. അത്തരമൊരു കാഴ്ച സങ്കല്‍പ്പിക്കാന്‍ പോലും സോണിയക്ക് കഴിഞ്ഞില്ല.


കുഞ്ഞിനെ നദിയില്‍ ഒഴുക്കിവിടാന്‍ ആ അമ്മമനസ്സ് അനുവദിച്ചില്ല. നദിയില്‍ കുട്ടിയെ ഒഴുക്കേണ്ടെന്ന് സോണിയ ശഠിച്ച് പറഞ്ഞു. ഒടുവില്‍ രാജീവും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ചേര്‍ന്ന്ഡ ല്‍ഹിയിലെ മെഹ്റൗളിയിലുള്ള അച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ഫാമില്‍ കുഞ്ഞിനെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. അവിടെ പൂത്തുനിന്നിരുന്ന മനോഹരമായ ഒരു പിങ്ക് ബോഗന്‍വില്ലിയ ചെടിയുടെ ചുവട്ടില്‍, അതിന്റെ വേരുകള്‍ക്കടിയിലായി കുഞ്ഞിനെ അടക്കം ചെയ്തു.
പിന്നീട് രാജീവും സോണിയയും ആ ഫാം സന്ദര്‍ശിക്കുമ്പോഴെല്ലാം അല്‍പ്പനേരം കുഴിമാടത്തിലെത്തി പൂ വെക്കല്‍ പതിവാക്കി. അത് അവരുടെ സ്വകാര്യമായ ഓര്‍മാചരണമായി മാറി.


ഈ ദുരന്തം സോണിയയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയത്. തന്റെ ഗര്‍ഭകാലത്ത് എന്തെങ്കിലും തെറ്റുകള്‍ ചെയ്തതു കൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന കുറ്റബോധവും വ്യസനവും മാസങ്ങളോളം അവരെ വേട്ടയാടി. പിന്നീട് വീണ്ടും ഗര്‍ഭിണിയായ സോണിയ, 1970 ജൂണ്‍ 19-ന് രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കിയതോടെയാണ്, ആദ്യകുഞ്ഞ് നഷ്ടപ്പെട്ടതിന്റെ തീരാവിഷമത്തില്‍ നിന്ന് ഒരുപരിധിവരെ സോണിയ മുക്തയായത്.
(തുടരും)