വിദേശ തൊഴില്‍ കുടിയേറ്റ, നിയമബോധവത്കരണ വര്‍ക്ക്ഷോപ്പുമായി നോർക്ക 

നോര്‍ക്ക എന്‍ ആര്‍ കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റ, നിയമബോധവത്കരണ വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും.
 

നോര്‍ക്ക എന്‍ ആര്‍ കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റ, നിയമബോധവത്കരണ വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ 10 മുതല്‍ 12.30 വരെ തൈക്കാട് കിറ്റ്സ് ക്യാമ്പസ് ഹാളിലാണ് പരിപാടി.

നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കിറ്റ്സ് (KITTS) ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്‍ ആശംസ അറിയിക്കും. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രതിനിധി ഡോ. എല്‍സാ ഉമ്മന്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO) നാഷണല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. നേഹ വാധ്വാന്‍, മാധ്യമപ്രവര്‍ത്തകരും ലോകകേരള സഭാ പ്രതിനിധികളുമായ അനുപമ വെങ്കിടേശ്വരന്‍, താന്‍സി ഹാഷിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി റ്റി സ്വാഗതവും കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ നന്ദിയും പറയും.

വിദേശത്തേയ്ക്ക് ഉപരിപഠനത്തിനോ തൊഴിലിനോ പോകുന്ന വനിതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചും സുരക്ഷിതമായ തൊഴില്‍കുടിയേറ്റ നടപടിക്രമങ്ങള്‍ സംബന്ധിച്ചും ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയരായ വനിതകളുടെ സുരക്ഷിതമായ വിദേശകുടിയേറ്റത്തിനും പ്രവാസികേരളീയരുടെ പരാതികളില്‍ തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായുളള ഏകജാലകസംവിധാനമാണ് തൈക്കാട് നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക എന്‍ ആര്‍ കെ വനിതാ സെല്‍. കൂടുതല്‍ വിവരങ്ങള്‍ക്കോ പരാതികള്‍ അറിയിക്കുന്നതിനോ വനിതാസെല്ലിന്റെ 0471-2770540, +91-9446180540 (വാട്സാപ്പ്) നമ്പറുകളിലോ womencell.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.