ഹരിപ്പാട് കോൺക്രീറ്റിംഗിനിടെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്

 ഹരിപ്പാട് കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ നിർമ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഏപ്രിൽ 13ന് വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.

 

 ഹരിപ്പാട് കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ നിർമ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഏപ്രിൽ 13ന് വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയുടെ കോൺക്രീറ്റ് ജോലികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മലയാളി തൊഴിലാളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുമ്പോഴാണ് ബീമിന് സ്ഥാനചലനം സംഭവിച്ചത്. ഇതോടെ താങ്ങുകൾ തെറ്റുകയും മേൽക്കൂര താഴേക്ക് പതിക്കുകയുമായിരുന്നു. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുൾപ്പെടുന്ന ഭാഗത്തെ കോൺക്രീറ്റിംഗാണ് നടന്നുകൊണ്ടിരുന്നത്. തിരുവനന്തപുരം സ്വദേശിയായ കരാറുകാരനാണ് ഈ നിർമ്മാണത്തിന്റെ ചുമതല നിർവഹിച്ചിരുന്നത്.

സംഭവസമയത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. നിലവിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തകർന്നു വീണ ഭാഗത്തെ കമ്പികൾ മുറിച്ചുമാറ്റി പുതിയ ബീമുകൾ സ്ഥാപിച്ച ശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. നിർമ്മാണത്തിലെ അപാകതകളാണോ അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണ്.